| Tuesday, 23rd September 2025, 8:48 am

മിറാഷിന് ട്വിസ്റ്റ് കൂടി പോയെന്ന് പറയുന്നത് കേട്ടു; എല്ലാത്തിനും അതിന്റേതായ ഗുണവും ദോഷവുമുണ്ട്: ജീത്തു ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംവിധായകരെ നോക്കി പ്രേക്ഷകര്‍ സിനിമ കാണുന്നതില്‍ ഗുണവും ദോഷവുമുണ്ടാകുമെന്ന് ജീത്തു ജോസഫ്. ആദ്യം അഭിനേതാക്കളെ നോക്കി മാത്രമാണ് ആളുകള്‍ സിനിമയ്ക്ക് വന്നിരുന്നതെന്നും എന്നാല്‍ ഇപ്പോള്‍ സംവിധായകരെയും അധികം പേരും ശ്രദ്ധിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ ഇപ്പോള്‍ ചില സിനിമാറ്റോഗ്രാഫര്‍മാരെയും ടെക്യനീഷ്യന്‍സിനെയുമെല്ലാം പ്രേക്ഷകര്‍ ശ്രദ്ധിക്കാറുണ്ട്. അതിന്റെ കാരണം സോഷ്യല്‍ മീഡിയ കൂടുതല്‍ ആക്റ്റീവായതാണ്. സംവിധായകരെ നോക്കി സിനിമ കാണാന്‍ വരുന്നതില്‍ ഗുണവും ദോഷവുമുണ്ട്.

എല്ലാവരും അമിത പ്രതീക്ഷയുമായി വരും അതാണ് ഒരു ദോഷം. ഇന്ന ആളുകളുടെ സിനിമയാണ് അതിന് ഒരു മിനിമം ഗ്യാരണ്ടി ഉണ്ടാകുമെന്ന വിശ്വാസത്തിന്റെ പുറത്ത് പലരും വരും അതാണ് ഒരു ഗുണം. അങ്ങനെ വരുമ്പോഴും വലിയ പ്രതീക്ഷയോടെയാണ് വരുന്നത്.

എന്റെ സിനിമയാകുമ്പോള്‍ ട്വിസ്റ്റ് ഉണ്ടാകുമെന്ന് വിചാരിക്കും. മിറാഷിന്റെ കാര്യത്തില്‍ കുറച്ച് ട്വിസ്റ്റ് കൂടിപോയന്നാണ് പലരും പറഞ്ഞത്. പിന്നെ ചിലര്‍ പറയുന്നത് ഈ ട്വിസ്റ്റ് പ്രഡിക്റ്റബിളായിരുന്നു എന്നാണ്. അങ്ങനെ എല്ലാ ട്വിസ്റ്റും പ്രഡിക്റ്റ് ചെയ്യില്ലെന്നൊന്നും ഞങ്ങള്‍ അവകാശപ്പെടുന്നില്ല.

ആളുകളുടെ ഇമോഷനെ കയറ്റിയും ഇറക്കിയും ഒരു ഇമോഷണല്‍ റൈഡില്‍ കൊണ്ടുപോകുക എന്നതാണ് ട്വിസ്റ്റിന്റെ പര്‍പ്പസ്. അത് ചിലര്‍ക്ക് വര്‍ക്കാക്കും ചിലര്‍ക്ക് വര്‍ക്കാവില്ല,’ ജീത്തു പറയുന്നു.

ശ്രീനിവാസന്‍ അബ്രോളും ജീത്തു ജോസഫും ചേര്‍ന്ന് തിരക്കഥയൊരുക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത മിറാഷ് സെപ്റ്റംബര്‍ 19നാണ് തിയേറ്ററുകളില്‍ എത്തിയത്. സിനിമയില്‍ ആസിഫ് അലിയും അപര്‍ണ ബാലമുരളിയും പ്രധാനവേഷത്തില്‍ അഭിനയിക്കുന്നു. കൂമന് ശേഷം ആസിഫ് അലിയും ജീത്തു ജോസഫും ഒന്നിച്ച ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ജീത്തു ജോസഫ്.

Content highlight: Jeethu Joseph says there are pros and cons to audiences coming to watch movies based on directors

We use cookies to give you the best possible experience. Learn more