| Tuesday, 4th November 2025, 3:40 pm

വര്‍ഷത്തിലൊരു സിനിമ ചെയ്യാനാണ് എനിക്കിഷ്ടം; വാക്ക് പാലിക്കുക എന്നുള്ള കാര്യം ഞാന്‍ എപ്പോഴും കൊണ്ട് നടക്കുന്നതാണ്: ജീത്തു ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വര്‍ഷത്തിലൊരു സിനിമ ചെയ്യാം എന്നായിരുന്നു തന്റെ ആഗ്രഹമെന്ന് സംവിധായകന്‍ ജീത്തു ജോസഫ്. എന്നാല്‍ ദൃശ്യം സിനിമക്ക് ശേഷം ധാരാളം അവസരങ്ങള്‍ വന്ന് തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. നാന മാഗസിനുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജീത്തു.

‘സത്യം പറഞ്ഞാല്‍ എന്റെ ആഗ്രഹം അധികം സിനിമകള്‍ ചെയ്യേണ്ട, വര്‍ഷത്തിലൊരു സിനിമയൊക്കെ ചെയ്യാനാണ്. പക്ഷേ ദൃശ്യം സിനിമയൊക്കെ കഴിഞ്ഞതിന് ശേഷം ഒരുപാട് പ്രോജക്ടുകള്‍ വരാന്‍ തുടങ്ങി. എന്നോട് പിന്നെ കുറേപ്പേര്‍ പറഞ്ഞു ‘ലൈഫില്‍ അവസരങ്ങള്‍ വരുമ്പോള്‍ അതിനെ തട്ടിക്കളഞ്ഞു കഴിഞ്ഞാല്‍ പിന്നെ അത് വരണമെന്നില്ല’എന്ന്. അങ്ങനെയാണ് ഞാന്‍ ആലോചിച്ചത് ശരി പണിയെടുക്കാം എന്ന്. അങ്ങനെ ഒരു വര്‍ഷം നാല് സിനിമ ചെയ്തു,’ ജീത്തു ജോസഫ് പറയുന്നു.

പിന്നെ വാക്ക് പാലിക്കുക എന്നുള്ള കാര്യം താന്‍ എപ്പോഴും കൊണ്ടുനടക്കുന്നതാണെന്നും. തനിക്ക് പൈസ തരുന്ന നിര്‍മാതാക്കളെക്കുറിച്ച് തനിക്ക് ആലോചിക്കണ്ട, അവരോട് തനിക്ക് കാത്തിരിക്കാന്‍ പറയാന്‍ പറ്റില്ല ല്ലോയെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഇപ്പോള്‍ കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നും എന്നാല്‍ താന്‍ അവരോട് നീതി പുലര്‍ത്തി എന്നുള്ളതാണ് തന്റെ സന്തോഷമെന്നും ജീത്തു കൂട്ടിച്ചേര്‍ത്തു.

‘അതുകൊണ്ട് തന്നെ എന്റെ നിര്‍മാതാക്കള്‍ക്ക് ഒക്കെ എന്നോട് ഒരു വിശ്വാസമുണ്ട്. അത് ഞാന്‍ തകര്‍ക്കില്ല. പല കഥകള്‍ പറഞ്ഞ് പുതിയ തലമുറയിലെ ആളുകള്‍ എന്റെ അടുത്തേക്ക് വരാറുണ്ട്. എനിക്ക് കഥ കേള്‍ക്കാന്‍ സമയമില്ലെങ്കിലും ഞാന്‍ അതിനുവേണ്ടി ഒരു ടീമിനെ ഏര്‍പ്പാടാക്കിയിട്ടുണ്ട്,’ ജീത്തു പറഞ്ഞു.

Content highlight: Jeethu Joseph says  I like to do one film a year; I always stick to my word

We use cookies to give you the best possible experience. Learn more