മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റ് ഫ്രാഞ്ചൈസികളിലൊന്നായ ദൃശ്യം 3 ബോക്സ് ഓഫീസിൽ റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. കുട്ടികൾ മുതൽ മുതിർന്നവർ വരെ പ്രായഭേദമന്യേ ജോർജ്ജുകുട്ടിയുടെ മൂന്നാം വരവ് നെഞ്ചിലേറ്റി കഴിഞ്ഞു.
ജോർജുകുട്ടിയെയും കുടുംബത്തെയും നെഞ്ചിലേറ്റിയ മലയാളി പ്രേക്ഷകർ, വർഷങ്ങൾക്കിപ്പുറവും ആ സ്നേഹം ഒട്ടും കുറച്ചിട്ടില്ലെന്ന് തെളിയിക്കുകയാണ്.
മലയാള സിനിമയിലെ സസ്പെൻസ് ത്രില്ലറുകളെ മാറ്റിയെഴുതിയ ചിത്രമായിരുന്നു 2013-ൽ പുറത്തിറങ്ങിയ ‘ദൃശ്യം’. മലയാളികൾക്ക് മറക്കാനാകാത്ത ആ ക്ലാസിക് സിനിമാ അനുഭവം സമ്മാനിച്ച പ്രിയ സംവിധായകനാണ് ജീത്തു ജോസഫ്. ഇപ്പോൾ ‘ദൃശ്യം 3’ തിയേറ്ററുകളിൽ വൻ വിജയമായി മുന്നേറുമ്പോൾ, ചിത്രത്തിന്റെ വിശേഷങ്ങളും പ്രേക്ഷക പ്രതികരണങ്ങളും പങ്കുവെക്കുകയാണ് അദ്ദേഹം.
ദൃശ്യം 3.Photo:Imdb
നിരവധി അമ്മമാരും സ്ത്രീകളും സിനിമ ഇഷ്ടമായി എന്ന് പറഞ്ഞു വിളിക്കാറുണ്ടെന്നും, തിയേറ്ററിൽ പോകാതിരുന്ന പലരും ദൃശ്യം 3 കാണാൻ വർഷങ്ങൾക്ക് ശേഷം തിയേറ്ററിൽ പോയി എന്നും അത് സിനിമക്ക് ലഭിക്കുന്ന അംഗീകാരമായി കാണുന്നുവെന്നും ജീത്തു ജോസഫ് പറയുന്നു. ക്ലബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ദൃശ്യം ആദ്യ ഭാഗത്തിന്റെ സമയത്ത് വന്നതുപോലെയുള്ള കോളുകളാണ് ഇപ്പോൾ വരുന്നത്. അന്ന് 12 ഉം 13 ഉം വർഷങ്ങൾക്ക് ശേഷം തിയേറ്ററിൽ വന്നവരുണ്ടാരിരുന്നു. ഇത്തവണ 24 വർഷങ്ങൾക്ക് ശേഷം ‘ദൃശ്യം 3’ കാണാൻ തിയേറ്ററിലെത്തിയ ഒരു വീട്ടമ്മയെക്കുറിച്ച് അറിയാൻ സാധിച്ചു. ‘ദൃശ്യം’ എന്ന സിനിമയ്ക്ക് പ്രേക്ഷകർ നൽകുന്ന വലിയൊരു അംഗീകാരമാണിത്. ഇതിന്റെ പിന്നിലെ എഴുത്തുകാരൻ എന്ന നിലയിൽ എനിക്ക് ഏറെ അഭിമാനമുണ്ട്. സിനിമ കണ്ട് ഇഷ്ടപ്പെട്ട പലരും ഇപ്പോൾ തന്നെ നാലാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണെന്ന് പറയുന്നു. ‘ദൃശ്യം 3′ പ്രേക്ഷകരിലേക്ക് എത്തിക്കാൻ കഴിഞ്ഞതിൽ ഇപ്പോൾ പൂർണ സംതൃപ്തിയുണ്ട്.’ ജീത്തു ജോസഫ് പറയുന്നു.
ദൃശ്യം 3.Photo:Imdb
‘ദൃശ്യം 3’ നിറഞ്ഞ കയ്യടികളോടെ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. കേരളത്തിന് പുറമെ ആഗോളതലത്തിലും ബോക്സ് ഓഫീസിലെ കളക്ഷൻ റെക്കോർഡുകൾ തിരുത്തിക്കുറിക്കുകയാണ് ചിത്രം.
Content Highlight: Jeethu Joseph says a housewife visited a theater after 24 years to watch Drishyam 3