| Saturday, 1st November 2025, 4:22 pm

ദൃശ്യത്തിന് തുടര്‍ഭാഗങ്ങള്‍ വേണമെന്ന നിര്‍ബന്ധം ഉണ്ടായിരുന്നില്ല; രണ്ടാം ഭാഗത്തിനെക്കാള്‍ മികച്ചതാകും 3 എന്ന അഭിപ്രായമെനിക്ക് ഇല്ല: ജീത്തു ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദൃശ്യം സിനിമയുടെ തുടര്‍ഭാഗങ്ങള്‍ വേണമെന്ന് തനിക്ക് ഒരു നിര്‍ബന്ധവും ഉണ്ടായിരുന്നില്ലെന്ന് സംവിധായകന്‍ ജീത്തു ജോസഫ്. നാന മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിനിമ ഹിറ്റ് ആയപ്പോള്‍ എല്ലാവരും തന്നോട് ചോദിച്ചത് ഇതിന് തുടര്‍ഭാഗങ്ങള്‍ ഉണ്ടോ എന്നാണെന്നും താന്‍ ആലോചിച്ചപ്പോള്‍ കഥയ്ക്കുള്ള വഴികള്‍ ഉണ്ടായിരുന്നുവെന്നും ജീത്തു പറഞ്ഞു. അങ്ങനെയാണ് രണ്ടാം ഭാഗം ഉണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘അതിന് ശേഷം മൂന്നാം ഭാഗത്തിന്റെ സാധ്യതയുണ്ടോ എന്നു ചോദിച്ചാല്‍ എനിക്ക് ആദ്യം ഉത്തരം ഉണ്ടായിരുന്നില്ല. പിന്നീട് ആലോചിച്ചപ്പോള്‍ സാധ്യത കിട്ടി. അങ്ങനെയാണ് ഇപ്പോള്‍ മുന്നോട്ടുപോകുന്നത്. പലരും പറയുന്നത് കേട്ടു മൂന്നാം ഭാഗം രണ്ടാം ഭാഗത്തേക്കാള്‍ മികച്ചതായിരിക്കും എന്നൊക്കെ. പക്ഷേ എനിക്ക് അങ്ങനെ വലിയ പ്ലാനുകള്‍ ഒന്നുമില്ല.

ജോര്‍ജുകുട്ടി എന്ന ഒരാളുടെ ജീവിതത്തില്‍ ഇനി എന്തെല്ലാം നടക്കാം എന്നുള്ളത് ആലോചിച്ച് നോക്കിയപ്പോള്‍ കിട്ടിയ ഐഡിയകളാണ്. അത് വച്ച് കൊണ്ട് നമ്മള്‍ കഥ എഴുതുന്നു. അതാണ് ദൃശ്യം മൂന്ന്. മൂന്നാം ഭാഗം രണ്ടാം ഭാഗത്തേക്കാള്‍ മികച്ചതാണ് എന്നുള്ള വലിയ പ്രതീക്ഷകള്‍ ആയി വന്നാല്‍ നിരാശയേ ഫലമുള്ളൂ എന്ന് ഞാന്‍ തുറന്നുപറയുന്നു. പക്ഷേ പ്രേക്ഷകര്‍ക്ക് തൃപ്തി തരുന്നതായിരിക്കും കഥ എന്നെനിക്ക് ഉറപ്പ് തരാന്‍ കഴിയും,’ജീത്തു ജോസഫ് പറയുന്നു.

ഇന്ത്യന്‍ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. ജീത്തു ജോസഫ്- മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസ്‌ക് ഫ്രാഞ്ചൈസിയിലെ മൂന്നാമത്തെ ചിത്രമാണിത്. മോളിവുഡിലെ സകല കളക്ഷന്‍ റെക്കോഡുകളും തകര്‍ക്കാന്‍ കെല്പുള്ള പ്രൊജക്ടായാണ് ദൃശ്യം 3യെ കണക്കാക്കുന്നത്.

Content highlight: Jeethu Joseph says he was not in any way compelled to make sequels to the film Drishyam  

We use cookies to give you the best possible experience. Learn more