മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയരായ സംവിധായകരിൽ ഒരാളാണ് ജീത്തു ജോസഫ്. സസ്‌പെൻസ്-ത്രില്ലർ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയ അദ്ദേഹം, സിനിമയെക്കുറിച്ചും തന്റെ വ്യക്തിപരമായ ആഗ്രഹങ്ങളെക്കുറിച്ചും തുറന്നു സംസാരിച്ചിരിക്കുകയാണ്. റിപ്പോർട്ടർ ഫിലിമിന്റെ റാപ്പിഡ് ഫയർ സെക്ഷനിൽ പങ്കെടുത്തപ്പോഴായിരുന്നു ജീത്തുവിന്റെ പ്രതികരണം.
‘ദൃശ്യം’ എന്ന ചിത്രത്തിന് മറ്റൊരു പേര് നൽകേണ്ടി വന്നാൽ എന്തായിരിക്കും എന്ന ചോദ്യത്തിന്, അതിനെക്കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ദൃശ്യം3, Photo: IMDb
ചിത്രത്തിന്റെ കഥയുമായി ഏറ്റവും അനുയോജ്യമായി ചേരുന്ന പേരാണ് ‘ദൃശ്യം’ എന്നും അതിന് പകരം മറ്റൊരു പേര് ചിന്തിക്കാൻ പോലും കഴിയില്ലെന്നും ജീത്തു പറഞ്ഞു. പലരും തമാശയായി ‘മൈ ഫാമിലി’ എന്ന പേര് നിർദേശിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ദൃശ്യം’ സിനിമയിൽ മോഹൻലാലിന് പകരം മമ്മൂട്ടി ആയിരുന്നുവെങ്കിൽ കഥയിൽ മാറ്റമുണ്ടാകുമായിരുന്നോ എന്ന ചോദ്യത്തിനും ജീത്തു മറുപടി നൽകി. കഥയിൽ യാതൊരു മാറ്റവും ഉണ്ടാകില്ലായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. എന്നാൽ മമ്മൂട്ടി തന്റെ അഭിനയശൈലിയിൽ ആ കഥാപാത്രത്തെ അവതരിപ്പിക്കുമായിരുന്നുവെന്നും അതിലൂടെ മറ്റൊരു ഭാവം ചിത്രത്തിന് ലഭിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തന്റെ സിനിമകളിൽ കൂടുതൽ ആളുകൾ കാണേണ്ടിയിരുന്ന ഒരു ചിത്രം ഏതാണ് എന്ന ചോദ്യത്തിന് ജീത്തു മടിയില്ലാതെ ‘വലതു വശത്തെ കള്ളൻ’ എന്ന ചിത്രത്തിന്റെ പേരാണ് പറഞ്ഞത്. ആ സിനിമയ്ക്ക് വേണ്ടത്ര പ്രേക്ഷകശ്രദ്ധ ലഭിക്കാതിരുന്നത് ഇന്നും തനിക്ക് വലിയ സങ്കടമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
വലതു വശത്തെ കള്ളൻ, Photo: IMDb
‘വലതു വശത്തെ കള്ളൻ ആളുകൾ കാണാതെ പോയത് എനിക്ക് വളരെയധികം വിഷമമായി. അത് ഞങ്ങൾ ഏറെ പ്രതീക്ഷയോടെ ചെയ്ത സിനിമയായിരുന്നു. മികച്ച കഥാപാത്രങ്ങളും നല്ല കഥയും അതിലുണ്ടായിരുന്നു. ആ ചിത്രം കൂടുതൽ ആളുകളിലേക്ക് എത്തേണ്ടതായിരുന്നു,’ എന്നാണ് ജീത്തു പറഞ്ഞത്.
സിനിമയ്ക്കപ്പുറമുള്ള ജീവിതത്തെക്കുറിച്ചും അദ്ദേഹം മനസ് തുറന്നു. വായന ഇപ്പോൾ വളരെ കുറവാണെന്നും അതിൽ മാറ്റം വരുത്തണമെന്ന ആഗ്രഹമുണ്ടെന്നും ജീത്തു പറഞ്ഞു. ഫിലിംമേക്കർ എന്ന തിരിച്ചറിയലിൽ നിന്ന് കുറച്ചെങ്കിലും മാറി സാധാരണ മനുഷ്യനായി ജീവിക്കണമെന്നും കൂടുതൽ സമയം നോവലുകളും പുസ്തകങ്ങളും വായിച്ച് ചെലവഴിക്കണമെന്നുമാണ് തന്റെ ആഗ്രഹമെന്ന് അദ്ദേഹം വ്യക്തമാക്കി.
‘ഫിലിംമേക്കർ എന്നതിൽ നിന്ന് ഇറങ്ങി ഒരു നോർമൽ മനുഷ്യനായി ജീവിക്കണം. നോവലുകൾ വായിച്ചും ശാന്തമായി സമയം ചെലവഴിച്ചും ഇരിക്കണമെന്നുണ്ട്. അതിനായി ശ്രമിക്കുന്നുണ്ട്. പക്ഷേ അത് പൂർണമായി നടത്താൻ കഴിഞ്ഞിട്ടില്ല,’ എന്നാണ് ജീത്തു ജോസഫ് പറഞ്ഞത്.
Content Highlight: Jeethu Joseph says he should move away from the label of filmmaker and live as a normal human being