മലയാള സിനിമയിൽ ത്രില്ലർ ചിത്രങ്ങൾക്ക് പുതിയ ഭാവം നൽകിയ സംവിധായകരിൽ ശ്രദ്ധേയനായ പേരാണ് ജീത്തു ജോസഫ്. 2008ൽ പുറത്തിറങ്ങിയ ഡിറ്റക്ടീവ് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സംവിധായകനായി സിനിമാരംഗത്തേക്ക് എത്തിയത്.
സംവിധാനത്തോടൊപ്പം മികച്ച തിരക്കഥാകൃത്തെന്ന നിലയിലും ജീത്തു ശ്രദ്ധ നേടിയിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി ഭാഷകളിലും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചു. ജീത്തുവിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വഴിത്തിരിവായി മാറിയത് 2013ൽ പുറത്തിറങ്ങിയ ദൃശ്യം ആയിരുന്നു.
ജീത്തു ജോസഫ്, Photo: Jeethu joseph/ Facebook
ഇപ്പോൾ താൻ ആദ്യം കഥയെഴുതിയത് സിനിമയ്ക്ക് വേണ്ടിയല്ലായിരുന്നുവെന്നും, ദൂരദർശനുവേണ്ടിയുള്ള ഒരു പരമ്പരയായിരുന്നുവെന്നും പറയുകയാണ് ജീത്തു ജോസഫ്.
‘ഞാൻ ആദ്യം എഴുതിയത് സിനിമയല്ല. ദൂരദർശനുവേണ്ടിയുള്ള ഒരു പരമ്പരയാണ്. 13 എപ്പിസോഡുള്ള പരമ്പരകളുടെ കാലമായിരുന്നു അത്. മാത്രമല്ല വലിയ സ്വാധീനം ഉണ്ടെങ്കിൽ മാത്രമേ അന്ന് പരമ്പരകൾക്ക് അംഗീകാരം കിട്ടൂ.
എഴുതിയ പരമ്പരയുമായി ഞാൻ തിരുവനന്തപുരത്ത് പോയി. അവിടെയുള്ള സുഹൃത്തുക്കളുടെ സഹായത്തോടെ സമ്മർദം ചെലുത്തി. എന്നിട്ടും ആ പരമ്പര ദൂരദർശൻ സ്വീകരിച്ചില്ല.
എനിക്ക് വലിയ വിഷമമായി. വീട്ടിൽ വന്ന് ഞാനാ സ്ക്രിപ്റ്റ് കത്തിച്ചുകളഞ്ഞു. അന്ന് അമ്മച്ചി ചോദിച്ചു ‘എന്തിനാ അത് കത്തിച്ചു കളഞ്ഞത്. ഒരു മൂലയ്ക്ക് വെക്കാൻ പാടില്ലായിരുന്നോ?’ എന്ന്. അന്ന് അങ്ങനെ തോന്നി. അങ്ങനെ ചെയ്തു,’ ജീത്തു ജോസഫ് പറഞ്ഞു.
തന്റെ എല്ലാ സിനിമകളിലും കുടുംബം പ്രധാന ഘടകമാകുന്നതിനെ കുറിച്ചും ജീത്തു പ്രതികരിച്ചു. ‘നമ്മൾ മനുഷ്യരുടെ കഥയല്ലേ പറയുന്നത്. സ്വാഭാവികമായും കുടുംബം വന്നുപോകും.
അമ്മച്ചിയുടെ കുടുംബം നോക്കൂ. അവർ പന്ത്രണ്ടു മക്കളാണ്. ഇച്ചാച്ചൻ എവിടെപ്പോയാലും അമ്മച്ചിയെ കൂടെ കൊണ്ടുപോകുമായിരുന്നു. അതുപോലെ നമ്മുടെ കുടുംബത്തിലെ മറ്റുള്ളവരും.
ഇതൊക്കെ കണ്ടുവളർന്നതുകൊണ്ടാവണം എന്റെ സിനിമയിലും ഇത്തരം സീനുകൾ വരുന്നത്,’ എന്നാണ് ജീത്തു പറഞ്ഞത്.
അതേസമയം, ദൃശ്യം 3 ആണ് ജീത്തു ജോസഫിന്റെ അടുത്ത റിലീസിനൊരുങ്ങുന്ന ചിത്രം. മോഹൻലാൽ നായകനാകുന്ന ചിത്രത്തിൽ മീന, എസ്തർ അനിൽ, അൻസിബ ഹസൻ, ആശ ശരത്, സിദ്ദിഖ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
Content Highlight: Jeethu Joseph says he initially wrote the story for a serial, not a film.