മലയാളി പ്രേക്ഷകർ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ‘ദൃശ്യം 3’. രണ്ടാം ഭാഗത്തോടെ കഥ അവസാനിച്ചു എന്ന് കരുതിയിരുന്ന പ്രേക്ഷകർക്ക് മുന്നിലേക്ക് മൂന്നാം ഭാഗത്തിന്റെ പ്രഖ്യാപനം എത്തിയപ്പോൾ മുതൽ വലിയ പ്രതീക്ഷയായിരുന്നു. തിയേറ്ററുകളിൽ വൻ ജനപ്രീതി നേടിയ ചിത്രം ഇപ്പോൾ ബോക്സ് ഓഫീസിൽ റെക്കോർഡുകൾ ഭേദിച്ച് വിജയകരമായി പ്രദർശനം പൂർത്തിയാക്കി ഒ.ടി.ടി യിൽ എത്തിയിരിക്കുകയാണ്.
ചിത്രം തിയേറ്ററുകളിൽ എത്തിയത് മുതൽ ചിത്രത്തെ കുറിച്ചുള്ള സമ്മിശ്ര പ്രതികരണങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. ഒരു കൂട്ടം കുടുംബ പ്രേക്ഷകർ ചിത്രത്തെ വലിയ രീതിയിൽ സ്വീകരിച്ചപ്പോൾ മറുവശത്തു ഒരുപാട് ദൃശ്യം ആരാധകർ നിരാശരായിട്ടാണ് തിയേറ്ററിൽ നിന്നും മടങ്ങിയത്.
ദൃശ്യം 3.Photo;IMDB
ക്ലൈമാക്സ് പൂർണമായും ഉൾകൊള്ളാൻ സാധിക്കാത്തവരും ദൃശ്യം മൂന്നാം ഭാഗം തന്നെ വേണ്ടായിരുന്നു എന്ന് പറയുന്നവരും ഉണ്ട്. എന്നാൽ അഭിപ്രായങ്ങൾ മാറ്റിനിർത്തിയാൽ ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയമായി തീർന്നു.
ഇപ്പോൾ ദൃശ്യം 3 യുടെ വിജയത്തെ കുറിച്ചും പ്രേക്ഷകരുടെ പ്രതികരണങ്ങളെ കുറിച്ചും മനസ് തുറക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്. ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘വെറുതെ കുറ്റം പറയാൻ വേണ്ടി മാത്രം വിമർശിക്കുന്ന ഒരു വിഭാഗമുണ്ട്, ഞാൻ അവരെ പരിഗണിക്കാറേയില്ല. എന്നാൽ, ദൃശ്യം ഒന്നും രണ്ടും ഭാഗങ്ങളുമായി താരതമ്യം ചെയ്ത്, മൂന്നാം ഭാഗം അത്ര ശരിയായില്ല എന്ന് പറയുന്നവരുമുണ്ട്. അത്തരം ചില ആളുകളോട് സംസാരിച്ചപ്പോൾ എനിക്ക് മനസ്സിലായത് അവരുടെ പ്രശ്നം എന്താണെന്നാണ്. ‘ദൃശ്യം 1’, ‘ദൃശ്യം 2’ എന്നീ ചിത്രങ്ങളിലേതുപോലെ ജോർജുകുട്ടി ഇറങ്ങി പ്ലാൻ ചെയ്തു കളിക്കുന്ന കാര്യങ്ങൾ ഇതിലില്ല എന്നതാണത്. അവർ പ്രതീക്ഷിച്ച അത്രയും പ്ലാനുകളോ, സസ്പെൻസ് ത്രില്ലർ ട്വിസ്റ്റുകളോ ഇതിൽ കണ്ടില്ലായിരിക്കാം.
ദൃശ്യം 3 .Photo:X.com
ഈ ചിത്രത്തിലും സർപ്രൈസ് എലെമെന്റ്സ് ഉണ്ടെങ്കിലും അത് തികച്ചും വ്യത്യസ്തമായ രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ആദ്യ രണ്ട് ഭാഗങ്ങളിലും ജോർജുകുട്ടിയാണ് എല്ലാം പ്ലാൻ ചെയ്ത് നടപ്പിലാക്കിയത്. എന്നാൽ മൂന്നാം ഭാഗത്തിലേക്ക് വരുമ്പോൾ മറ്റൊരാളാണ് കാര്യങ്ങൾ പ്ലാൻ ചെയ്യുന്നത്, ജോർജുകുട്ടി അതിനെ ചെറുക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ, ആദ്യ രണ്ട് ഭാഗങ്ങളുടെ അതേ പാറ്റേൺ ഇഷ്ടപ്പെട്ടവർക്ക് മൂന്നാം ഭാഗം അത്ര കണ്ട് ആസ്വദിക്കാൻ പറ്റിയിട്ടുണ്ടാകില്ല.
എങ്കിലും, ഭൂരിഭാഗം പ്രേക്ഷകരും മൂന്നാം ഭാഗത്തെ ഇരുക്കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. അതുകൊണ്ടാണല്ലോ ‘ദൃശ്യം 3’ ഇത്രയും വലിയ റെക്കോർഡ് കളക്ഷൻ നേടിയത്. സത്യത്തിൽ ‘ദൃശ്യം’ ഇത്ര വലിയൊരു ഹിറ്റാകുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഇതിന്റെ തിരക്കഥ എഴുതുമ്പോൾ ഒന്നുകിൽ വലിയ ഹിറ്റാകും, അല്ലെങ്കിൽ ആരും ശ്രദ്ധിക്കാതെ പോകും എന്നാണ് ഞാൻ കരുതിയത്. എങ്കിലും ഇതൊരു നല്ല സിനിമയായിരിക്കുമെന്ന ഉറപ്പ് എനിക്കുണ്ടായിരുന്നു’, ജീത്തു ജോസഫ് പറഞ്ഞു.
Content Highlight: Jeethu Joseph says Drishyam 3 is the public’s favorite