ഡിറ്റക്ടീവിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്നയാളാണ് ജീത്തു ജോസഫ്. ആദ്യചിത്രം തന്നെ ത്രില്ലറാക്കിയ ജീത്തു പിന്നീട് മലയാളസിനിമക്ക് ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ചു. മെമ്മറീസിലൂടെ ത്രില്ലര്‍ സിനിമകള്‍ക്ക് പുതിയ ഡയമന്‍ഷന്‍ സമ്മാനിച്ച ജീത്തു ജോസഫ് ദൃശ്യത്തിലൂടെ മലയാളസിനിമയെ മറ്റൊരു തലത്തിലെത്തിച്ചു.
മോഹന്‍ലാലുമായി അഞ്ച് സിനിമകളില്‍ ജീത്തു ജോസഫ് ഒന്നിച്ചു. ദൃശ്യത്തിന്റെ തുടര്‍ഭാഗമായെത്തിയ ദൃശ്യം 2 കൊവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ ഒ.ടി.ടി റിലീസായാണ് പ്രേക്ഷകരിലേക്കെത്തിയത്. ഇന്ത്യയൊട്ടാകെ ചിത്രം ചര്‍ച്ചയാവുകയും ചെയ്തു. മലയാളസിനിമയുടെ മാക്‌സിമം പൊട്ടന്‍ഷ്യല്‍ പുറത്തെടുക്കാന്‍ സാധ്യതയുള്ള ദൃശ്യം 3യുടെ പണിപ്പുരയിലാണ് ജീത്തു ജോസഫ്. മോഹന്‍ലാലിനെക്കുറിച്ച് സംസാരിക്കുകയാണ് ജീത്തു ജോസഫ്.
‘മോഹന്‍ലാല്‍ ഒരിക്കലും അഭിനയിക്കുകയാണെന്ന് എനിക്ക് ഇതുവരെ തോന്നിയിട്ടില്ല. അദ്ദേഹം ബിഹേവ് ചെയ്യുകയാണ്. ഷോട്ടിന്റെ കാര്യമെല്ലാം റെഡിയായിക്കഴിഞ്ഞാല്‍ ഞാന്‍ ആക്ഷന്‍ പറയും. അപ്പോള്‍ അദ്ദേഹം കഥാപാത്രത്തിലേക്ക് മാറും. കട്ട് പറഞ്ഞാല്‍ അതില്‍ നിന്ന് പുറത്തുകടക്കും. എല്ലായ്‌പ്പോഴും ഇങ്ങനെയാണ് നടക്കുന്നത്.
അദ്ദേഹവുമായി ആദ്യം ഒന്നിച്ചപ്പോള്‍ ആദ്യത്തെ മൂന്ന് ദിവസം ഞാന്‍ വല്ലാതെ അപ്‌സെറ്റായിരുന്നു. അതിന് മുമ്പ് ഒരുപാട് നടന്മാരുമായി വര്‍ക്ക് ചെയ്തിട്ടുള്ളതുകൊണ്ട് അവരെല്ലാം അഭിനയിക്കുന്ന രീതിയെക്കുറിച്ച് എനിക്ക് നല്ല ധാരണയുണ്ടായിരുന്നു. എന്നിട്ടാണ് ലാലേട്ടന്റെ അഭിനയം നേരില്‍ കാണുന്നത്. ആ സമയത്ത് എന്റെ പങ്കാളി അടുത്തുവന്നിട്ട് ‘പുള്ളിക്ക് ഈ പ്രൊജക്ടില്‍ അത്ര താത്പര്യമില്ലെന്ന് തോന്നുന്നു’ എന്ന് അഭിപ്രായപ്പെട്ടു.
എനിക്കും അതുതന്നെയാണ് തോന്നിയത്. എന്നാല്‍ എഡിറ്റ് കഴിഞ്ഞപ്പോഴാണ് ആ മാജിക് എനിക്ക് മനസിലായത്. ഓര്‍ഡറിലല്ലായിരുന്നു ദൃശ്യം ഷൂട്ട് ചെയ്തത്. നടുവില്‍ നിന്നും അറ്റത്ത് നിന്നുമൊക്കെയുള്ള പോര്‍ഷനുകളാണ് ഷൂട്ട് ചെയ്തുകൊണ്ടിരുന്നത്. എന്നാല്‍ ആ കഥാപാത്രത്തിന്റെ കണ്ടിന്യൂവിറ്റി മുഴുവന്‍ ലാലേട്ടന്റെ ഉള്ളിലുണ്ടായിരുന്നു, നമ്മളൊന്നും പറഞ്ഞുകൊടുക്കേണ്ട ആവശ്യമില്ല. അദ്ദേഹത്തിന്റെ അഭിനയത്തെക്കുറിച്ച് വിവരിക്കാന്‍ എനിക്കാകില്ല,’ ജീത്തു ജോസഫ് പറയുന്നു.
നിലവില്‍ ആസിഫ് അലി നായകനാകുന്ന മിറാഷിന്റെ പ്രൊമോഷനിലാണ് ജീത്തു ജോപ്. ജോജു ജോര്‍ജ്, ബിജു മേനോന്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന വലതുവശത്തെ കള്ളന്റെ ഷൂട്ട് അവസാനിച്ചു. ഈ മാസം ഒടുവില്‍ തൊടുപുഴയില്‍ ദൃശ്യം 3യുടെ ഷൂട്ട് ആരംഭിക്കുമെന്നും 45 ദിവസത്തെ ഷൂട്ടാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
Content Highlight: Jeethu Joseph saying he never felt that Mohanlal is acting in front of camera