| Friday, 12th June 2026, 7:19 am

സെറ്റില്‍ എന്നെ ട്രോളുന്നത് ആ രണ്ട് പേര്‍, ഞാനതൊക്കെ കണ്ട് ചിരിച്ച് എന്‍ജോയ് ചെയ്യും: ജീത്തു ജോസഫ്

അമര്‍നാഥ് എം.

ആദ്യസിനിമയിലൂടെ തന്നെ ഇന്‍ഡസ്ട്രിയിലേക്ക് തന്റെ വരവറിയിച്ച സംവിധായകനാണ് ജീത്തു ജോസഫ്. ഡിറ്റക്ടീവ് എന്ന ആദ്യ സിനിമ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീട് മികച്ച സിനിമകളിലൂടെ മോളിവുഡില്‍ തന്റെ സ്ഥാനം ഉറപ്പിച്ചു. മെമ്മറീസ്, ദൃശ്യം എന്നീ ചിത്രങ്ങള്‍ മലയാളത്തില്‍ നാഴികക്കല്ലായി മാറി. ഭാഷാതിര്‍ത്തികള്‍ ഭേദിച്ച് മലയാളത്തിന്റെ ബ്രാന്‍ഡായി ദൃശ്യം മാറി.

ദൃശ്യം ഫ്രാഞ്ചൈസിയിലെ മൂന്നാമത്തെ ചിത്രമായ ദൃശ്യം 3 കളക്ഷന്‍ റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. ദൃശ്യം എന്ന ബ്രാന്‍ഡിന്റെയും മോഹന്‍ലാല്‍ എന്ന ക്രൗഡ് പുള്ളറുടെയും ഇഫക്ടാണ് ചിത്രത്തിന് ഇത്രയും കളക്ഷന്‍ ലഭിക്കാന്‍ കാരണം. ജോര്‍ജുകുട്ടി എന്ന കഥാപാത്രത്തിന്റെ ഇമോഷണല്‍ ജേര്‍ണിയിലൂടെയാണ് ചിത്രത്തിന്റെ കഥ പറഞ്ഞുപോകുന്നത്. കളക്ഷനില്‍ മുന്നിട്ട് നില്‍ക്കുന്നുണ്ടെങ്കിലും ജീത്തു ജോസഫിനെതിരെ വലിയ വിമര്‍ശനം വരുന്നുണ്ട്.

ജീത്തു ജോസഫ് Photo: Screen grab/ Ginger Media Entertainments

സ്‌ക്രിപ്റ്റില്‍ പലയിടത്തുമുള്ള ലോജിക്കില്ലായ്മയും പല കഥാപാത്രങ്ങള്‍ക്കും വ്യക്തമായ എന്‍ഡിങ് നല്‍കാത്തതുമെല്ലാം വിമര്‍ശനത്തിന് കാരണമായി. വീണ നന്ദകുമാര്‍, കലാഭവന്‍ ഷാജോണ്‍ എന്നിവരുടെ കഥാപാത്രങ്ങള്‍ ട്രോള്‍ മെറ്റീരിയലായി മാറി. ഇപ്പോഴിതാ അത്തരം ട്രോളുകളെക്കുറിച്ച് സംസാരിക്കുകയാണ് ജീത്തു ജോസഫ്. വീണയുടെ സീനിന് ട്രോള്‍ ലഭിക്കുമെന്ന് നേരത്തെ അറിയാമെന്ന് ജീത്തു ജോസഫ് പറഞ്ഞു. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്മെന്റ്‌സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കഴിഞ്ഞദിവസം വീണ എന്നെ വിളിച്ചിട്ട് ‘സാറേ എന്റെ ഫോളോവേഴ്‌സിന്റെ എണ്ണം കൂടിയിട്ടുണ്ട് കേട്ടോ’ എന്ന് പറഞ്ഞു. കുറച്ച് കാലമായി ലൈം ലൈറ്റില്‍ ഇല്ലെങ്കിലും ഈയൊരൊറ്റ പടം കൊണ്ട് അവര്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ട്രോളുകള്‍ കൊണ്ട് അങ്ങനെയും ചില ഗുണങ്ങളുണ്ട്. ബക്കറ്റ് സ്റ്റാര്‍ എന്ന വിളിപ്പേര് വീണക്ക് കിട്ടിയിരിക്കുകയാണ്. എനിക്കും ട്രോള്‍ കിട്ടാറുണ്ട്.

ഈ പടത്തിന്റെ എഡിറ്റര്‍ വിനായകും അവന്റെ അസിസ്റ്റന്റ് ഉണ്ണിയും കൂടി എന്നെ എപ്പോഴും ട്രോളും. മിസ്റ്റര്‍ ആന്‍ഡ് മിസിസ് റൗഡിയുടെ സെറ്റില്‍ വെച്ച് എന്റെ ഓരോ വീഡിയോ എടുത്തിട്ടാണ് ട്രോളാറുള്ളത്. ഈ പടത്തിന്റെ സെറ്റിലും എന്നെ ഇവര്‍ ട്രോളിയിട്ടുണ്ട്. അതൊക്കെ ഞാന്‍ ചിരിച്ച് എന്‍ജോയ് ചെയ്യും. ആ ഒരു സെന്‍സില്‍ എടുക്കുന്നതാണ് എന്റെ രീതി,’ ജീത്തു ജോസഫ് പറയുന്നു.

റിലീസ് ചെയ്ത് മൂന്നാഴ്ച പിന്നിടുമ്പോള്‍ 240 കോടിയോളമാണ് ദൃശ്യം 3യുടെ കളക്ഷന്‍. വാഴ 2നെ തകര്‍ത്ത് ഇന്‍ഡസ്ട്രി ഹിറ്റാകുമെന്ന് കരുതിയെങ്കിലും അത് നടന്നില്ല. കേരളത്തില്‍ 100 കോടി നേടുമെന്ന് പ്രതീക്ഷിച്ചെങ്കിലും 85 കോടി മാത്രമാണ് കേരളത്തില്‍ നിന്ന് നേടിയത്. മൂന്നാം ഭാഗത്തില്‍ കേട്ട വിമര്‍ശനങ്ങളെല്ലാം പരിഹരിച്ച് നാലാം ഭാഗം ജീത്തു ഗംഭീരമാക്കുമെന്നാണ് കരുതുന്നത്.

Content Highlight: Jeethu Joseph saying editor of Drishyam 3 trolls him on sets

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more