| Wednesday, 10th September 2025, 3:32 pm

ക്ലൈമാക്‌സ് മാത്രമേ എഴുതാന്‍ ബാക്കിയുള്ളൂ, ഇന്നലെ തന്നെ ദൃശ്യം 3യുടെ സ്‌ക്രിപ്റ്റ് എഴുതി തീര്‍ന്നേനെ: ജീത്തു ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ മികച്ച സംവിധായകരിലൊരാളാണ് ജീത്തു ജോസഫ്. ത്രില്ലര്‍ സിനിമകള്‍ക്ക് പുതിയൊരു ഡയമന്‍ഷന്‍ കൊണ്ടുവന്ന ജീത്തു ജോസഫ് ഇന്‍ഡസ്ട്രിയിലെ ബ്രാന്‍ഡാണ്. ദൃശ്യം എന്ന ഒരൊറ്റ സിനിമയിലൂടെ മലയാളത്തിന് പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധ സമ്മാനിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ആറ് ഭാഷകളിലാണ് ദൃശ്യം റീമേക്ക് ചെയ്തത്.

കൊവിഡ് കാരണം ഒ.ടി.ടി റിലീസ് ചെയ്യേണ്ടി വന്ന രണ്ടാം ഭാഗം ഇന്ത്യയൊട്ടുക്ക് ചര്‍ച്ചയായിരുന്നു. രണ്ടാം ഭാഗത്തിന്റെ ആവശ്യമില്ലെന്ന് പറഞ്ഞവരെക്കൊണ്ട് മൂന്നാം ഭാഗവും വേണമെന്ന് പറയിപ്പിച്ച മാജിക്കായിരുന്നു ദൃശ്യം 2വില്‍ ജീത്തു കാണിച്ചത്. കഴിഞ്ഞ വര്‍ഷമാണ് ദൃശ്യത്തിന് മൂന്നാം ഭാഗവും ഉണ്ടാകുമെന്ന് ജീത്തു ജോസഫ് അറിയിച്ചത്.

നിലവില്‍ രണ്ട് സിനിമകളുടെ പണിപ്പുരയിലിരുന്നുകൊണ്ടാണ് ജീത്തു ദൃശ്യം 3യുടെ തിരക്കഥ പൂര്‍ത്തിയാക്കുന്നത്. ആസിഫ് അലി നായകനാകുന്ന മിറാഷ് പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലും ജോജു ജോര്‍ജ്, ബിജു മേനോന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന വലതുവശത്തെ കള്ളന്റെ ഷൂട്ട് പുരോഗമിക്കുകയുമാണ്. ദൃശ്യം 3യുടെ അപ്‌ഡേറ്റ് നല്‍കുകയാണ് ജീത്തു ജോസഫ്.

’87ാമത്തെ സീനില്‍ എഴുത്ത് എത്തിനില്‍ക്കുകയാണ്. ഇന്നലെ ഒരു മൂഡ് ഉണ്ടായിരുന്നില്ല. ഇല്ലായിരുന്നെങ്കില്‍ എഴുതി തീര്‍ന്നേനെ. പുതിയ കഥാപാത്രങ്ങളാരും വരില്ല. പഴയ കഥാപാത്രങ്ങളാകും കൂടുതല്‍. ആദ്യത്തെ രണ്ട് പാര്‍ട്ടുമായി കണക്ട് ചെയ്ത് കിടക്കുകയാണല്ലോ. ഒന്നോ രണ്ടോ ചെറിയ ക്യാരക്ടേഴ്‌സ് വരുമെന്ന് മാത്രമേയുള്ളൂ,’ ജീത്തു ജോസഫ് പറഞ്ഞു.

തന്റെ സിനിമകളില്‍ പുതുമുഖങ്ങള്‍ കുറവാകുന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ചെറിയ വേഷങ്ങളില്‍ താന്‍ പുതുമുഖങ്ങളെ പരീക്ഷിക്കാറുണ്ടെന്ന് ജീത്തു ജോസഫ് പറഞ്ഞു. ലീഡ് റോളില്‍ പുതിയ ആര്‍ട്ടിസ്റ്റുകളെ പരീക്ഷിക്കാന്‍ തനിക്ക് ധൈര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂവീ വേള്‍ഡ് ഒറിജിനല്‍സിനോട് സംസാരിക്കുകയായിരുന്നു ജീത്തു ജോസഫ്.

‘ഒരു കംഫര്‍ട്ട് സോണില്‍ പോകാന്‍ ആഗ്രഹിക്കുന്നയാളാണ് ഞാന്‍. നന്നായിട്ട് അഭിനയിക്കാന്‍ അറിയാവുന്നവരെ വെച്ച് ചെയ്യാനാണ് കൂടുതലും ആഗ്രഹിക്കുന്നത്. പുതിയ ഒരാളെ ട്രെയിന്‍ ചെയ്ത് അഭിനയിപ്പിച്ച് പടമെടുക്കാനുള്ള ധൈര്യം എനിക്ക് വന്നിട്ടില്ല. പക്ഷേ, അങ്ങനെയൊരു സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ട്,’ ജീത്തു ജോസഫ് പറയുന്നു.

Content Highlight: Jeethu Joseph saying Drishyam 3 script is on final stage

We use cookies to give you the best possible experience. Learn more