| Monday, 2nd February 2026, 10:11 pm

വലതുവശത്തെ കള്ളന്‍ കണ്ട പലരും പറയുന്നത് മെമ്മറീസിന്റെ അത്ര വന്നിട്ടില്ലെന്നാണ്, അവരോട് ഒന്നേ പറയാനുള്ളൂ: ജീത്തു ജോസഫ്

അമര്‍നാഥ് എം.

ത്രില്ലര്‍ സിനിമകള്‍ക്ക് മലയാളത്തില്‍ പുതിയൊരു ബെഞ്ച്മാര്‍ക്ക് സൃഷ്ടിച്ച സംവിധായകനാണ് ജീത്തു ജോസഫ്. മെമ്മറീസും ദൃശ്യവും ഇന്നും ത്രില്ലര്‍ സിനിമകളുടെ അവസാനവാക്കുകളാണ്. എന്നാല്‍ ദൃശ്യത്തിന് ശേഷം ജീത്തു ജോസഫിന് ആ ലെവലില്‍ മറ്റൊരു ചിത്രം ഇതുവരെ ഒരുക്കാനായിട്ടില്ലെന്നാണ് പലരും വിമര്‍ശിക്കുന്നത്.

ഏറ്റവുമൊടുവില്‍ തിയേറ്ററുകളിലെത്തിയ വലതുവശത്തെ കള്ളനും ഇതേ അവസ്ഥ തന്നെയാണ്. ത്രില്ലടിപ്പിക്കാത്ത ത്രില്ലറെന്നാണ് പലരും ഈ ചിത്രത്തെ വിശേഷിപ്പിക്കുന്നത്. ദൃശ്യത്തിന് ശേഷം പ്രേക്ഷകരെ തൃപ്തിപ്പെടുത്താനാകുന്നില്ല എന്ന വിമര്‍ശനത്തോട് പ്രതികരിക്കുകയാണ് ജീത്തു ജോസഫ്. എല്ലാ സിനിമകളും ത്രില്ലറായി ഒരുക്കാന്‍ തനിക്ക് താത്പര്യമില്ലെന്ന് ജീത്തു പറയുന്നു.

ജീത്തു ജോസഫ് Photo: Screen grab/ Online Malayali Events

വലതുവശത്തെ കള്ളന്റെ കഥ ത്രില്ലറാണെങ്കിലും കഥാപാത്രങ്ങളുടെ ഇമോഷനാണ് താന്‍ കൂടുതലും പ്രാധാന്യം കൊടുത്തതെന്നും അത് കൃത്യമായി വന്നിട്ടുണ്ടെന്നുമാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. ട്വിസ്റ്റുകളെക്കാള്‍ കഥാപാത്രങ്ങളുടെ ഇമോഷന്‍ പ്രേക്ഷകരുമായി കണക്ട് ചെയ്യിക്കാനാണ് താന്‍ ശ്രമിച്ചിട്ടുള്ളതെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു. ചിത്രത്തിന്റെ പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇതിലൂടെ എന്താണോ ഞങ്ങള്‍ പറയാന്‍ ശ്രമിച്ചിട്ടുള്ളത് അത് കൃത്യമായി വന്നിട്ടുണ്ടെന്നാണ് വിശ്വാസം. സിനിമ ഇഷ്ടമായെന്ന് പലരും വിളിച്ച് അഭിപ്രായം പറയുന്നുണ്ട്. ഇഷ്ടമാകാത്തവരും അവരുടെ അഭിപ്രായം പറയുന്നുണ്ട്. ഇത് എല്ലാം കൊണ്ടും പെര്‍ഫക്ടായിട്ടുള്ള സിനിമയാണെന്ന് പറയുന്നില്ല. സിനിമ കണ്ട ശേഷം എന്നെ വിളിച്ചിട്ട്, ‘പടം കൊള്ളാം, പക്ഷേ മെമ്മറീസിന്റെ അത്ര വന്നിട്ടില്ല’ എന്നൊക്കെയാണ് ചിലര്‍ പറയുന്നത്.

മെമ്മറീസ്, വലതുവശത്തെ കള്ളന്‍ Photo: IMDb

മെമ്മറീസ് ആള്‍റെഡി ചെയ്തുകഴിഞ്ഞു. ഇനി അതുപോലുള്ള സിനിമകള്‍ ചെയ്യുന്നതില്‍ അര്‍ത്ഥമില്ല. വേറെ കഥകള്‍ ചെയ്യുക എന്നതാണ് എന്റെ ലക്ഷ്യം. ദൃശ്യത്തിന് ശേഷം ഞാന്‍ ചെയ്ത സിനിമയാണ് ലൈഫ് ഓഫ് ജോസൂട്ടി. ആ പടത്തില്‍ ഒരൊറ്റ ട്വിസ്റ്റ് പോലുമില്ല. പടത്തിന്റെ ടാഗ്‌ലൈന്‍ തന്നെ ‘നോ ട്വിസ്റ്റ്, നോ സസ്‌പെന്‍സ്, ഓണ്‍ലി ലൈഫ്’ എന്നായിരുന്നു. എന്നിട്ടും ചിലര്‍ പറഞ്ഞത് ‘എന്തെങ്കിലുമൊരു ട്വിസ്റ്റ് വെക്കാമായിരുന്നു’ എന്നാണ്,’ ജീത്തു പറയുന്നു.

മലയാളി പ്രേക്ഷകര്‍ ഒരുപാട് ഇന്റലക്ച്വലാണെന്നും മറ്റ് ഭാഷകളിലെ ത്രില്ലറുകളെല്ലാം കണ്ട് ഒരുപാട് അറിവ് സമ്പാദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അത്രയും ഇന്റലിജന്റായിട്ടുള്ള പ്രേക്ഷകരുടെ മുന്നിലേക്ക് ഒരു ത്രില്ലര്‍ കൊണ്ടുവരുമ്പോള്‍ പരമാവധി ശ്രദ്ധ നല്‍കാറുണ്ടെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

ജീത്തു ജോസഫ്
Photo: Reporter/Screengrab

‘ദൃശ്യത്തിന് ശേഷം ഞാന്‍ പ്രേക്ഷകരെ വിലകുറച്ച് കാണുന്നു എന്ന് വിമര്‍ശനമുണ്ട്. അതില്‍ യാതൊരു അര്‍ത്ഥവുമില്ല. എപ്പോഴും ദൃശ്യം പോലുള്ള സിനിമകള്‍ ചെയ്യാതെ വേറെ കഥകളും ചെയ്യണമെന്നാണ് എന്റെ പ്ലാന്‍. നുണക്കുഴിയൊക്കെ അങ്ങനെ ഉണ്ടായതാണ്. വേറെ ഴോണറുകള്‍ പരീക്ഷിക്കുക എന്ന് മാത്രമേ ചിന്തിച്ചിട്ടുള്ളൂ,’ ജീത്തു ജോസഫ് പറഞ്ഞു.

Content Highlight: Jeethu Joseph reacts to the criticisms he facing after Drishyam

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more