മോളിവുഡിലെ ബെഞ്ച്മാര്‍ക്ക് ഫ്രാഞ്ചൈസികളിലൊന്നായ ദൃശ്യത്തിന്റെ മൂന്നാം ഭാഗം ഓണ്‍ലൈനില്‍ നേരിട്ട ട്രോളുകള്‍ ചെറുതല്ലായിരുന്നു. ബോക്‌സ് ഓഫീസില്‍ 200 കോടിയിലേറെ നേടിയ ചിത്രം ഇങ്ങനെ ട്രോള്‍ മെറ്റീരിയലാകുമെന്ന് ആരും കരുതിയിരുന്നില്ല. ലോജിക് അടുത്തുകൂടി പോകാത്ത തിരക്കഥയും സീരിയല്‍ ലെവല്‍ മേക്കിങ് കാരണം സംവിധായകന്‍ ജീത്തു ജോസഫിന് ലഭിച്ച ട്രോള്‍ ചെറുതല്ലായിരുന്നു.
എന്നാല്‍ ചിത്രത്തിന്റെ ഹിന്ദി റീമേക്ക് മലയാളത്തെക്കാള്‍ ഗംഭീരമായി മാറി. മലയാളം വേര്‍ഷനില്‍ നിന്ന് വ്യത്യസ്തമായി വേറെ കഥയിലാണ് ഹിന്ദി പതിപ്പ് ഒരുങ്ങിയത്. നാലാം ഭാഗത്തിന് സൂചന നല്‍കി മലയാളം വേര്‍ഷന്‍ അവസാനിച്ചപ്പോള്‍ ഇനിയൊരു ഭാഗം കൂടിയില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ദൃശ്യം ദി കണ്‍ക്ലൂഷന്‍ അവസാനിച്ചത്. ഹിന്ദി വേര്‍ഷന്‍ ബോക്‌സ് ഓഫീസില്‍ 500 കോടിയിലേറെ നേടുകയും ചെയ്തു.
ദൃശ്യം ദി കണ്‍ക്ലൂഷന്‍ Photo: IMDb
കഴിഞ്ഞദിവസം ചിത്രം ഒ.ടി.ടി സ്ട്രീമിങ് ആരംഭിച്ചു. ആമസോണ്‍ പ്രൈമിലൂടെ സ്ട്രീം ചെയ്യുന്ന ചിത്രം സിനിമാപേജുകളില്‍ ചര്‍ച്ചയായിരിക്കുകയാണ്. മലയാളികള്‍ക്കിടയിലാണ് ചിത്രം കൂടുതല്‍ ചര്‍ച്ചയാകുന്നത്. തിയേറ്റര്‍ റിലീസ് സമയത്ത് പലരും പുകഴ്ത്തിയത് പോലെ ഗംഭീരമായി തോന്നിയില്ലെന്നാണ് സിനിമാപേജുകളുടെ കമന്റ്.
രണ്ടാം ഭാഗം അവസാനിച്ച ഉടനെ ആരംഭിച്ച കഥയാണ് ഹിന്ദിയിലേത്. മേക്കിങ്ങിന്റെ കാര്യത്തിലും ട്വിസ്റ്റുകളുടെ കാര്യത്തിലും മലയാളം വേര്‍ഷനെക്കാള്‍ ഹിന്ദി വേര്‍ഷന്‍ മുന്നിട്ട് നില്‍ക്കുന്നുണ്ട്. ജോര്‍ജ് കുട്ടിയുടെ മകളുടെ കല്യാണം മുടക്കല്‍ മാത്രം കാണിച്ചുകൊണ്ട് സമയം കളഞ്ഞതില്‍ നിരവധി ട്രോളുകള്‍ ജീത്തു ജോസഫിന് ലഭിച്ചിരുന്നു. എന്നാല്‍ ഹിന്ദി വേര്‍ഷനില്‍ മകളുടെ കല്യാണത്തെക്കാള്‍ നായകനെ വില്ലന്മാര്‍ കുടുക്കാന്‍ ശ്രമിക്കുന്നതിലാണ് സംവിധായകന്‍ കൂടുതല്‍ ശ്രദ്ധ നല്‍കിയത്
ദൃശ്യം ദി കണ്‍ക്ലൂഷന്‍ Photo: Screen grab/ Panorama Studios
ചിത്രത്തിന്റെ ടൈറ്റില്‍ കാണിക്കുന്നതിന് മുമ്പുള്ള സീക്വന്‍സ് അതിഗംഭീരമായിരുന്നെന്നും ആ പോയിന്റിനെ ചുറ്റിപ്പറ്റി ജീത്തുവിന് മൂന്നാം ഭാഗം ഒരുക്കാമായിരുന്നെന്ന് പലരും അഭിപ്രായപ്പെടുന്നു. ആവശ്യമില്ലാത്ത ക്യാരക്ടര്‍ ചെയ്ഞ്ചും സഹദേവന്റെ ചുവന്ന കണ്ണുകളുമെല്ലാം ആവശ്യമില്ലാതെ കൊണ്ടുവന്ന് ട്രോള്‍ മെറ്റീരിയലാക്കിയെന്നും കമന്റുകളുണ്ട്.
അവിടവിടായി ചില ലോജിക് മിസ്‌റ്റേക്കുകളുണ്ടെങ്കിലും ആദ്യാവസാനം പ്രേക്ഷകരെ എന്‍ഗേജ് ചെയ്യിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് സാധിച്ചു. വിജയ് സാല്‍ഗോന്‍കറിന്റെ ബുദ്ധിയും പ്ലാനിങ്ങും ഇത്തവണയും കുടുംബത്തെ രക്ഷിക്കുന്നുണ്ട്. ലോജിക്കിന് നിരക്കാത്ത ചില സീനുകള്‍ മാറ്റിനിര്‍ത്തിയാല്‍ മലയാളത്തെക്കാള്‍ ഗംഭീരമാണ് ഹിന്ദിയെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്.
Content Highlight: Jeethu Joseph getting trolls after the OTT release of Drishyam 3 Hindi remake