| Saturday, 13th June 2026, 1:01 pm

ഐ.ജി തോമസ് ബാസ്റ്റിന്റെ ഇംഗ്ലീഷ് ഡയലോഗുകൾ മുരളി ഗോപി തന്നെ എഴുതിയതാണ്: ജീത്തു ജോസഫ്‌

കെ.എസ് ഷാബിന

മലയാളി പ്രേക്ഷകർ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ‘ദൃശ്യം 3’. രണ്ടാം ഭാഗത്തോടെ കഥ അവസാനിച്ചു എന്ന് കരുതിയിരുന്ന പ്രേക്ഷകർക്ക് മുന്നിലേക്ക് മൂന്നാം ഭാഗത്തിന്റെ പ്രഖ്യാപനം എത്തിയപ്പോൾ മുതൽ വലിയ പ്രതീക്ഷയായിരുന്നു. തിയേറ്ററുകളിൽ വൻ ജനപ്രീതി നേടിയ ചിത്രം ഇപ്പോൾ ബോക്സ് ഓഫീസിൽ റെക്കോർഡുകൾ ഭേദിച്ച് വിജയകരമായി പ്രദർശനം തുടരുകയാണ്.

ജോർജുകുട്ടിയെയും റാണിയെയും പോലെ തന്നെ പ്രേക്ഷകമനസ്സിൽ മായാതെ നിൽക്കുന്ന നിരവധി കഥാപാത്രങ്ങൾ ഈ സിനിമയിലുണ്ട്. ഒന്നാം ഭാഗത്തിലെ ഐ.ജി ഗീത പ്രഭാകറിന് തുല്യമായ ഇമ്പാക്ട് ആയിരുന്നു രണ്ടാം ഭാഗത്തിൽ ഐ.ജി തോമസ് ബാസ്റ്റിനായി എത്തിയ മുരളി ഗോപി സൃഷ്ടിച്ചത്. ജോർജുകുട്ടിയുടെ ബുദ്ധിയെയും നീക്കങ്ങളെയും പൂർണ്ണമായി മനസ്സിലാക്കാൻ കഴിഞ്ഞത് തോമസ് ബാസ്റ്റിന് മാത്രമാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ നിരവധി ട്രോളുകളും സജീവമായിരുന്നു.

ദൃശ്യം 3.Photo:Imdb

ജോർജുകുട്ടിയുടെ ബുദ്ധിസാമർത്ഥ്യത്തെ പുകഴ്ത്തുന്ന രീതിയിലുള്ള കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷ് ഡയലോഗുകളാണ് തോമസ് ബാസ്റ്റിൻ സിനിമയിൽ സംസാരിക്കുന്നത്. ‘ജോർജുകുട്ടിയെ പൊക്കിപ്പറയാൻ വേണ്ടിയാണ് മുരളി ഗോപി വരുന്നത്’ എന്ന തരത്തിലുള്ള ട്രോളുകൾക്കും താരം ഇരയായിട്ടുണ്ട്. ആ ഡയലോഗുകൾ അദ്ദേഹം തന്നെയാണ് എഴുതിയതെന്നും ഒരു കൂട്ടർ പറഞ്ഞിരുന്നു. ഇപ്പോഴിതാ ഈ ഡയലോഗുകൾ ആരാണ് എഴുതിയതെന്ന് കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് എഴുത്തുകാരനായ ജീത്തുജോസഫ് .

‘ദൃശ്യത്തിലെ ഐ.ജി. തോമസ് ബാസ്റ്റിന്റെ ഡയലോഗുകളിൽ കുറച്ച് ഞാൻ എഴുതിയതുണ്ട്, കുറച്ച് മുരളി ഗോപി തന്നെ എഴുതിയതുമാണ്. തുടക്കത്തിൽ പോലീസിനെക്കുറിച്ച് പറയുന്ന കാര്യങ്ങളൊക്കെ ഞാൻ തന്നെയാണ് എഴുതിയത്. ഒരു പോലീസ് സംവിധാനമോ പട്ടാളമോ രാഷ്ട്രീയവൽക്കരിക്കപ്പെട്ടാൽ ആ രാജ്യം തീർന്നു എന്ന് ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട്.

ദൃശ്യം 3.Photo:Imdb

ആ ഒരു ആശയം മുരളിക്ക് ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. ഞാൻ എഴുതിയ പല മലയാളം ഡയലോഗുകളും മുരളി അദ്ദേഹത്തിന്റേതായ രീതിയിൽ ഇംഗ്ലീഷിലേക്ക് മാറ്റി എഴുതിയിട്ടുണ്ട്. ‘ഇങ്ങനെ പറഞ്ഞോട്ടെ’ എന്ന് എന്നോട് ചോദിച്ചപ്പോഴൊക്കെ ഞാൻ സന്തോഷത്തോടെ സമ്മതിക്കുകയായിരുന്നു.’ ജീത്തു ജോസഫ് പറയുന്നു.

ദൃശ്യം 3’ൽ മോഹൻലാലിനൊപ്പം നിൽക്കുന്ന കഥാപാത്രമെന്ന നിലയിൽ മുരളി ഗോപിയുടെ ഐ.ജി. കഥാപാത്രത്തിന് മികച്ച പ്രശംസയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ ഇംഗ്ലീഷിലുള്ള മികച്ച ഡയലോഗ് ഡെലിവറിക്കും പക്കാ പോലീസുകാരന്റെ ആറ്റിറ്റ്യൂഡിനും എല്ലാം വലിയ രീതിയിലുള്ള അഭിനന്ദനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

Content Highlight: Jeethu Joseph clarifies who wrote Murali Gopy’s dialogues for IG Thomas Bastin

കെ.എസ് ഷാബിന

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.

We use cookies to give you the best possible experience. Learn more