| Wednesday, 24th June 2026, 7:00 pm

ദൃശ്യം 3 ദൈവം എന്നെക്കൊണ്ട് ചെയ്യിച്ചതാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്: ജീത്തു ജോസഫ്

കെ.എസ് ഷാബിന

മലയാളി പ്രേക്ഷകർ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ‘ദൃശ്യം 3’. രണ്ടാം ഭാഗത്തോടെ കഥ അവസാനിച്ചെന്ന് കരുതിയിരുന്ന പ്രേക്ഷകർക്ക് മുന്നിലേക്ക് മൂന്നാം ഭാഗത്തിന്റെ പ്രഖ്യാപനം എത്തിയപ്പോൾ മുതൽ വലിയ പ്രതീക്ഷയായിരുന്നു. തിയേറ്ററുകളിൽ വൻ ജനപ്രീതി നേടിയ ചിത്രം ഇപ്പോൾ ബോക്സ് ഓഫീസിൽ റെക്കോഡുകൾ ഭേദിച്ച് വിജയകരമായി പ്രദർശനം പൂർത്തിയാക്കി ഒ.ടി.ടി യിൽ എത്തിയിരിക്കുകയാണ്.

ചിത്രം തിയേറ്ററുകളിൽ എത്തിയത് മുതൽ ചിത്രത്തെ കുറിച്ചുള്ള സമ്മിശ്ര പ്രതികരണങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. ഒരു കൂട്ടം കുടുംബ പ്രേക്ഷകർ ചിത്രത്തെ വലിയ രീതിയിൽ സ്വീകരിച്ചപ്പോൾ മറുവശത്ത് ഒരുപാട് ആരാധകർ നിരാശരായിട്ടാണ് തിയേറ്ററിൽ നിന്നും മടങ്ങിയത്. ഇപ്പോൾ ദൃശ്യം 3 യുടെ വിജയത്തെ കുറിച്ചും ചിത്രത്തിന്റെ നാലാം ഭാഗത്തിന്റെ സാധ്യതകളെ കുറിച്ചും സംസാരിക്കുയാണ് സംവിധായകൻ ജീത്തു ജോസഫ്. ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജീത്തു ജോസഫ് .’ദൃശ്യം 3.Photo:The New Indian Express

‘ദൃശ്യം 1 കഴിഞ്ഞപ്പോൾ നിർമാതാവ് ആന്റണി പെരുമ്പാവൂർ പറഞ്ഞ കാര്യങ്ങൾ വെച്ച് ഞാൻ ചിന്തിച്ച് എഴുതിവന്നപ്പോഴാണ് ‘ദൃശ്യം 2’ ഉണ്ടാകുന്നത്. ദൃശ്യം 2 ന്റെ ചിത്രീകരണം നടന്നുകൊണ്ടിരുന്നപ്പോൾ തന്നെ മൂന്നാം ഭാഗം വേണമെന്ന് ആന്റണി പറഞ്ഞിരുന്നു. ഇപ്പോൾ ‘ദൃശ്യം 3’ ചെയ്തുകൊണ്ടിരിക്കുമ്പോൾ നാലാം ഭാഗവും ഉണ്ടെന്നാണ് അദ്ദേഹം പറയുന്നത്. അതായത്, എന്തെങ്കിലും സാധ്യതയുണ്ടെങ്കിൽ അതിനായി വർക്ക് ചെയ്യാൻ എന്നോട് ആവശ്യപ്പെടുന്നു എന്ന് മാത്രം.

ദൃശ്യം 4 ഉണ്ടാകുമോ എന്ന് ചോദിച്ചാൽ എനിക്ക് ഉറപ്പിച്ചു പറയാൻ സാധിക്കില്ല, എനിക്കറിയില്ല. പക്ഷേ, ദൃശ്യം 3 സംഭവിച്ചതിൽ എനിക്ക് വലിയ സന്തോഷമുണ്ട്. അത് വളരെ നന്നായെന്നാണ് ഞാൻ കരുതുന്നത്; കാരണം, ഈയൊരു ആംഗിൾ കൂടി എനിക്ക് കഥയിൽ പറയാൻ കഴിഞ്ഞു. ഇതിനുമുമ്പ് ഒന്ന്, രണ്ട് ഭാഗങ്ങൾ മാത്രം ചെയ്ത് ഞാൻ നിർത്തിയിരുന്നെങ്കിൽ, ഓരോ തവണയും ഓരോ അഭ്യാസങ്ങൾ കാണിച്ച് രക്ഷപ്പെട്ടുപോകുന്ന ഒരു ജോർജുകുട്ടി മാത്രമായി അവൻ മാറുമായിരുന്നു.

ദൃശ്യം 3.Photo:IMDB

എന്നാൽ ഇപ്പോൾ ജോർജുകുട്ടിയുടെ മറ്റൊരു വശം കൂടി എനിക്ക് അവതരിപ്പിക്കാൻ പറ്റി. ജോർജുകുട്ടിയുടെ ഭയം കാണിക്കാൻ സാധിച്ചു. തുടക്കം മുതലേ ജോർജുകുട്ടിയെ ഒരു സൂപ്പർ ഹീറോ ആയിട്ടല്ല ഞാൻ അവതരിപ്പിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ അവന്റെ ആ ഭയം കാണിക്കേണ്ടത് അനിവാര്യമായിരുന്നു. ദൈവമായിട്ട് എന്റെ മനസിൽ ഇങ്ങനെയൊരു ചിന്ത തന്നതാണെന്നും, ‘ദൃശ്യം 3′ സംഭവിക്കേണ്ടത് തന്നെയായിരുന്നു എന്നുമാണ് ഞാൻ ശക്തമായി വിശ്വസിക്കുന്നത്’, ജീത്തു ജോസഫ് പറഞ്ഞു.

Content Highlight: Jeethu Joseph believes that God inspired him to direct Drishyam 3

കെ.എസ് ഷാബിന

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.

We use cookies to give you the best possible experience. Learn more