| Monday, 18th May 2026, 5:29 pm

ദൃശ്യം പോലെ നേര് 1, നേര് 2; ഹിറ്റ് ചിത്രത്തിന് രണ്ടാം ഭാഗമൊരുക്കുന്നതിനെക്കുറിച്ച് മോഹന്‍ലാലും ജീത്തു ജോസഫും

അശ്വിന്‍ രാജേന്ദ്രന്‍

തുടര്‍ച്ചയായ പരാജയങ്ങളില്‍ വലിയ വിമര്‍ശനം നേരിടേണ്ടി വന്നിരുന്ന മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാലിന് ഹിറ്റ് സമ്മാനിച്ചുകൊണ്ട് തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു ജീത്തു ജോസഫ് സംവിധാനം ചെയ്ത് 2023ല്‍ പുറത്തിറങ്ങിയ നേര്. ശാന്തി മായാദേവിയും ജീത്തു ജോസഫും ചേര്‍ന്ന് തിരക്കഥയെഴുതിയ ചിത്രം മോഹന്‍ലാലിന്റ കരിയറിലെ മികച്ച ഒരു വക്കീല്‍ വേഷമായിരുന്നു പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിരുന്നത്.

വിജയ് മോഹനായി താരം വേഷമിട്ട ചിത്രത്തിലൂടെ അനശ്വര രാജന്‍ എന്ന യുവനടിയുടെയും കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സിന് പ്രേക്ഷകര്‍ സാക്ഷ്യം വഹിച്ചിരുന്നു. ആശിര്‍വാദ് സിനിമാസ് നിര്‍മിച്ച ചിത്രം ആഗോളതലത്തില്‍ ഏകദേശം 80 കോടിയ്ക്ക് മുകളില്‍ കളക്ഷന്‍ നേടിക്കൊണ്ടായിരുന്നു തിയേറ്റര്‍ വിട്ടത്. ചിത്രത്തിന് ഇനി സ്വീകലുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് സംവിധായകന്‍ ജീത്തു ജോസഫും നടന്‍ മോഹന്‍ലാലും പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

നേര്. Photo: IMDB

ദൃശ്യം 3യുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ സംസാരിക്കവെയായിരുന്നു ഇരുവരുടെയും പ്രതികരണം. നേരിന് ഒരു രണ്ടാം ഭാഗമുണ്ടായില്ലെങ്കിലും വിജയ് മോഹന്‍ എന്ന കഥാപാത്രം വീണ്ടും തിരിച്ചുവന്നേക്കാമെന്ന് പറയുകയാണ് സംവിധായകന്‍. ഇത്തരത്തില്‍ ചെയ്യാനുള്ള സാധ്യതകളുണ്ടെന്നും ശാന്തി മായാദേവിയുമായി അടുത്തിടെ സംസാരിച്ചപ്പോള്‍ ഇതിനെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഇതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെങ്കിലും നല്ലൊരു സബ്‌ജെക്ട് വന്നാല്‍ മാത്രമേ ചിത്രം ചെയ്യുകയുള്ളൂ എന്നും ജീത്തു കൂട്ടിച്ചേര്‍ത്തു.

വിജയ് മോഹന്‍ എന്ന അഭിഭാഷകന്‍ ജോലിയില്‍ നിന്നും വിരമിക്കുന്നതിന് മുമ്പ് ചെയ്യണമെന്നതായിരുന്നു മോഹന്‍ലാലിന്റെ ആവശ്യം. എന്നാല്‍ അഭിഭാഷകര്‍ക്ക് വിരമിക്കല്‍ പ്രായമില്ലെന്നും അത് കൊണ്ട് പ്രശ്‌നമില്ലെന്നുമായിരുന്നു ജീത്തു ജോസഫിന്റെ മറുപടി. ദൃശ്യം ചെയ്ത പോലെ നേര് 1, നേര് 2 ചെയ്യാമെന്നും തമാശയോടെ മോഹന്‍ലാല്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

നേര്. Photo: IMDB

മോഹന്‍ലാലിന്റെ ജന്മദിനമായ മെയ് 21നാണ് ദൃശ്യം 3 തിയേറ്ററുകളിലെത്തുന്നത്. നേരത്തേ ഏപ്രില്‍ രണ്ടിന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കണക്കിലെടുത്ത് റിലീസ് തിയ്യതി മാറ്റുകയായിരുന്നു. ഇതിനോടകം അഡ്വാന്‍സ് ബുക്കിങ് ആരംഭിച്ച ചിത്രത്തിന്റെ ടിക്കറ്റുകള്‍ വിദേശരാജ്യങ്ങളിലടക്കം വിറ്റുതീര്‍ന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Content Highlight: Jeethu Joseph and Mohanlal talks about the chances for the sequel of Neru

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more