മലയാളം ഇന്‍ഡ്‌സ്ട്രിയുടെ മാക്‌സിമം പൊട്ടന്‍ഷ്യല്‍ എന്തായിരിക്കുമെന്ന് ബോക്‌സ് ഓഫീസിന് തെളിയിച്ചുകൊടുക്കുന്ന ചിത്രമായാണ് പലരും ദൃശ്യം 3യെ കണക്കാക്കുന്നത്. 2013ല്‍ ആദ്യ ഭാഗം ഇന്‍ഡസ്ട്രി ഹിറ്റായപ്പോള്‍ 2021ല്‍ പുറത്തിറങ്ങിയ രണ്ടാം ഭാഗം പാന്‍ ഇന്ത്യന്‍ സെന്‍സേഷനായി മാറി. കഴിഞ്ഞ വര്‍ഷമാണ് ദൃശ്യത്തിന് മൂന്നാം ഭാഗമുണ്ടാകുമെന്ന് ജീത്തു ജോസഫ് അറിയിച്ചത്.
ആറ് ഭാഷകളില്‍ റീമേക്ക് ചെയ്യപ്പെട്ട ചിത്രമാണ് ദൃശ്യം. ഇടക്ക് തകര്‍ച്ചയില്‍ നിന്ന ബോളിവുഡിന് ലഭിച്ച ആശ്വാസ ജയമായിരുന്നു ദൃശ്യം 2വിന്റേത്. അടുത്തിടെ ദൃശ്യം 3യുടെ ഹിന്ദി വേര്‍ഷന്‍ ആദ്യം റിലീസ് ചെയ്യുമെന്നുള്ള റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സംവിധായകന്‍ ജീത്തു ജോസഫ് ഇക്കാര്യം തള്ളിക്കളയുകയും ചെയ്തു. ഇപ്പോഴിതാ ഹിന്ദിയിലെ നിര്‍മാതാക്കളുമായി നടത്തിയ ചര്‍ച്ചയെക്കുറിച്ച് സംസാരിക്കുകയാണ് ജീത്തു ജോസഫ്.
‘ദൃശ്യം 2 റിലീസായി, അത് ഹിറ്റായതിന് ശേഷം ഹിന്ദിയിലെ പ്രൊഡ്യൂസേഴ്‌സ് ഇടക്കൊക്കെ എന്നെ വിളിക്കാറുണ്ടായിരുന്നു. ‘മൂന്നാം ഭാഗം ഉണ്ടാകുമോ, ഉണ്ടെങ്കില്‍ എപ്പോഴാകും എന്നൊക്കെ ചോദിച്ച് ഒരുപാട് മെസേജ് വരാറുണ്ട്’ എന്ന് അവര്‍ ചോദിക്കാറുണ്ടായിരുന്നു. ഞങ്ങളോടും അതൊക്കെ ചോദിക്കുന്നുണ്ടെന്നും പക്ഷേ മൂന്നാം ഭാഗം തത്കാലം ആലോചനയിലില്ലെന്നും മറുപടി കൊടുക്കും.
അങ്ങനെയിരിക്കുമ്പോഴാണ് കഴിഞ്ഞകൊല്ലം യാദൃശ്ചികമായി തേര്‍ഡ് പാര്‍ട്ടിന്റെ ഒരു ഐഡിയ ക്രാക്കായി കിട്ടുന്നത്. അത് കൂടെയുള്ളവരുമായി ഷെയര്‍ ചെയ്ത് അതിനെ ഡെവലപ്പ് ചെയ്തു. എന്നിട്ടാണ് തേര്‍ഡ് പാര്‍ട്ട് അനൗണ്‍സ് ചെയ്ത്. അപ്പോള്‍ ഹിന്ദിയിലെ പ്രൊഡക്ഷന്‍ ടീം ഞങ്ങളെ വീണ്ടും സമീപിച്ചു. അവര്‍ക്ക് അത് ഹിന്ദിയില്‍ ചെയ്യണം എന്ന് പറഞ്ഞു.
ഇപ്പോള്‍ മലയാളത്തില്‍ ഏത് സിനിമ ഇറങ്ങിയാലും അത് അപ്പോള്‍ തന്നെ പാന്‍ ഇന്ത്യനാകും. ഡബ്ബ് വേര്‍ഷനില്ലെങ്കിലും സബ്‌ടൈറ്റിലിട്ട് ആളുകള്‍ പടം കാണും. അപ്പോള്‍ മലയാളത്തില്‍ ആദ്യം റിലീസായാല്‍ അത് അവരുടെ വരുമാനത്തെ ബാധിക്കുമോ എന്ന് പേടിച്ചു. അങ്ങനെയാണ് ഒന്നിച്ച് ഷൂട്ട് തുടങ്ങാം എന്ന തീരുമാനത്തിലെത്തിയത്. കഴിഞ്ഞദിവസം അവര്‍ വന്ന് സ്‌ക്രിപ്റ്റ് വാങ്ങിക്കൊണ്ട് പോയി. അവരുടെ കള്‍ച്ചറിന്റേതായിട്ടുള്ള മാറ്റം വരുത്തിയിട്ട് ഷൂട്ട് ചെയ്യുമായിരിക്കും,’ ജീത്തു ജോസഫ് പറയുന്നു.
Content Highlight: Jeethu Joseph about the Hindi remake of Drishyam 3