| Friday, 25th July 2025, 10:09 pm

ദൃശ്യം 2വില്‍ എന്തിനാണ് അങ്ങനെയൊരു സീന്‍ ചെയ്തതെന്ന് തെലുങ്ക് വേര്‍ഷന്റെ എഡിറ്റര്‍ എന്നോട് ചോദിച്ചു: ജീത്തു ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളസിനിമക്ക് പാന്‍ ഇന്ത്യന്‍ റീച്ച് സമ്മാനിച്ച ചിത്രങ്ങളിലൊന്നായിരുന്നു ദൃശ്യം 2. മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിന് വന്‍ ഹൈപ്പായിരുന്നു ഉണ്ടായിരുന്നത്. ഒ.ടി.ടി റിലീസായെത്തിയ ചിത്രം ഭാഷാതിര്‍ത്തികള്‍ കടന്ന ചര്‍ച്ചയായി മാറി. മലയാളത്തിന് പിന്നാലെ തെലുങ്ക്, ഹിന്ദി ഭാഷകളിലേക്ക് റീമേക്ക് ചെയ്യുകയും വന്‍ വിജയമാവുകയും ചെയ്തു.

ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ജീത്തു ജോസഫ്. തെലുങ്ക് റീമേക്കിന്റെ സമയത്ത് അതിന്റെ എഡിറ്റര്‍ തന്നോട് സംസാരിച്ചിരുന്നെന്ന് ജീത്തു ജോസഫ് പറഞ്ഞു. ദൃശ്യം 2വിന്റെ ക്ലൈമാക്‌സില്‍ മോഹന്‍ലാലും മുരളി ഗോപിയും കോടതി വരാന്തയിലൂടെ മുഖാമുഖം നടന്നുവരുന്ന സീന്‍ എന്തിനാണ് ചെയ്തതെന്ന് അയാള്‍ തന്നോട് ചോദിച്ചെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

കഥയില്‍ ആ സീനിന് പ്രാധാന്യമില്ലെന്നും എന്നാല്‍ മോഹന്‍ലാല്‍ എന്ന സൂപ്പര്‍താരത്തിന്റെ ആരാധകര്‍ക്ക് ആഘോഷിക്കാന്‍ എന്തെങ്കിലും വേണമെന്ന ചിന്തയിലാണ് ആ സീന്‍ ചെയ്തതെന്നും അദ്ദേഹം പറയുന്നു. താന്‍ ഉദ്ദേശിച്ച രീതിയില്‍ ആ സീന്‍ വര്‍ക്കായെന്നും സംവിധായകന്‍ പറഞ്ഞു. മൂവീ വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു ജീത്തു ജോസഫ്.

ദൃശ്യം 2 തെലുങ്കിലേക്ക് ചെയ്യുന്ന സമയത്ത് അതിന്റെ എഡിറ്റര്‍ എന്നോട് സംസാരിച്ചിരുന്നു. മലയാളത്തില്‍ ആ സിനിമയുടെ ക്ലൈമാക്‌സിനോടടുക്കുമ്പോള്‍ ജോര്‍ജ് കുട്ടിയും ഡി.ഐ.ജി ബാസ്റ്റിനും കോടതി വരാന്തയിലൂടെ നടക്കുന്ന സീനുണ്ട്. രണ്ടുപേരും ഫേസ് ടു ഫേസ് വരുന്നതാണ് ആ സീനില്‍. ലാലേട്ടന്റെ സാധാരണ നടത്തം വലിയ ഇംപാക്ടുണ്ടാക്കി.

‘എന്തിനാണ് അങ്ങനെയൊരു സീന്‍ ചെയ്തത്’ എന്ന് അയാള്‍ എന്നോട് ചോദിച്ചു. ആ നടന്നുവരുന്ന കഥാപാത്രം സാധാരണക്കാരനാണെങ്കിലും അത് ചെയ്തിരിക്കുന്നത് മോഹന്‍ലാലാണ്. അപ്പോള്‍ അത്രയും വലിയൊരു സ്റ്റാറിന് മാസ്സാകാന്‍ എന്തെങ്കിലുമൊന്ന് വേണം. അതുകൊണ്ടാണ് ഞാന്‍ അവിടെ അങ്ങനെയൊരു സീന്‍ ചെയ്തത്.

കാരണം, ജോര്‍ജ്കുട്ടിയെ ഒന്നും ചെയ്യാന്‍ പറ്റാത്തതിന്റെ ഫ്രസ്‌ട്രേഷന്‍ ആ പൊലീസിനുണ്ട്. അതിനിടയിലാണ് അയാള്‍ ജോര്‍ജ് കുട്ടിയെ ഫേസ് ചെയ്യുന്നതും മുഖത്ത് ദേഷ്യം വരുന്നതും. എന്നാല്‍ ആ സീന്‍ മുഴുവന്‍ നോക്കിയാല്‍ ജോര്‍ജ്കുട്ടി നടക്കുന്നത് സാധാരണക്കാരനായാണ്. അയാളെ കോടതി വെറുതേവിട്ടു, അയാള്‍ അടുത്ത പണിക്ക് പോയി എന്ന ചിന്തയാണ് ആ കഥാപാത്രത്തിന്,’ ജീത്തു ജോസഫ് പറഞ്ഞു.

Content Highlight: Jeethu Joseph about the climax of Drishyam 2

We use cookies to give you the best possible experience. Learn more