| Friday, 27th May 2022, 3:33 pm

'ഓ അമ്പ്രാ ഓ അമ്പ്രാ എന്ന ഡയലോഗ് ലാലേട്ടന്‍ ചെയ്തുകണ്ടപ്പോള്‍ ചിരിച്ചുപോയി'; പക്ഷേ അതേ വോയ്‌സ് ഡബ്ബ് ചെയ്‌തെടുക്കാന്‍ കുറച്ച് ബുദ്ധിമുട്ടി: ജീത്തു ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ മിസ്റ്ററി ത്രില്ലര്‍ ചിത്രം 12ത്ത് മാന്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. മോഹന്‍ലാലിന്റെ കഥാപാത്രം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

കുടിയനായുള്ള കഥാപാത്രം എപ്പോഴത്തേയും പോലെ തന്നെ മികവുറ്റതാക്കാന്‍ മോഹന്‍ലാലിന് സാധിച്ചിട്ടുണ്ട്. ചിത്രത്തിലെ തന്റെ ഇഷ്ടപ്പെട്ട ചില രംഗങ്ങളെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ജീത്തു ജോസഫ്.

ഈ സിനിമയില്‍ ലാലേട്ടന്റെ മാജിക് കണ്ടത് എന്തായിരുന്നു എന്ന ചോദ്യത്തിന് തീര്‍ച്ചയായും കള്ളുകുടി സ്വീകന്‍സ് തന്നെ ആണെന്നായിരുന്നു ജീത്തുവിന്റെ മറുപടി.

‘ഓ അമ്പ്രാ ഓ അമ്പ്ര എന്ന് കൈകൂപ്പി ലാലേട്ടന്‍ പറയുന്ന ഒരു ഡയലോഗുണ്ട്. ഞങ്ങള്‍ ചിരിച്ചുപോയി. എന്തൊരു രസമായിട്ടാ അത് ചെയ്തതെന്ന് അറിയുമോ, എന്നാല്‍ അതേ വോയ്‌സ് ഡബ്ബ് ചെയ്‌തെടുക്കാന്‍ നേരത്ത് കുറച്ച് പണിപെട്ടു. ലൈവായിട്ട് അത് ചെയ്തപ്പോള്‍ ഭയങ്കര രസമായിരുന്നു.

അത് ശരിക്കും സ്‌ക്രിപ്റ്റില്‍ ഇല്ലായിരുന്നു എന്ന് തോന്നുന്നു. പെട്ടെന്ന് ഇങ്ങനെ എന്തെങ്കിലും പറയാന്‍ ഞാന്‍ ആവശ്യപ്പെട്ടപ്പോള്‍ അതങ്ങ് പെട്ടെന്ന് വന്നതാ. കട്ട് പറഞ്ഞു കഴിഞ്ഞാല്‍ പുള്ളി അവിടെ നോര്‍മലായി നിന്ന് വര്‍ത്താനം പറയും. തിരിച്ചുവരുമ്പോള്‍ ആ കണ്ടിന്യൂറ്റി മെയ്‌ന്റെയ്ന്‍ ചെയ്തുപോകുകയും ചെയ്യും.

അതുപോലെ ദൃശ്യത്തില്‍ കാറില്‍ ഇരുന്ന് കള്ളുകുടിക്കുന്ന സീനുണ്ട്. മൂന്ന് മിനുട്ട് 10 സെക്കന്റിന്റെ ഷോട്ടാണ് അത്. രണ്ട് സൈഡില്‍ നിന്നും ക്യാമറ വെച്ചിട്ട് സിംഗിള്‍ ടേക്കില്‍ പോയി. ദിനേഷും ലാലേട്ടനും മത്സരിച്ച് തകര്‍ത്ത് അഭിനയിച്ചു. ദിനേഷ് കൗണ്ടര്‍ കൊടുത്തതുകൊണ്ട് കൂടിയാണ് ലാലേട്ടന് അത് ചെയ്യാന്‍ കഴിയുന്നത്, ജീത്തു ജോസഫ് പറഞ്ഞു.

ദൃശ്യത്തില്‍ ലാലേട്ടനൊപ്പം ചെയ്യുമ്പോള്‍ ഭയങ്കര പേടിയായിരുന്നെന്ന് കേട്ടിട്ടുണ്ട്. ഇപ്പോള്‍ എങ്ങനെയാണെന്ന ചോദ്യത്തിന് പേടി ആദ്യമല്ലേ, ബഹുമാനം എന്നുമുണ്ട് എന്നായിരുന്നു ജീത്തുവിന്റെ മറുപടി.

പേടിയെന്നാല്‍ അദ്ദേഹത്തിന് നമ്മള്‍ പറയുന്നത് ഇഷ്ടപ്പെടാതെ വരുമോ എന്നൊക്കെയുള്ളതായിരുന്നു. ആളെ മനസിലായപ്പോള്‍ കുഴപ്പമില്ലെന്ന് നമുക്കും മനസിലായി. റെസ്പക്ട് കൊടുത്ത് തന്നെയാണ് മുന്നോട്ടു പോകുന്നത്. കമ്പനിയായി വാചകമടിച്ചൊക്കെ പോകും. കമ്പനിയായെന്ന് പറഞ്ഞ് എടാ, എന്നാ ഉണ്ടെഡാ എന്ന് ചോദിച്ച് എനിക്ക് ലാല്‍ സാറിന്റെ തോളില്‍പോയി കയ്യിടാന്‍ പറ്റില്ലല്ലോ. ഞാന്‍ നില്‍ക്കേണ്ടിടത്ത് നിന്ന് പോകുന്നു, ജീത്തു ജോസഫ് പറഞ്ഞു.

ചിത്രത്തില്‍ നന്ദുവും മോഹന്‍ലാലും ഉള്ള ഒരു രംഗത്തില്‍ മോഹന്‍ലാല്‍ കാണിച്ച ഒരു ഗോഷ്ടിയെ കുറിച്ചും ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നു. ചിത്രത്തിലെ പ്രസ്തുത സീന്‍ കേട്ടപ്പോള്‍ ലാലേട്ടന്‍ തന്നെയായിരുന്ന ഇങ്ങനെ ഒരു നിര്‍ദേശം മുന്നോട്ട് വെച്ചതെന്നാണ് ജീത്തു പറഞ്ഞത്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് 12ത്ത് മാന്‍ നിര്‍മിച്ചത്. നവാഗതനായ കെ.ആര്‍. കൃഷ്ണകുമാര്‍ ആണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചത്. ഉണ്ണി മുകുന്ദന്‍, അനുശ്രീ, അദിതി രവി, ലിയോണ ലിഷോയ്, വീണ നന്ദകുമാര്‍, ഷൈന്‍ ടോം ചാക്കോ, സൈജു കുറുപ്പ്, ശാന്തി പ്രിയ, പ്രിയങ്ക നായര്‍, ശിവദ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlight: Jeethu Joseph about Mohanlal Performance and a Particular scene on 12th man

Latest Stories

We use cookies to give you the best possible experience. Learn more