| Monday, 26th January 2026, 2:22 pm

സ്‌ക്രിപ്റ്റില്‍ മാറ്റം വരുത്തിക്കോട്ടെ എന്ന് പനോരമ സ്റ്റുഡിയോസ്, ആയിക്കോട്ടെ എന്ന് ഞാനും: ജീത്തു ജോസഫ്

ആദര്‍ശ് എം.കെ.

ഇന്ത്യന്‍ സിനിമാരംഗത്ത് വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമാണ് ജീത്തു ജോസഫ് സംവിധാനത്തില്‍ 2013ല്‍ പുറത്തിറങ്ങിയ ദൃശ്യം. മലയാളത്തിന്റെ സ്വന്തം മോഹന്‍ലാല്‍ നായകനായ ചിത്രത്തിന്റെ ഹിന്ദി വേര്‍ഷനില്‍ നായകനായി അഭിനയിച്ചത് ബോളിവുഡ് സൂപ്പര്‍ താരം അജയ് ദേവ്ഗണ്‍ ആയിരുന്നു.

മലയാളത്തിലെ ദൃശ്യത്തിന്റെ ആദ്യ രണ്ടു ഭാഗങ്ങളും റീമേക്ക് ചെയ്ത ഹിന്ദി പതിപ്പുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ഉത്തരേന്ത്യയില്‍ ലഭിച്ചത്. ഇപ്പോള്‍ ദൃശ്യം 3യെ കുറിച്ചും ഹിന്ദി റീമേക്കിനെ കുറിച്ചും സംസാരിക്കുകയാണ് സംവിധായകന്‍ ജീത്തു ജോസഫ്.

കഥാപശ്ചാത്തലത്തിനും സംസ്‌കാരത്തിനുമനുസരിച്ച് ഹിന്ദി റീമേക്കില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നാണ് ജീത്തു പറയുന്നത്. റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പനോരമ സ്റ്റുഡിയോസ് വന്ന് സ്‌ക്രിപ്റ്റ് വായിച്ചു. ഇവിടുത്തെ സോഷ്യല്‍ രീതികളും അവിടുത്തെ സോഷ്യല്‍ രീതികളും രണ്ടും വ്യത്യസ്തമാണ്. അവിടെയും ഇവിടെയും ഓഡിയന്‍സിന്റെ ടേസ്റ്റും കുറച്ച് വ്യത്യാസമുണ്ട്.

നമ്മുടെ പശ്ചാത്തലത്തില്‍ ചെയ്ത ചില കാര്യങ്ങള്‍ അവിടുത്തെ ഓഡിയന്‍സിന് സെറ്റാകില്ല. ദൃശ്യത്തിനും ദൃശ്യം 2നും അവര്‍ ആ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

ഈ സ്‌ക്രിപ്റ്റും വായിച്ചുകഴിഞ്ഞപ്പോള്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ കൊള്ളാമെന്നുണ്ടെന്ന് അവര്‍ പറഞ്ഞു. ആയിക്കോട്ടെയെന്ന് ഞാനും. റിലീസ് ചെയ്ത ശേഷം റൈറ്റ്‌സ് വിറ്റാലും അവര്‍ക്ക് അതില്‍ മാറ്റങ്ങള്‍ വരുത്താനുള്ള അധികാരമുണ്ട്,’ ജീത്തു ജോസഫ് പറഞ്ഞു.

ജീത്തു ജോസഫ്

ദൃശ്യം 3 ഹിന്ദി പതിപ്പിന്റെ ഷൂട്ടിങ് ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം ഒക്ടോബറില്‍ ചിത്രം തിയേറ്ററുകളിലെത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

ചിത്രത്തിന്റെ ഒറിജിനല്‍ വേര്‍ഷനായ ജീത്തു ജോസഫിന്റെ ദൃശ്യം 3യുടെ ഷൂട്ടിങ്ങ് ഈ മാസമാദ്യം പൂര്‍ത്തിയാക്കിയിരുന്നു.

ചിത്രത്തിന്റെ എല്ലാ വിധ റൈറ്റ്സുകളും അജയ് ദേവ്ഗണിന്റെ ഉടമസ്ഥതയിലുള്ള പനോരമ സ്റ്റുഡിയോസാണ് ഏറ്റെടുത്തത്. വലിയ രീതിയിലുള്ള വിമര്‍ശനവും ഇതിന് പിന്നാലെ നിര്‍മാതാവായ ആന്റണി പെരുമ്പാവൂരിന് നേരിടേണ്ടി വന്നിരുന്നു. ചിത്രം ഇനി എന്ന് പുറത്തിറങ്ങണമെന്ന് പനോരമ സ്റ്റുഡിയോസ് തീരുമാനിക്കുമെന്നും പണത്തിനായി ചിത്രത്തെ വില്‍ക്കേണ്ടിയിരുന്നില്ലെന്നുമാണ് കമന്റുകള്‍.

എന്നാല്‍ ഏകദേശം 350 കോടി രൂപക്കാണ് ചിത്രത്തിന്റെ റൈറ്റ്സ് വിറ്റ് പോയതെന്നും മോഹന്‍ലാല്‍ എന്ന ബ്രാന്‍ഡിന് മാത്രമേ ചിത്രത്തിന്റെ റിലീസിന് മുമ്പ് ഇത്രയും കളക്ഷന്‍ നേടാന്‍ സാധിക്കുള്ളൂവെന്നും പറഞ്ഞ് നിര്‍മാതാവ് രഞ്ജിത് രംഗത്തെത്തിയിരുന്നു. എന്നാല്‍ പനോരമ സ്റ്റുഡിയോസും ആശിര്‍വാദ് സിനിമാസും ഈ കാര്യത്തില്‍ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.

Content Highlight: Jeethu Joseph about Drishyam 3 and its Hindi remake

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more