| Thursday, 16th July 2026, 7:10 am

ജീവിതത്തിൽ പപ്പ നൽകിയ ഏറ്റവും വലിയ ഉപദേശം അതായിരുന്നു: ജീൻ പോൾ ലാൽ

നന്ദന. ടി

ഹണി ബീ, ഡ്രൈവിംഗ് ലൈസൻസ്, നടികർ തുടങ്ങിയ ചിത്രങ്ങളിലൂടെ തന്റെ സംവിധാന മികവ് തെളിയിച്ച സംവിധായകനും നടനുമാണ് ലാൽ ജൂനിയർ എന്ന ജീൻ പോൾ ലാൽ. പ്രശസ്ത നടനും സംവിധായകനുമായ ലാലിന്റെ മകനായ ജീൻ പോൾ, സംവിധാനത്തിന് പുറമെ അഭിനയത്തിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

മഞ്ഞുമ്മൽ ബോയ്സി ലെ സിജു, ബാലൻ ദി ബോയ് എന്ന ചിത്രത്തിലെ പവിത്രൻ എന്ന പൊലീസ് വേഷം എന്നിവയിലൂടെ അദ്ദേഹത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ പിതാവിൽ നിന്ന് ലഭിച്ച ഉപദേശങ്ങളെയും സുഹൃത്തുക്കളുമായും കുടുംബവുമായുമുള്ള ബന്ധത്തെയും കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ പങ്കുവെക്കുകയാണ് ജീൻ പോൾ ലാൽ. മനോരമ ഓൺലൈന്  നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജീൻ പോൾ ലാൽ.photo.screen grab/youtube

‘ജീവിതത്തിൽ പപ്പ തന്നിട്ടുള്ള ഏറ്റവും വലിയ ഒരു ഉപദേശം എന്താണെന്ന് വെച്ചാൽ, ജീവിതത്തിൽ നമ്മൾ ഷൈൻ ചെയ്യുന്നതിലൊന്നും വലിയ കാര്യമില്ല എന്നാണ്. അതായത് ഉദാഹരണത്തിന്, നമ്മൾ ട്രെയിനിൽ കയറി പോയിക്കൊണ്ടിരിക്കുമ്പോൾ കമ്പിയിൽ തൂങ്ങി പുറത്തോട്ട് നിൽക്കുമ്പോൾ ഭയങ്കരമായി നമ്മൾ എന്തോ ഷൈൻ ചെയ്തതുപോലെ തോന്നും. പക്ഷേ അതല്ല നമുക്ക് ജീവിതത്തിൽ വേണ്ടതും നമ്മളെ മുന്നോട്ട് എത്തിക്കാൻ പോകുന്നതും. അവിടെ തൂങ്ങി നിൽക്കാതെ മാറി നിൽക്കുകയും, ആരെങ്കിലും അങ്ങനെ തൂങ്ങി നിൽക്കുന്നത് കണ്ടാൽ ‘എടാ കയറി നിക്ക്’ എന്ന് പറഞ്ഞു കൊടുക്കുന്നതുമാണ് യഥാർത്ഥ ഹീറോയിസം എന്ന് പപ്പ പറഞ്ഞു തന്നത് ഇപ്പോഴും ഓർമ്മയിലുണ്ട്. അത് ഞാൻ ജീവിതത്തിൽ പിന്തുടരുന്ന ഒന്നുമാണ്.

പിന്നെ ഏറ്റവും നല്ല സംഭാഷണങ്ങൾ ഇപ്പോഴും എന്റെ കുടുംബത്തിൽ തന്നെയാണ് എനിക്കുള്ളത്. പിന്നെ എനിക്ക് നല്ലൊരു കൂട്ടം സുഹൃത്തുക്കളുമുണ്ട്. നടികർ തിലകം എന്ന സിനിമയ്ക്ക് മുൻപൊക്കെ എനിക്ക് സുഹൃത്തുക്കളുടെ ഒരു വലിയ വലയം തന്നെയുണ്ടായിരുന്നു. ഇവരെല്ലാവരും തന്നെ സിനിമയിലുള്ളവരുമാണ്.  ഞാൻ പിന്നീട് തിരിച്ചറിഞ്ഞത് നമ്മൾ ഒരുപാട് കംഫർട്ടബിൾ ആയിക്കഴിഞ്ഞാൽ നമുക്ക് ജഡ്ജ്‌മെന്റുകൾ ഇല്ലാതെയാവും എന്നാണ്. കാരണം നമ്മൾ ചെയ്യുന്നത് എല്ലാം ഇഷ്ടപ്പെടുന്നവരാണ് നമ്മുടെ ചുറ്റുമുള്ളതെങ്കിൽ നമ്മൾ എന്താണ് ചെയ്യുന്നത് എന്ന് തിരിച്ചറിയാൻ കുറച്ച് പാടാണ്. ആ ഒരു അർത്ഥത്തിൽ ഞാൻ ഇപ്പോൾ സിനിമാ കാര്യങ്ങൾ എന്റെ ഫ്രണ്ട്സിന്റെ അടുത്തുനിന്ന് മാറ്റി നിർത്താനാണ് ശ്രമിക്കാറുള്ളത്. കാരണം കൂട്ടുകാർ കൂട്ടുകാരായിട്ട് ഇരിക്കുന്നത് തന്നെയാണ് എല്ലാറ്റിനും നല്ലത്.

സിനിമ ഒരു ഗ്ലാമർ ഇൻഡസ്ട്രി ആയതുകൊണ്ടും എല്ലാവരും വരാൻ ആഗ്രഹിക്കുന്നത് കൊണ്ടും ഒരു അവസരമുണ്ടെങ്കിൽ സിനിമയിൽ വർക്ക് ചെയ്താൽ കൊള്ളാം എന്നൊരു ആഗ്രഹം എല്ലവർക്കും വരും. അപ്പോൾ അത് നമുക്ക് പിന്നീട് ഒരു ബാധ്യതയാകുന്ന പരിപാടിയാണ്. അതുകൊണ്ട് ആ ഒരു അർത്ഥത്തിൽ ഞാൻ ഇപ്പോൾ ബിസിനസ്സും ജീവിതവും തമ്മിൽ ഇടകലർത്താറില്ല.

പിന്നെ ഞാൻ എല്ലാ കാര്യങ്ങളും സംസാരിക്കുന്നത് പപ്പയുടെയും മമ്മയുടെയും അടുത്താണ്. ഇപ്പോൾ എന്റെ പാർട്ണറുണ്ട്, പാർട്ണറിന്റെ അടുത്തും ഞാൻ ഒരുപാട് കാര്യങ്ങൾ സംസാരിക്കാറുണ്ട്. എല്ലാ മനുഷ്യരെയും പോലെ കുടുംബം തന്നെയാണ് എന്റെയും സപ്പോർട്ട് സിസ്റ്റം,’ ജീൻപോൾ ലാൽ പറഞ്ഞു.

ജീൻ പോൾ ലാൽ. ലാൽ ജോസ് .photo.The Indian Express

Content Highlight: Jean paul lal talks about his father, family and friends
നന്ദന. ടി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more