കേരളക്കരയെ മുഴുവന്‍ ‘മച്ചാനേ, ഫ്രീക്കേ’ എന്നി വിളികള്‍ പരിചയപ്പെടുത്തിയ ചിത്രമായിരുന്നു ഹണീ ബീ. ആസിഫിനെ നായകനാക്കിയ ഈ ചിത്രത്തിലൂടെയാണ് ജീന്‍ പോള്‍ ലാല്‍ സംവിധാനരംഗത്തേക്ക് കടന്നുവന്നത്. സംവിധാനരംഗത്ത് തന്റേതായ കയ്യൊപ്പ് പതിപ്പിച്ച ജീന്‍ ക്യാമറക്ക് മുന്നിലും പ്രേക്ഷകരെ ഞെട്ടിച്ചു.
അരുണ്‍ കുമാര്‍ അരവിന്ദ് ഒരുക്കിയ അണ്ടര്‍വേള്‍ഡ്, പ്രിയദര്‍ശന്റെ കൊറോണ പേപ്പേഴ്‌സ് എന്നീ ചിത്രങ്ങളില്‍ ജീനിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്‌സില്‍ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് ജീന്‍ പ്രത്യക്ഷപ്പെട്ടത്. അതുവരെ താടിയും മീശയും വളര്‍ത്തിയ രൂപത്തില്‍ മാത്രം കണ്ടിട്ടുള്ള ജീന്‍ താടി വടിച്ചിട്ടാണ് മഞ്ഞുമ്മല്‍ ബോയ്‌സില്‍ അഭിനയിച്ചത്.
ജീന്‍ പോള്‍ ലാല്‍ Photo: Lal Jr/ Facebook
അതുവരെ കാണാത്ത ജീനിനെ മഞ്ഞുമ്മല്‍ ബോയ്‌സിലൂടെ ചിദംബരം പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തി. തന്റെ മൂന്നാമത്തെ സംവിധാന സംരംഭമായ ബാലനിലും ജീന്‍ പോളിന്റെ സാന്നിധ്യമുണ്ട്. ഇതുവരെ ചെയ്തതില്‍ വെച്ച് ഏറ്റവും മികച്ച കഥാപാത്രമാണ് ബാലനിലെ പവിത്രനെന്ന് സംശയമില്ലാതെ പറയാം. സിനിമയുടെ രണ്ടാം പകുതിയിലാണ് പവിത്രന്‍ എന്ന കഥാപാത്രം രംഗപ്രവേശം ചെയ്യുന്നത്.
ഒരുപാട് ലെയറുകളുള്ള കഥാപാത്രമാണ് പവിത്രന്‍. സ്വയരക്ഷക്ക് വേണ്ടി കൂടെ നില്‍ക്കുന്ന ആരെയും ചതിക്കാന്‍ മടിയില്ലാത്ത കഥാപാത്രമാണ് ഇയാള്‍. എന്ത് ചെയ്യുമെന്നോ പറയുമെന്നോ പ്രവചിക്കാനാകാത്ത സ്വഭാവമാണ് പവിത്രന്. ആദ്യത്തെ രണ്ട് സീനില്‍ തന്നെ ഈ കഥാപാത്രത്തിന്റെ സ്വഭാവം എങ്ങനെയാണെന്ന് സംവിധായകന്‍ വരച്ചിടുന്നുണ്ട്.
ജീന്‍ പോള്‍ ലാല്‍ Photo: Screen grab/ Zee music
പല സീനിലും ജീന്‍ പോളിന്റെ പെര്‍ഫോമന്‍സ് ലാലിനെ ഓര്‍മിപ്പിച്ചു. അതേ മാനറിസവും ലുക്കുമെല്ലാം ചേര്‍ന്നപ്പോള്‍ ലാലിനെ ഡീ ഏജ് ചെയ്യാന്‍ എങ്ങും പോകണ്ട എന്ന് സംശയമില്ലാതെ പറയാനാകും. കേരള ക്രൈം ഫയല്‍സിന്റെ അടുത്ത സീസണില്‍ ലാലും ജീന്‍ പോളും ചേര്‍ന്ന്ഒരു സീന്‍ വന്നാല്‍ ഗംഭീരമാകുമെന്ന് ബാലന്‍ കണ്ടപ്പോള്‍ തോന്നിപ്പോയി.
സംവിധായകര്‍ ക്യാമറക്ക് മുന്നിലെത്തുമ്പോഴെല്ലാം പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ട്. എന്നാല്‍ അവരില്‍ പലരും സംവിധാനത്തില്‍ നിന്ന് പൂര്‍ണമായും മാറിനിന്ന് അഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സിനിമാപ്രേമികള്‍ക്ക് നിരാശയാണ്. സംവിധാനത്തെക്കാള്‍ അഭിനയമാണ് എളുപ്പമെന്ന ചിന്തയില്‍ നിന്നാണ് സിനിമാപ്രേമികള്‍ ഇത്തരം നിരാശ സമ്മാനിക്കുന്നത്. ചിദംബരത്തിന്റെ ഫ്രെയിമില്‍ ജീന്‍ പോള്‍ ഇനിയും ഞെട്ടിക്കുമെന്ന് ഉറപ്പാണ്.
Content Highlight: Jean Paul Lal’s performance in Balan movie
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ