| Sunday, 12th July 2026, 8:30 pm

ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും ബെസ്റ്റ് അസോസിയേറ്റ് ഡയറക്ടര്‍, മമ്മൂക്കക്കും അദ്ദേഹം ഫേവറെറ്റാണ്: ജീന്‍ പോള്‍ ലാല്‍

അമര്‍നാഥ് എം.

നടനായും സംവിധായകനായും വിസ്മയിപ്പിച്ച ലാലിന്റെ അതേ പാതയിലൂടെയാണ് മകന്‍ ജീന്‍ പോള്‍ ലാലും സഞ്ചരിക്കുന്നത്. ഹണീ ബീയിലൂടെ സംവിധാന രംഗത്തേക്ക് കടന്നുവന്ന ജീന്‍ പോള്‍ പിന്നീട് നടികര്‍, ഹായ് ഐ ആം ടോണി തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. അണ്ടര്‍വേള്‍ഡ്, കൊറോണ പേപ്പേഴ്‌സ് തുടങ്ങിയ ചിത്രങ്ങളില്‍ ജീന്‍ പോളിന്റെ പ്രകടനവും ശ്രദ്ധ നേടിയിട്ടുണ്ട്.

ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമയെന്ന് പലരും വിശേഷിപ്പിച്ച ബാലനിലും ജീന്‍ പോള്‍ ഞെട്ടിച്ചിട്ടുണ്ട്. പവിത്രന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനായി മികച്ച പ്രകടനമാണ് ജീന്‍ പോള്‍ കാഴ്ചവെച്ചത്. അഭിനയവും സംവിധാനവും താന്‍ ഒരുപോലെ എന്‍ജോയ് ചെയ്യുന്ന പ്രവൃത്തികളാണെന്ന് പറയുകയാണ് ജീന്‍ പോള്‍ ലാല്‍.

ജീന്‍ പോള്‍ ലാല്‍ Photo: Screen grab/ Manorama Online

ആദ്യസിനിമയായ ഹണീ ബീ സംവിധാനം ചെയ്യുന്ന സമയത്ത് തനിക്ക് ഒരുപാട് ടെന്‍ഷനുണ്ടായിരുന്നെന്ന് ജീന്‍ പോള്‍ പറഞ്ഞു. ചെയ്യുന്നത് ശരിയാണോ എന്നറിയാന്‍ പലരോടും അഭിപ്രായം ചോദിച്ചെന്നും അവരുടെയടുത്ത് നിന്ന് നല്ല അഭിപ്രായമാണ് ലഭിച്ചതെന്നും താരം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ആദ്യത്തെ അംഗീകാരം ലഭിച്ചത് സംവിധായകന്‍ ജി. മാര്‍ത്താണ്ഡന്റെയടുത്ത് നിന്നായിരുന്നെന്നും ജീന്‍ പോള്‍ പറയുന്നു. മനോരമ ഓണ്‍ലൈനിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മാര്‍ത്താണ്ഡന്‍ എന്ന് പറയുന്ന ചേട്ടനുണ്ടായിരുന്നു. ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും ബെസ്റ്റ് അസോസിയേറ്റ് ഡയറക്ടറാണ് പുള്ളി. പപ്പയുടെ പല പടങ്ങളിലും മാര്‍ത്താണ്ഡന്‍ ചേട്ടന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. മമ്മൂക്കയുടെയും ഫേവറെറ്റ് ആളാണ് മാര്‍ത്താണ്ഡന്‍ ചേട്ടന്‍. പുള്ളി ഒരു സിനിമയില്‍ വര്‍ക്ക് ചെയ്യുന്നുണ്ടെങ്കില്‍ ഒന്നും പേടിക്കേണ്ട ആവശ്യമില്ല.

യാതൊരു ദുശീലവുമില്ലാത്തയാളാണ് പുള്ളി. സിനിമ മാത്രമാണ് മാര്‍ത്താണ്ഡന്‍ ചേട്ടന്റെ മനസിലുള്ളത്. ഒരു സിനിമയില്‍ വര്‍ക്ക് ചെയ്യാന്‍ തുടങ്ങിയാല്‍ ആ സിനിമയുടെ ഏത് സീനിനെക്കുറിച്ച് എപ്പോള്‍ ചോദിച്ചാലും അതിന് മാര്‍ത്താണ്ഡന്‍ ചേട്ടന്‍ പറഞ്ഞുതരും. അത്രയും ഡെഡിക്കേറ്റഡായ പുള്ളി എന്റെ വര്‍ക്കിനെ അഭിനന്ദിച്ചിട്ടുണ്ട്. ‘എടാ, കൊള്ളാം. നല്ല കിടിലന്‍ വര്‍ക്ക് തന്നെയാണ്. ഇത് കിടുക്കും’ എന്നായിരുന്നു മാര്‍ത്താണ്ഡന്‍ ചേട്ടന്‍ പറഞ്ഞത്. അത് തന്ന കോണ്‍ഫിഡന്‍സ് ചെറുതല്ല,’ ജീന്‍ പോള്‍ ലാല്‍ പറയുന്നു.

ആസിഫ് അലിയെ നായകനാക്കി ജീന്‍ പോള്‍ സംവിധാനം ചെയ്ത് 2013ല്‍ പുറത്തിറങ്ങിയ ഹണീ ബീ അന്നത്തെ ട്രെന്‍ഡ് സെറ്ററായി മാറിയിരുന്നു. കൊച്ചിയിലെ യുവത്വത്തിന്റെയും അവരുടെ സൗഹൃദത്തിന്റെയും കഥ പറഞ്ഞ ചിത്രം വന്‍ വിജയം സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഹണീ ബീയുടെ സീക്വലിന് പ്രതീക്ഷിച്ച വിജയം നേടാനായില്ല.

Content Highlight: Jean Paul Lal about the first appreciation got during Honey Bee movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more