| Monday, 13th July 2026, 10:29 am

സിനിമ ഹിറ്റായില്ല എന്നതിനപ്പുറം എന്നെ വിശ്വസിച്ച് പണം മുടക്കിയ ഒരു പ്രൊഡ്യൂസര്‍ക്ക് ബ്രേക്ക് ഇവന്‍ ഫിഗര്‍ പോലും ലഭിക്കാത്തതാണ് സങ്കടം: ജീന്‍ പോള്‍ ലാല്‍

അമര്‍നാഥ് എം.

അഭിനയവും സംവിധാനവും ഒരുപോലെ മുന്നോട്ട് കൊണ്ടുപോവുകയും രണ്ട് മേഖലകളിലും ഒരുപോലെ ഞെട്ടിക്കുകയും ചെയ്യുന്ന താരമാണ് ലാല്‍. അദ്ദേഹത്തിന്റെ പാതയിലൂടെയാണ് മകന്‍ ജീന്‍ പോള്‍ ലാലും സഞ്ചരിക്കുന്നത്. സംവിധായകനായി കരിയറാരംഭിച്ച ജീന്‍ പോള്‍ അഭിനയത്തിലും വിസ്മയിപ്പിക്കുന്നുണ്ട്. ചിദംബരം സംവിധാനം ചെയ്ത ബാലനിലും ജീന്‍ പോള്‍ ഞെട്ടിച്ചു.

ജീന്‍ പോളിന്റെ സംവിധാനത്തില്‍ 2024ല്‍ തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു നടികര്‍. ടൊവിനോ തോമസ് നായകനായെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ പരാജയമായിരുന്നു. 40 കോടിക്കടുത്ത് ചെലവഴിച്ച് ഒരുക്കിയ ചിത്രം 10 കോടിയോളം മാത്രമാണ് സ്വന്തമാക്കിയത്. ഒന്നര വര്‍ഷത്തിലേറെ ഒ.ടി.ടി റിലീസാകാതെ കിടന്ന നടികര്‍ അടുത്തിടെയാണ് ഒ.ടി.ടിയിലെത്തിയത്.

ജീന്‍ പോള്‍ ലാല്‍ Photo: Screen grab/ Manorama Online

ചിത്രം പരാജയമായത് തനിക്ക് ഒരുപാട് വിഷമമുണ്ടാക്കിയെന്ന് പറയുകയാണ് ജീന്‍ പോള്‍ ലാല്‍. വെറുമൊരു സിനിമ എന്നതിനപ്പുറം ഒരു മെസേജ് നടികറിലൂടെ പറയാന്‍ താന്‍ ശ്രമിച്ചെന്ന് ജീന്‍ പോള്‍ പറഞ്ഞു. ഒരു സൂപ്പര്‍സ്റ്റാറായി നില്‍ക്കുന്ന ഒരാള്‍ക്ക് ഏറ്റവും അത്യാവശ്യമായി വേണ്ട ഗുണം മനുഷ്യത്വമാണെന്ന സന്ദേശമാണ് നടികറിലൂടെ പറയാന്‍ ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു ജീന്‍ പോള്‍.

‘അവന്റെ പാസ്റ്റിലെ ട്രോമയും അവന്‍ ചെയ്യുന്ന കഥാപാത്രത്തിന്റെ മാനസികാവസ്ഥയും ഒരുപോലെയാകുന്നിടത്താണ് സിനിമ അവസാനിക്കുന്നത്. അതിലൂടെ ആ സൂപ്പര്‍സ്റ്റാറിന് ഒരുപാട് തിരിച്ചറിവുകളും കിട്ടുന്നുണ്ട്. അത്രയും നല്ലൊരു കഥ എന്റെ കൈയില്‍ കിട്ടുകയും അത് സിനിമയാക്കിയപ്പോള്‍ ഹിറ്റാകാതെ പോയതില്‍ വിഷമമുണ്ട്.

നടികര്‍ Photo: Theatrical poster

എന്നെ വിശ്വസിച്ച് ഈ കഥ കേട്ട് അതിന് പണം മുടക്കിയ പ്രൊഡ്യൂസര്‍ക്ക് ബ്രേക്ക് ഇവന്‍ ഫിഗര്‍ പോലും കിട്ടിയില്ലെന്ന് പറയുമ്പോള്‍ സങ്കടത്തെക്കാള്‍ നിരാശയാണ്. ഐ ആം ഡിസപ്പോയിന്റഡ്, ഐ ഫീല്‍ ഡിസ്‌റെസ്പ്കടഡ് ആന്‍ഡ് സാഡ്. പക്ഷേ, അടുത്തത് എന്തായാലും ഹിറ്റാക്കണമെന്ന വാശിയാണ് എനിക്കിപ്പോള്‍,’ ജീന്‍ പോള്‍ ലാല്‍ പറയുന്നു.

ദിവസവും മൂന്ന് നാല് മണിക്കൂര്‍ സിനിമയും സീരീസുകളും കാണാനായി മാറ്റിവെക്കാറുണ്ടെന്നും അതില്‍ നിന്ന് പലപ്പോഴും ഇന്‍സ്പയറാകാറുണ്ടെന്നും ജീന്‍ പോള്‍ പറഞ്ഞു. സിനിമയെക്കാള്‍ സീരീസുകള്‍ ചെയ്യാനാണ് ഇപ്പോള്‍ റിസ്‌കെന്നും എല്ലായ്‌പ്പോഴും അപ്‌ഗ്രേഡാകുന്ന മേഖലയാണ് അതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Jean Paul Lal about Nadigar movie failure

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more