| Sunday, 26th October 2025, 11:04 pm

പാര്‍ട്ടിക്കെതിരെ മത്സരിക്കാന്‍ തീരുമാനിച്ചു; സിറ്റിങ് എം.എല്‍.എമാരെ അടക്കം പുറത്താക്കി ജെ.ഡി.യു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാട്‌ന: ബീഹാറില്‍ സിറ്റിങ് എം.എല്‍.എമാര്‍ ഉള്‍പ്പെടെ 16 പേരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി ജെ.ഡി.യു. നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സഖ്യം പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ മത്സരിക്കാന്‍ തീരുമാനിച്ചവര്‍ക്കെതിരെയാണ് നടപടി.

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു, സംഘടനയുടെ പ്രത്യയശാസ്ത്രം ലംഘിച്ചു തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നേതാക്കളെ പുറത്താക്കിയത്. പുറത്താക്കപ്പെട്ടവരില്‍ രണ്ട് മുന്‍ മന്ത്രിമാരും ഉള്‍പ്പെടുന്നതായാണ് വിവരം.

ജെ.ഡി.യുവിന്റെ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ മത്സരിക്കാന്‍ തീരുമാനിച്ചവര്‍ക്കെതിരെയാണ് പുറത്താക്കല്‍ നടപടി.

ഗോപാല്‍പൂര്‍ എം.എല്‍.എ ഗോപാല്‍ മണ്ഡല്‍, മുന്‍ നിയമസഭാ കൗണ്‍സില്‍ അംഗം സഞ്ജീവ് ശ്യാം സിങ്, മുന്‍ മന്ത്രി ഹിംരാജ് സിങ്, മുന്‍ എം.എല്‍.എ മഹേശ്വര്‍ പ്രസാദ് യാദവ്, പ്രഭാത് കിരണ്‍ എന്നിവര്‍ പുറത്താക്കപ്പെട്ടവരില്‍ ഉള്‍പ്പെട്ടതായി വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

ജെ.ഡി.യുവിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ഗോപാല്‍ മണ്ഡല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു.

ജെ.ഡി.യു സീറ്റ് നിഷേധിച്ചതാണ് മണ്ഡലിനെ പ്രകോപിപ്പിച്ചത്. മുന്‍ ആര്‍.ജെ.ഡി നേതാവായ ബുനോ മണ്ഡലിനെയാണ് ഗോപാല്‍പൂരില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയായി ജെ.ഡി.യു പ്രഖ്യാപിച്ചത്.

ജെ.ഡി.യു നേതാവായ കോമള്‍ സിങ്ങിനെ ഗൈഘട്ടിലെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതില്‍ മഹേശ്വര്‍ പ്രസാദ് യാദവ്, പ്രഭാത് കിരണ്‍ എന്നിവര്‍ക്ക് അതൃപ്തി ഉണ്ടായിരുന്നു.

ഇരുവരും ഈ അതൃപ്തി പരസ്യമാക്കുകയും ചെയ്തിരുന്നു. കതിഹാറില്‍ നിന്ന് മത്സരിക്കാന്‍ തീരുമാനിച്ചതാണ് ഹിംരാജ് സിങ്ങിനെതിരായ നടപടിക്ക് കാരണമായത്.

ഗയ ജില്ലയിലെ ഗുരുവ മണ്ഡലത്തില്‍ നിന്ന് പ്രശാന്ത് കിഷോറിന്റെ ജന്‍ സൂരജ് പാര്‍ട്ടിയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചത് സഞ്ജീവ് സിങ്ങിനെയും വെട്ടിലാക്കി.

നവംബര്‍ ആറ്, പതിനൊന്ന് തീയതികളില്‍ ബീഹാറില്‍ തെരഞ്ഞെടുപ്പ് നടക്കും. 14ന് വോട്ടെണ്ണും.

Content Highlight: JDU expels 16 people, including sitting MLAs, from the party

We use cookies to give you the best possible experience. Learn more