| Wednesday, 4th November 2026, 10:41 pm

യുദ്ധത്തോടുള്ള അതൃപ്തിയും ഇസ്രഈലുമായുള്ള ബന്ധവുമാണ് റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ പരാജയകാരണം: ജെ.ഡി.വാന്‍സ്

ദേവിക ജയചന്ദ്രന്‍

വാഷിങ്ടണ്‍: യു.എസിലെ ഇടക്കാല തെരഞ്ഞെടുപ്പില്‍ റിപബ്ലിക്കന്‍ പാര്‍ട്ടിയ്‌ക്കേറ്റ കനത്ത തിരിച്ചടിയ്ക്ക് കാരണം പോളിങ് കുറഞ്ഞതല്ലെന്നും മറിച്ച് ഇറാന്‍-യു.എസ് യുദ്ധത്തോടുള്ള അതൃപ്തി മൂലം റിപബ്ലിക്കന്‍ വോട്ടര്‍മാര്‍ കൂറുമാറിയതാണെന്നും യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സ്.

ട്രംപ് അനുകൂലികളില്‍ അതൃപ്തിയ്ക്ക് കാരണമായ പ്രധാനപ്പെട്ട നാല് കാരണങ്ങളാണ് ജെ.ഡി. വാന്‍സ് എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ ചൂണ്ടിക്കാട്ടിയത്. പാര്‍ട്ടി വിട്ട് വോട്ടര്‍മാര്‍ തിരിച്ചുവരാന്‍ പ്രധാനമായും ഈ നാല് കാര്യങ്ങളിലാണ് ശ്രദ്ധ പതിപ്പിക്കേണ്ടതെന്നും വാന്‍സ് പറഞ്ഞു.

ഇറാനുമായുള്ള യുദ്ധം , വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവും വിലക്കയറ്റവും, ‘അമേരിക്ക ആദ്യം’ എന്ന നയത്തില്‍ നിന്നും പിന്നോട്ട് പോയത്, ഇസ്രഈലുമായുള്ള ബന്ധം എന്നിവയാണ് റിപബ്ലിക്കന്‍ പാര്‍ട്ടി നേരിട്ട തിരിച്ചടിയ്ക്കുള്ള കാരണങ്ങള്‍ എന്നാണ് വൈസ് പ്രസിഡന്റ് വിലയിരുത്തിയത്.

ആദ്യഘട്ട പോളുകള്‍ ഡെമോക്രാറ്റിക് പാര്‍ട്ടി തെരഞ്ഞെടുപ്പ് തൂത്തുവാരുമെന്ന് പ്രവചിച്ചിട്ടും മത്സരം നിലനിര്‍ത്താന്‍ റിപബ്ലിക്കന്‍ വോട്ടര്‍മാര്‍ പോളിങ് ബൂത്തില്‍ എത്തിയിരുന്നെന്ന് വാന്‍സ് പറഞ്ഞു. എന്നാല്‍ അവര്‍ പോളിങ് ബൂത്തിലെത്തി എന്നതിന്റെ അര്‍ഥം റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്തു എന്നല്ല എന്ന് തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കിയെന്ന് വാന്‍സ് കൂട്ടിച്ചേര്‍ത്തു.

2024ല്‍ ട്രംപിന് വോട്ട് ചെയ്തവരില്‍ പലരും അതൃപ്തരാണെന്നും ഡെമോക്രാറ്റുകള്‍ക്ക് വോട്ട് ചെയ്യാന്‍ പദ്ധതിയിടുന്നുവെന്നും ഒരു പോളിങ് വിദഗ്ധന്റെ സര്‍വെയില്‍ കണ്ടെത്തിയിരുന്നെന്നും വാന്‍സ് പറഞ്ഞു.

യുദ്ധത്തിന് നയതന്ത്ര പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട റേച്ചല്‍ കാമ്പോസ്ഡഫിയെ തിങ്കളാഴ്ച പലരും വിമര്‍ശിച്ചിരുന്നു. എന്നാല്‍ അവരുടെ രാഷ്ട്രീയ ഉപദേശം ശരിയായിരുന്നുവെന്ന് ഫലം തെളിയിച്ചതായി വാന്‍സ് പറഞ്ഞു.

വരും മാസങ്ങളില്‍ പാര്‍ട്ടിയില്‍ കടുത്ത തര്‍ക്കങ്ങള്‍ ഉണ്ടാകുമെന്നും, അനധികൃത കുടിയേറ്റക്കാര്‍ക്കുള്ള ‘പൊതുമാപ്പാണ് പരിഹാരം’ എന്ന് ചില പാര്‍ട്ടി നേതാക്കള്‍ വാദിക്കുമെന്നും വാന്‍സ് മുന്നറിയിപ്പ് നല്‍കി.

അനധികൃത തൊഴിലാളികളെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി കര്‍ശനമാക്കുന്നതുപോലുള്ള മാറ്റങ്ങളോട് തനിക്ക് എതിര്‍പ്പില്ലെന്നും പക്ഷേ പൊതുമാപ്പിനായി വാദിക്കുന്നവര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും വൈസ് പ്രസിഡന്റ് ആരോപിച്ചു.

റിപബ്ലിക്ക് പാര്‍ട്ടി തോറ്റത് എന്തുകൊണ്ടാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും ഇനി എങ്ങോട്ട് പോകണം എന്നതിനെക്കുറിച്ചുള്ള സുതാര്യമായ സംഭാഷണം അവിടെ നിന്നാണ് തുടങ്ങേണ്ടതെന്നും വാന്‍സ് കുറിപ്പില്‍ പറഞ്ഞു.

Content Highlight: JD Vance blames Trump’s Iran war, Israel policy for Republicans’ midterm defeat

ദേവിക ജയചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ് ട്രെയിനി. മാതൃഭൂമി മീഡിയ സ്‌കൂളില്‍ നിന്നും പി.ജി. ഡിപ്ലോമ. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more