| Tuesday, 22nd January 2013, 12:00 pm

അനധികൃത അധ്യാപക നിയമനം: ചൗതാലയ്ക്കും മകനും 10 വര്‍ഷം തടവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മൂവായിരത്തോളം അധ്യാപകര്‍ക്ക് അനധികൃത നിയമനം നടത്തിയ കേസില്‍ ഹരിയാന മുന്‍ മുഖ്യമന്ത്രി ഓം പ്രകാശ് ചൗതാലയ്ക്കും മകന്‍ അജയ് ചൗതാല എം.എല്‍.എക്കും 10 വര്‍ഷം തടവ്.

ദല്‍ഹി പ്രത്യേക സി.ബി.ഐ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. 62 പ്രതികളുള്ള കേസില്‍ 5 പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. കേസിലെ ആറ് പത്രികള്‍ വിചാരണ കാലയളവില്‍ മരിച്ചിരുന്നു.[]

2000 ലാണ് കേസിനാസ്പദമായ സംഭവമുണ്ടാകുന്നത്. 3,206  അധ്യാപകരില്‍ നിന്ന് കോഴവാങ്ങിയെന്നാണ് കേസ്. വഞ്ചന, വ്യാജ രേഖകളുണ്ടാക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഇന്ത്യന്‍ നാഷണല്‍ ലോക് ദള്‍ നേതാവായ ഓം പ്രകാശ് ചൗതാലയാണ് കേസിലെ മുഖ്യപ്രതി. 2008 ല്‍ ചൗതാലയ്‌ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

അതേസമയം, ചൗതാലയ്‌ക്കെതിരെയുള്ള വിധി പ്രസ്താവനയില്‍ പ്രതിഷേധിച്ച് ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലീസുമായി കോടതിക്ക് പുറത്ത് ഏറ്റുമുട്ടി.

അണികളെ പിന്തിരിപ്പിക്കാന്‍ പോലിസിന് ലാത്തി ചാര്‍ജും ജലപീരങ്കിയും പ്രയോഗിക്കേണ്ടി വന്നു. സംഘര്‍ഷം നിയന്ത്രണ വിധേയമാക്കാന്‍ അര്‍ധ സൈനിക വിഭാഗത്തേയും വിന്യസിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more