| Friday, 27th November 2026, 8:53 pm

അർജന്റീനയെ അടിച്ച റെക്കോഡിനൊപ്പം; ടി-20യിൽ ചരിത്രമെഴുതി സൗരാഷ്ട്ര

സ്പോര്‍ട്സ് ഡെസ്‌ക്

സയ്യിദ് മുഷ്‌താഖ്‌ അലി ട്രോഫിയിൽ തമിഴ്നാടിനെതിരെയുള്ള മത്സരത്തിൽ സൗരാഷ്ട്ര പരാജയപ്പെട്ടിരുന്നു. ഇൻഡോറിലെ ഹോൾകർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 38 റൺസിനാണ് തമിഴ്നാടിൻറെ വിജയം. ആദ്യം ബാറ്റ് ചെയ്ത തമിഴ്നാട് എട്ട് വിക്കറ്റ് നഷ്ടത്തിൽ 192 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ സൗരാഷ്ട്ര 154 റൺസിന് പുറത്തായി.

മത്സരം പരാജയപ്പെട്ടെങ്കിലും സൗരാഷ്ട്ര ഒരു ചരിത്രനേട്ടമാണ് സ്വന്തമാക്കിയത്. ക്യാപ്റ്റൻ ജയ്‌ദേവ് ഉനദ്കട്ടിന്റെയും ചേതൻ സക്കറിയയുടെയും പോരാട്ടവീര്യവുമാണ് ഏറെ ശ്രദ്ധേയമായത്. മത്സരത്തിൽ 26 പന്തിൽ 40 റൺസാണ് ഉനദ്കട്ട് അടിച്ചെടുത്തത്. മൂന്ന് ഫോറുകളും രണ്ട് സിക്സുകളും താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നു. ചേതൻ സക്കറിയ 21 റൺസ് നേടി പുറത്താവാതെ ക്യാപ്റ്റന് വലിയ പിന്തുണ നൽകി. ഇരുവരും ചേർന്ന് പത്താം വിക്കറ്റിൽ 62 റൺസാണ് കൂട്ടിച്ചേർത്തത്.

മെൻസ് ടി-20യിലെ പത്താം വിക്കറ്റിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണ് ജയ്‌ദേവും ചേതൻ സക്കറിയയും ചേർന്ന് സ്വന്തമാക്കിയത്. പനാമ താരങ്ങളായ ഖെൻഗർ അഹിറും നികുഞ്ചും ചേർന്ന് നേടിയ 62 റൺസിന്റെ റെക്കോഡിനൊപ്പമാണ് സൗരാഷ്ര താരങ്ങൾ എത്തിയത്.

2021ൽ അർജന്റീനക്കെതിരെയായിരുന്നു പനാമയുടെ നേട്ടം. ഈ റെക്കോഡിൽ ഒന്നാമതുള്ളത് ഗ്രാൻഡ് എലിയട്ടും സുൽഫിഖർ ബാബറുമാണ്. 2016ൽ പാകിസ്ഥാൻ സൂപ്പർ ലീഗിൽ ക്വറ്റ ഗ്ലാഡിയേറ്റേഴ്സിന് വേണ്ടി 63 റൺസാണ് അവസാന വിക്കറ്റിൽ ഇരുവരും നേടിയത്.

അതേസമയം മത്സരത്തിൽ ആദ്യം ചെയ്ത തമിഴ്നാടിനായി സണ്ണി സന്തു 44 റൺസ് നേടി ടീമിന്റെ ടോപ് സ്കോററായി. ആന്ദ്ര സിദ്ധാർത്ഥ് 38 റൺസും സച്ചിൻ ബി 37 റൺസും ആർ രാജ്‌കുമാർ 36 റൺസും സ്വന്തമാക്കി ടീമിന് വലിയ ലക്ഷ്യം പടുത്തുയർത്തുന്നതിൽ നിർണായകമായി.

തമിഴ്നാട് ബൗളിങ് നിരയിൽ സണ്ണി സന്തു നാല് വിക്കറ്റുകൾ നേടിയപ്പോൾ ക്യാപ്റ്റൻ സായ് കിഷോർ മൂന്ന് വിക്കറ്റും ഗുർജപ്നീത് സിങ് രണ്ട് വിക്കറ്റുകളും നേടി. ഝാതവേദ് സുബ്രഹ്മണ്യൻ ഒരു വിക്കറ്റും കൈവരിച്ചു.

സൗരാഷ്ട്രക്ക് വേണ്ടി ചേതൻ സക്കറിയ മൂന്ന് വിക്കറ്റുകൾ നേടിയപ്പോൾ മോഹിത് ഉൽവ രണ്ട് വിക്കറ്റും നേടി. ഉനദ്കട്ട്, ക്രെയിൻസ് ഭാവേഷ്ഭായ് ഫുലട്ര, പ്രേരങ്ക് മങ്കാദ് എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.

Content Highlight: Jaydev Unadkat and Chetan Sakariya achieved a historic feat in T20

We use cookies to give you the best possible experience. Learn more