| Wednesday, 13th August 2025, 4:31 pm

പാകിസ്ഥാനെ പെട്ടിയിലാക്കി സീല്‍സ്; തിരുത്തിയത് കരീബിയന്‍ ചരിത്രം

സ്പോര്‍ട്സ് ഡെസ്‌ക്

പാകിസ്താനെതിരെ മിന്നും പ്രകടനവുമായി വെസ്റ്റ് ഇന്‍ഡീസ് യുവതാരം ജെയ്ഡന്‍ സീല്‍സ്. പാകിസ്ഥാന്‍ പര്യടനത്തിലെ മൂന്നാം ഏകദിനത്തിലായിരുന്നു താരത്തിന്റെ പ്രകടനം. ഈ മത്സരത്തില്‍ 202 റണ്‍സിന്റെ കൂറ്റന്‍ വിജയം നേടി സന്ദര്‍ശകര്‍ പരമ്പര സ്വന്തമാക്കിയിരുന്നു.

മൂന്നാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് വിന്‍ഡീസ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 294 റണ്‍സ് എടുത്തിരുന്നു. ക്യാപ്റ്റന്‍ ഷായ് ഹോപ്പിന്റെ സെഞ്ച്വറി പ്രകടനത്തിലായിരുന്നു സന്ദര്‍ശകര്‍ വലിയ സ്‌കോര്‍ പടുത്തുയര്‍ത്തിയിരുന്നത്. എന്നാല്‍ ഈ വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന് 92 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

സീല്‍സിന്റെ തകര്‍പ്പന്‍ ബൗളിങ്ങിന് മുന്നില്‍ പാക്കിസ്ഥാന്‍ ബാറ്റിങ് നിര തകര്‍ന്നടിയുകയായിരുന്നു. ആറുപേരാണ് താരത്തിന്റെ മുന്നില്‍ മൂക്കും കുത്തി വീണത്. അതില്‍ നാല് പേരെയും റണ്‍സ് എന്നും എടുക്കാന്‍ അനുവദിക്കാതെയാണ് സീല്‍സ് തിരിച്ചയച്ചത്.

ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ സയീം അയൂബിനെ വീഴ്ത്തിയാണ് താരം തന്റെ വിക്കറ്റ് വേട്ട തുടങ്ങിയത്. പിന്നാലെ, അബ്ദുല്ല ഷഫീഖ്, ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍, നസീം ഷാ, ഹസന്‍ അലി എന്നിവരെയും കൂടാരം കയറ്റി. 7.2 ഓവറുകള്‍ എറിഞ്ഞ് വെറും 18 റണ്‍സ് മാത്രം വിട്ടു നല്‍കിയായിരുന്നു താരത്തിന്റെ പ്രകടനം.

ഈ പ്രകടനത്തോടെ സീല്‍സ് സ്വന്തമാക്കിയത് ഒരു സൂപ്പര്‍ നേട്ടമാണ്. ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിനായി ഏറ്റവും മികച്ച ബൗളിങ് പ്രകടനം നടത്തിയ താരങ്ങളില്‍ മൂന്നാമതാവാനാണ് താരത്തിന് സാധിച്ചത്.

ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിനായി ഏറ്റവും മികച്ച ബൗളിങ് പ്രകടനം നടത്തിയ താരങ്ങള്‍

(താരം – പ്രകടനം – എതിരാളി – വര്‍ഷം എന്നീ ക്രമത്തില്‍)

വിന്‍സ്റ്റണ്‍ ഡേവിസ് – 51/7 – ഓസ്‌ട്രേലിയ – 1983

കോളിന് ക്രോഫ്റ്റ് – 15/6 – ഇംഗ്ലണ്ട് – 1981

ജെയ്ഡന്‍ സീല്‍സ് – 18 /6 – പാക്കിസ്ഥാന്‍ – 2025

ഫിഡല്‍ എഡ്വേഡ്സ് – 18 /6 – സിംബാബ്വെ – 2003

കേമന്‍ റോച്ച് – 27/6 – നെതര്‍ലാന്‍ഡ്സ് – 2011

അതേസമയം, പാകിസ്ഥാന് വേണ്ടി ഭേദപ്പെട്ട പ്രകടനം നടത്തിയത് സല്‍മാന്‍ അലി ആഘായും മുഹമ്മദ് നവാസുമാണ്. ആഘാ 30 റണ്‍സ് നേടിയപ്പോള്‍ നവാസ് 23 റണ്‍സാണ് സ്‌കോര്‍ ചെയ്തത്.

വിന്‍ഡീസ് നിരയില്‍ ഷായ് ഹോപ്പ് 120 റണ്‍സെടുത്തപ്പോള്‍ ജസ്റ്റിന്‍ ഗ്രീവ്‌സ് 43 റണ്‍സും കണ്ടെത്തി. എവിന്‍ ലൂയിസ് 37 റണ്‍സും റോസ്റ്റണ്‍ ചെസ് 36 റണ്‍സും വെസ്റ്റ് ഇന്‍ഡീസിനായി നേടി.

Content Highlight: Jayden Seals became third West Indies bowler to register best bowling figure in ODI

We use cookies to give you the best possible experience. Learn more