സൂഫിയും സുജാതയും, 2020ല്‍ പുറത്തിറങ്ങി ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ചിത്രം. മലയാളത്തില്‍ ഒ.ടി.ടിയിലൂടെ റിലീസ് ചെയ്യപ്പെട്ട ആദ്യ സിനിമ കൂടിയാണ് ഇത്. സിനിമയില്‍ സൂഫിയായി ദേവ് മോഹനും സുജാതയായി അദിതി റാവുവുമായിരുന്നു അഭിനയിച്ചിരുന്നത്.
എന്നാല്‍ ചിത്രത്തില്‍ മുഴുനീള വേഷമല്ലെങ്കില്‍ പോലും ജയസൂര്യ അവതരിപ്പിച്ച വി.ആര്‍. രാജീവ് എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മുഴുനീള വേഷമല്ലാതിരുന്നിട്ട് പോലും അത്തരം സിനിമകളുടെ ഭാഗമാകാനുള്ള തീരുമാനം എങ്ങനെ ആയിരുന്നുവെന്ന് പറയുകയാണ് ജയസൂര്യ.
സൂഫിയും സുജാതയും സിനിമക്ക് മുമ്പും അത്തരം തീരുമാനങ്ങള്‍ എടുത്തിട്ടുണ്ടെന്നും ഫിലിപ്‌സ് ആന്‍ഡ് ദ മങ്കിപെന്‍ എന്ന സിനിമയിലെ വേഷം അത്തരത്തില്‍ ഒന്നായിരുന്നുവെന്നും ജയസൂര്യ പറഞ്ഞു. ഒപ്പം മറ്റൊരു നടന്‍ പറ്റില്ലയെന്ന് പറഞ്ഞ് ഒഴിവാക്കിയ വേഷമായിരുന്നു അതെന്നും പക്ഷേ തനിക്ക് കഥകേട്ടപ്പോള്‍ പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞുവെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.
‘ഇയ്യോബിന്റെ പുസ്തകത്തിലെ അംഗൂര്‍ റാവുത്തറും എട്ടോ ഒന്‍പതോ സീനുകളില്‍ മാത്രം വന്നുപോകുന്ന കഥാപാത്രമാണ്. പക്ഷേ ഈ സിനിമകളെല്ലാം കണ്ടുകഴിയുമ്പോള്‍ ചെറുതെങ്കിലും ആ കഥാപാത്രങ്ങളെല്ലാം പ്രേക്ഷക മനസില്‍ തന്നെ നില്‍ക്കുമെന്നുറപ്പുണ്ട്.
സൂഫിയും സുജാതയും സിനിമയിലെ രാജീവും അത്തരത്തിലൊരു വേഷമാണ്. രാജീവിനെ മാറ്റിനിര്‍ത്തി സിനിമ കാണാനാവില്ല. കഥ പൂര്‍ണമാകുന്നതില്‍ അയാളുടെ സാന്നിധ്യവും സ്വാധീനവും വളരെ വലുതാണ്,’ ജയസൂര്യ പറയുന്നു.
Content Highlight: Jayasurya Talks About His Role In Philps And Monkey Pen And Sufiyum Sujathayum Movie