മലയാള സിനിമ ഇൻഡസ്ട്രി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് കത്തനാർ – ദി വൈൽഡ് സോർസറർ. ഹോം എന്ന മനോഹരമായ ചിത്രത്തിന് ശേഷം റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയസൂര്യയാണ് കത്തനാരായി വേഷമിടുന്നത്. അനുഷ്ക ഷെട്ടി മലയാള സിനിമയിൽ ആദ്യമായ് അരങ്ങേറുന്ന ചിത്രം കൂടിയാണിത്.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ വി.സി.പ്രവീൺ, ബൈജു ഗോപാലൻ എന്നിവർക്കൊപ്പം നിർമിക്കുന്ന ചിത്രത്തിൽ പ്രഭുദേവ, വിനീത്, പ്രകാശ് രാജ്, സാൻഡി, സനൂപ് സന്തോഷ്, ദേവിക സഞ്ജയ് തുടങ്ങിയവരാണ് മറ്റ് പ്രധാനപ്പെട്ട വേഷങ്ങൾ അവതരിപ്പിക്കുന്നത്. സംഗീതം ഒരുക്കിയിരിക്കുന്നത് രാഹുൽ സുബ്രഹ്മണ്യനാണ്.
കത്തനാർ ഇറങ്ങി കഴിയുമ്പോൾ ഒരുപാട് പേർ ഇങ്ങനെയുള്ള സിനിമകളെ പറ്റി ചിന്തിക്കുമെന്നും ഇത്തരം സിനിമകളിൽ ഇൻവെസ്റ്റ് ചെയ്യാൻ ആളുകൾ വരുമെന്നുമാണ് ജയസൂര്യ പറയുന്നത്. ഈ പടത്തിന്റെ റിസൾട്ടും ഇതെല്ലാം ഇപ്പോഴാണോ പറയേണ്ടത് എന്നൊന്നും തനിക്കറിയില്ലെന്നും പക്ഷേ നമ്മൾ നൂറ് ശതമാനം എഫേർട്ട് ഇട്ടിട്ടുള്ള സിനിമയാണിതെന്നും അതിന്റെ റിസൾട്ട് അതുപോലെ തന്നെ ആവട്ടെയെന്ന് താൻ പ്രാർത്ഥിക്കാറുണ്ടെന്നുമാണ് താരം പറഞ്ഞത്. ദി ക്യൂ സ്റ്റുഡിയോയുമായുള്ള അഭിമുഖത്തിൽ സംസാരിക്കവെയാണ് കത്തനാർ സിനിമയെക്കുറിച്ചുള്ള വിശേഷങ്ങൾ നടൻ പങ്ക് വെച്ചത്.
കത്തനാർ.Photo: Screen Grab/IMDb
‘കത്തനാർ പഠിപ്പിച്ച കുറെ കാര്യങ്ങളുണ്ട്. നമുക്ക് ഇതുപോലത്തെ ഒരു സിനിമ ഇവിടെ ചെയ്യാമല്ലോ എന്ന് പറയുന്നത് വലിയൊരു കാര്യമാണ്. നമ്മുടെ ഇവിടുന്നാണല്ലോ ഇങ്ങനത്തെ ഒരു സിനിമ സംഭവിക്കുന്നത്. ഞാൻ എപ്പോഴും പറയുന്നുണ്ട് ഞാൻ എടുത്ത എഫേർട്ടൊന്നും ഒന്നുമല്ല, എന്ത് രീതിയിലുള്ള ഇത് വന്നാലും അതിന്റെ ഫുൾ ക്രെഡിറ്റ് റോജിനുള്ളതാണ്.
അത് എന്നെകൊണ്ട് ചെയ്യിച്ചതാണെങ്കിലും ശരി അതിന്റെ എല്ലാത്തിന്റെയും ഇത് റോജിൻ തന്നെയാണ്. കാരണം അത്രയും സിൻസിയറായിട്ട് ഒരാൾക്ക് ഒരു സിനിമയെ ഇങ്ങനെ സമീപിക്കാൻ പറ്റുമോയെന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. ആറു വർഷമായിട്ട് അവന്റെ മനസിൽ ഒരു ദിവസം കത്തനാർ ഇല്ലാതെ ഇല്ല. അതുപോലത്തെ ഒരു മേക്കർ നമുക്കുണ്ടെന്ന് പറയാനായിട്ട് എനിക്ക് ഭയങ്കര അഭിമാനമാണ്,’ നടൻ പറഞ്ഞു.
ഒരു തപസ് പോലെയാണ് റോജിൻ ആ സിനിമയെ കാണുന്നതെന്നും അതുകൊണ്ട് തന്നെ സിനിമ നന്നാവണേയെന്നും ആ സിനിമ ജനങ്ങളുടെ മനസിൽ എന്നുമുണ്ടാവണമെന്നും താൻ ഭയങ്കരമായിട്ട് പ്രാർത്ഥിക്കാറുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
Content Highlight: Jayasurya stated that the effort he had put in was nothing and added that for the past six years, Kathanar had been the only thing on his mind.