നല്ല ചിത്രങ്ങളെ എന്നും ഇരുകൈയും നീട്ടി സ്വീകരിച്ച ഇന്‍ഡസ്ട്രിയാണ് മലയാളത്തിലേത്. ഇതിന് ഏറ്റവും മികച്ച ഉദാഹരണമാണ് ആട് ഫ്രാഞ്ചൈസിലെ ചിത്രങ്ങള്‍. ആദ്യ ഭാഗം പരാജയപ്പെട്ടിട്ടും തങ്ങളുടെ തെറ്റ് മനസിലാക്കി ചിത്രത്തിന്റെ രണ്ടാം ഭാഗത്തെയും മൂന്നാം ഭാഗത്തെയും വമ്പിച്ച വിജയത്തോടെയാണ് പ്രേക്ഷകര്‍ വരവേറ്റത്. മാര്‍ച്ച് 19ന് തിയേറ്ററുകകളിലെത്തിയ ചിത്രം ആറ് ദിവസം പിന്നിടുമ്പോള്‍ 101 കോടിയോളം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്നും സ്വന്തമാക്കിയതായാണ് ഓദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന വിവരം.
Photo: Mollywood Box-office/ X.com
ഇതോടെ മലയാളത്തില്‍ ചുരുക്കം ചില താരങ്ങള്‍ അംഗമായിട്ടുള്ള നൂറ് കോടി ക്ലബ്ബിലേക്ക് പ്രവേശനം നേടിയിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട ജയസൂര്യ. ഷാജി പാപ്പനെന്ന ഹാസ്യ കഥാപാത്രത്തെയും കൂട്ടരെയും കൊണ്ടാണ് മോഹന്‍ലാല്‍ അരങ്ങുവാഴുന്ന ക്ലബ്ബിലേക്ക് ജയസൂര്യ പ്രവേശനം നേടിയതെന്നത് വിജയത്തിന്റെ മാറ്റ് കൂട്ടുന്നു. മൂന്ന് ചിത്രങ്ങള്‍ പുറത്തിറക്കിയ ആട് ഫ്രഞ്ചൈസിന്റെ ആദ്യ നൂറ് കോടിയാണെന്നതും മൂന്നാം ഭഗത്തിന്റെ രണ്ടാം പാര്‍ട്ട് ഇനിയും പുറത്തിറങ്ങാനുണ്ടെന്നതും വിജയത്തിന്റെ സവിശേഷതയാണ്.
ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മിച്ച ചിത്രത്തിന്റെ ബഡ്ജറ്റ് എത്രയാണെന്ന കണക്കുകള്‍ പുറത്തുവിട്ടിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രെസ് മീറ്റില്‍ ബഡ്ജറ്റിനെക്കുറിച്ച് നിര്‍മാതാവ് നല്‍കിയ സൂചനകള്‍ പ്രകാരം ഏകദേശം 60-65 കോടി വരെയാണ് ചിത്രത്തിന്റെ ബഡ്ജറ്റെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതോടെ റിലീസ് ചെയ്ത് ഒരാഴ്ച്ചക്കുള്ളില്‍ തന്നെ വന്‍ വിജയമാണ് ചിത്രത്തിന് നേടാന്‍ സാധിച്ചിരിക്കുന്നത്.
ആദ്യ രണ്ടുഭാഗങ്ങളില്‍ നിന്നും വ്യത്യസ്തമായി ടൈം ട്രാവല്‍ എന്ന കോണ്‍സെപ്റ്റും ഉള്‍പെടുത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ചിത്രത്തിലെ പ്രമുഖരായ എല്ലാ താരങ്ങളും രണ്ട് ഗെറ്റപ്പിലെത്തുന്ന ആട് 3യിലെ ഗാനങ്ങളും ഇതിനോടകം വൈറലായിരുന്നു. വന്‍ ഹൈപ്പിലെത്തിയ ഹിന്ദി ചിത്രം ധുരന്ധര്‍ അന്യഭാഷ ഇന്റസ്ട്രികളില്‍ കുതിപ്പ് തുടരുമ്പോഴും ആദിത്യ ധറിന്റെ ചിത്രത്തിന് യാതൊരു വിധ സാധ്യതയും നല്‍കാതെയാണ് ആട് 3 ബോക്‌സ് ഓഫീസില്‍ കുതിക്കുന്നത്.
ഷാജി പാപ്പന്‍. Photo: AB George/ X.com
ആട് ഫ്രാഞ്ചൈസിന്റെ അമരക്കാരനായ ജയസൂര്യക്ക് ചിത്രത്തിലൂടെ നൂറ് കോടി ക്ലബില്‍ പ്രവേശനം ലഭിച്ചതോടെ വലിയ അവസരമാണ് ജയസൂര്യയെ കാത്തിരിക്കുന്നത്. ആടിന്റെ വരാനിരിക്കുന്ന ഭാഗവും ബിഗ് ബഡ്ജറ്റിലൊരുങ്ങുന്ന കത്തനാറും നൂറ് കോടി ക്ലബിലെത്തിച്ച് ഹാട്രിക്ക് നേടാനുള്ള അവസരമാണ് താരത്തിന് മുന്നില്‍ തുറന്ന് കിട്ടിയിരിക്കുന്നത്.
Content Highlight: Jayasurya starrer Aadu 3 enters 100 crore club within 6 days of release