മിമിക്രിയിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന താരമാണ് ജയസൂര്യ. ചെറിയ വേഷങ്ങളിലൂടെ കരിയറാരംഭിച്ച താരം ഊമപ്പെണ്ണിന് ഉരിയാട പയ്യനിലൂടെയാണ് നായകനായി അരങ്ങേറിയത്. പിന്നീട് ഒന്നിന് പിന്നാലെ ഒന്നായി മികച്ച സിനിമകളുടെ ഭാഗമായ ജയസൂര്യ മലയാളസിനിമയുടെ മുന്‍നിരയില്‍ സ്വന്തമായൊരു സ്ഥാനം നേടിയെടുത്തു.
നായകനായി മാത്രം വേഷമിടാതെ സഹനടനായും വില്ലനായുമെല്ലാം ജയസൂര്യ പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ട്. കോമഡിക്ക് പുറമെ ഇമോഷണല്‍ റോളുകളും അനായാസം ചെയ്യാന്‍ പ്രത്യേക കഴിവാണ് താരത്തിന്. മലയാളത്തിന് പുറമെ തമിഴിലും ജയസൂര്യ തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. കമല്‍ ഹാസന്‍ നായകനായ വസൂല്‍ രാജയില്‍ താരം ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.
ചിത്രത്തില്‍ വലിയ ഇംപാക്ടുണ്ടാക്കിയ സാഹിര്‍ എന്ന കഥാപാത്രമായാണ് ജയസൂര്യ വേഷമിട്ടത്. ചിത്രത്തിലേക്ക് എത്തിയതിനെക്കുറിച്ചും കമല്‍ ഹാസനൊപ്പം അഭിനയിച്ചതിനെക്കുറിച്ചും താരം സംസാരിച്ചു. മുന്നാ ഭായ് എം.ബി.ബി.എസിന്റെ റീമേക്കാണെന്ന് പറഞ്ഞാണ് തന്നെ വിളിച്ചതെന്ന് താരം പറഞ്ഞു. ഒറിജിനല്‍ വേര്‍ഷന്‍ ചെയ്ത കഥാപാത്രത്തെക്കുറിച്ച് സംവിധായകന്‍ പറഞ്ഞെന്നും ആ സിനിമ കണ്ടെന്നും ജയസൂര്യ കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ജിമ്മി ഷെര്‍ഗില്‍ എന്നായിരുന്നു ഹിന്ദിയില്‍ ആ ക്യാരക്ടര്‍ ചെയ്ത നടന്റെ പേര്. സെറ്റിലെത്തുന്നതിന് മുന്നേ മുന്നാ ഭായ് ഒന്ന് കണ്ട് നോക്കി. അതുപോലെ ചെയ്യാന്‍ വേണ്ടിയല്ല, എന്താണ് ആ ക്യാരക്ടറിന്റെ പ്രാധാന്യം എന്നറിയാന്‍ വേണ്ടിയായിരുന്നു. അങ്ങനെ ആദ്യദിവസം സെറ്റിലെത്തി. വലിയൊരു സ്റ്റുഡിയോയായിരുന്നു അത്. കമല്‍ സാര്‍ ഉണ്ടാകുമെന്ന് അറിയാമെങ്കിലും അദ്ദേഹത്തെ ആദ്യദിവസം കാണുമെന്ന് വിചാരിച്ചില്ല.
എന്നെ കണ്ടിട്ട് അടുത്ത് വന്ന് സംസാരിച്ചു. പുള്ളിക്ക് മലയാളം സംസാരിക്കാന്‍ നല്ല ഇഷ്ടമാ, അങ്ങനെ ഒരുപാട് നേരം സംസാരിച്ച് കൂളാക്കി. ആ സിനിമയില്‍ ഒരു ഇമോഷണല്‍ സീനുണ്ട്. എന്റെ ക്യാരക്ടര്‍ മരിക്കാന്‍ കിടക്കുമ്പോള്‍ കമല്‍ സാറിന്റെ രാജ എന്ന ക്യാരക്ടര്‍ വരുന്നുണ്ട്. ഞാന്‍ പുള്ളിയെ കെട്ടിപ്പിടിച്ച് കരയുകയാണ്. ആ കരച്ചിലിന്റെ അവസാനം മരിക്കുന്നയാളാണ് സാഹിര്‍.
സാഹിര്‍ മരിച്ചു എന്നറിയുമ്പോള്‍ കമല്‍ സാറിന്റെ ക്യാരക്ടര്‍ പിന്നീട് ഇമോഷണലാവുകയാണ്. ‘പോയിട്ടെയെടാ, സാഹിര്‍’ എന്ന് പറഞ്ഞ് പുള്ളി കരയുന്നുണ്ട്. അത്രയും അടുത്ത് നിന്ന് അദ്ദേഹം കരയുന്നത് കാണാന്‍ വേണ്ടി ഞാന്‍ കണ്ണ് തുറന്ന് കിടന്നു. അദ്ദേഹം അതൊന്നും മൈന്‍ഡ് ചെയ്യാതെ പെര്‍ഫോം ചെയ്ത് തകര്‍ത്തു,’ ജയസൂര്യ പറഞ്ഞു.
Content Highlight: Jayasurya shares the shooting experience with Kamal Haasan