| Tuesday, 7th April 2026, 8:01 am

ജിമ്മില്‍ ഒരുക്കിയെടുത്ത ശരീരപ്രകൃതം കത്തനാറിന് പറ്റില്ല; ഞാന്‍ ഇന്‍വസ്റ്റ് ചെയ്തത് സമയവും പ്രയത്‌നവുമാണ്: ജയസൂര്യ

ഐറിന്‍ മരിയ ആന്റണി

മലയാളി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് റോജിന്‍ തോമസിന്റെ സംവിധാനത്തില്‍ ജയസൂര്യ നായകനായെത്തുന്ന കത്തനാര്‍. ബ്രഹ്‌മാണ്ഡ ചിത്രമായൊരുങ്ങുന്ന കത്തനാറില്‍ അനുഷ്‌ക ഷെട്ടി, പ്രഭുദേവ തുടങ്ങി വന്‍താരനിര തന്നെയുണ്ട്. ശീ ഗോകുലം മൂവിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം പുറത്ത് ഇറങ്ങുകയും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റിലൊരുങ്ങുന്ന കത്തനാറിന്റെ ഷൂട്ടിങ്ങ് നാല് വര്‍ഷത്തോളം നീണ്ടുനിന്നു. ഇപ്പോഴിതാ, സജീവമായിരുന്ന കരിയറില്‍ നിന്ന് നാല് വര്‍ഷത്തെ ഇടവേള പേടി തോന്നിയിരുന്നോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് ജയസൂര്യ.

കത്തനാരുടെ വളര്‍ച്ച തന്റെ കണ്‍മുന്നിലായിരുന്നുവെന്നും ഏറെ സമയം ഈ ചിത്രത്തിനായി നീക്കിവയ്‌ക്കേണ്ടതുണ്ടെന്ന് തിരിച്ചറിഞ്ഞുവെന്നും നടന്‍ പറയുന്നു.

‘ശാരീരികമായും മാനസികമായും വലിയ ഒരുക്കവും പരിശ്രമവും കത്തനാരിന് വേണ്ടി വന്നു. കത്തനാര്‍ക്ക് ജിമ്മില്‍ ഒരുക്കിയെടുത്ത ശരീരപകൃതം പറ്റില്ല. കഥയുടെ കാലഘട്ടത്തിന് അനുസരിച്ചുള്ള ഒരു ബോഡി ടോണ്‍ വേണം, അതിനുള്ള വര്‍ക്ക് ഔട്ടുകള്‍ വേണം. താടിയും മുടിയും വളര്‍ത്തേണ്ടി വന്നു. ആ അപ്പിയറന്‍സില്‍ മറ്റു ചിത്രങ്ങള്‍ പറ്റില്ലെന്ന അവസ്ഥ വന്നു.

മാത്രമല്ല, അങ്ങനെ മറ്റ് ചിത്രങ്ങള്‍ക്കൊപ്പം ചെയ്യേണ്ട ഒരു സിനിമയല്ല കത്തനാരെന്നും എനിക്കുറപ്പുണ്ടായിരുന്നു. ഈ സിനിമയ്ക്കായി എനിക്ക് ഇന്‍വെസ്റ്റ് ചെയ്യാന്‍ കഴിയുന്നത് എന്റെ സമയവും പ്രയത്‌നവും മാത്രമായിരുന്നു. പൂര്‍ണ മനസോടെ ഞാന്‍ അതു നല്‍കി. ഒരുപാട് പ്രത്യേകതകള്‍ ഉള്ള സിനിമയാണ് കത്തനാര്‍, അനുഷ്‌ക ഷെട്ടി ആദ്യമായി മലയാളത്തില്‍ എത്തുന്നു.

പ്രഭുദേവ, സാഡി എന്നിവരുണ്ട്. ഞാന്‍ ഗന്ധര്‍വന് ശേഷം നിതീഷ് ഭരദ്വാജ് മലയാളത്തിലേക്ക് എത്തുന്നു. കഥാപാത്രങ്ങള്‍ക്ക് ഏറ്റവും യോജ്യരായ അഭിനേതാക്കളെ കണ്ടെത്താനുള്ള റോജിന്റെ അന്വേഷണമാണ് ഇവരിലേക്കെല്ലാം എത്തിയത്,’ ജയസൂര്യ പറയുന്നു.

നമ്മള്‍ കണ്ടതും അറിഞ്ഞതുമായ കത്തനാര്‍ ആണോ എന്ന ചോദ്യം എല്ലാവരിലുമുണ്ടെന്നും അല്ല എന്നാണുത്തരമെന്നും ജയസൂര്യ പറഞ്ഞു. പിന്നെ ആരാണ് കത്തനാര്‍ എന്നുള്ളത് പ്രേക്ഷകര്‍ ചിത്രം കണ്ട് തന്നെ അറിയണമെന്നും ഇത് പൂര്‍ണമായും എഴുത്തുകാരന്റെയും സംവിധായകന്റെയും കാഴ്ചപ്പാടില്‍ നിന്നുള്ള കത്തനാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ സുബ്രഹ്‌മണ്യന്‍ ഉണ്ണി സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നീല്‍ ഡി കുഞ്ഞയാണ്. ഹോം എന്ന ചിത്രത്തിന് ശേഷം റോജിന്‍ തോമസ് അണിയിച്ചൊരുക്കുന്ന സിനിമ കൂടിയാണ് കത്തനാര്‍.

Content Highlight:  Jayasurya says Kathanar required a great deal of preparation and effort, both physically and mentally

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more