| Monday, 6th April 2026, 9:11 am

ഗോകുലം ഗോപാലന് കൂടി അവകാശപ്പെട്ടതാണ് ആ കയ്യടി; കത്തനാര്‍ ദൈവാനുഗ്രഹം കൊണ്ട് എന്നെ തേടിയെത്തി: ജയസൂര്യ

ഐറിന്‍ മരിയ ആന്റണി

മലയാളി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് റോജിന്‍ തോമസിന്റെ സംവിധാനത്തില്‍ ജയസൂര്യ നായകനായെത്തുന്ന കത്തനാര്‍. നാല് വര്‍ഷത്തെ ഷൂട്ടിനൊടുവില്‍ റിലീസിന് തയ്യാറെുക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.

ഒരു എപിക് ഫാന്റസി ഴോണറിലൊരുങ്ങുന്ന ചിത്രം ഗംഭീര വിഷ്വല്‍ ട്രീറ്റ് തന്നെയാകുമെന്ന് ട്രെയ്‌ലര്‍ അടിവരയിട്ടിരുന്നു. അനുഷ്‌ക ഷെട്ടി, പ്രഭുദേവ, നിതീഷ് ഭരദ്വരാജ് എന്നിങ്ങനെ വന്‍താരനിര അണിരിക്കുന്ന ചിത്രം ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നത്. ഇപ്പോഴിതാ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ജയസൂര്യ.

മലയാളത്തില്‍ നിന്നു വലിയൊരു ‘ഹോളിവുഡ് ലെവല്‍’ ചിത്രം എന്ന് സംവിധായകന്‍ റോജിന്‍ തോമസ് പറയുമ്പോള്‍ നമ്മുടെ പരിമിതികളില്‍ നിന്ന് ഇതൊക്കെ ചെയ്യാനാകുമോ എന്ന് സ്വാഭാവികമായും സംശയിച്ചിരുന്നുവെന്ന് അദ്ദേഹം പറയുന്നു.

‘എന്നാല്‍, എന്ത് കൊണ്ട് നമുക്കും ചെയ്തുകൂടാ എന്നായിരുന്നു റോജിന്റെ ചോദ്യം. അവതാറും ഹാരിപോട്ടറും ഗെയിം ഓഫ് ത്രോണ്‍സും മറ്റു മാര്‍വല്‍ ചിത്രങ്ങളുമൊക്കെ വിസ്മയത്തോടെ കാണുന്നവരാണ് നമ്മള്‍. ആ നിലവാരം എന്താണ് എന്ന് ഇവിടെയുള്ള പ്രേക്ഷകരെല്ലാം എക്‌സ്പീരിയന്‍സ് ചെയ്തിട്ടുണ്ട്. കത്തനാര്‍ ട്രെയിലറിന് അതേ നിലവാരമുണ്ടെന്ന് അവര്‍ സാക്ഷ്യപ്പെടുത്തുമ്പോള്‍ ഇത്രയും വര്‍ഷങ്ങള്‍ നീണ്ട അണിയറപ്രവര്‍ത്തകരുടെ പ്രയത്‌നം ഫലം കണ്ടു എന്ന് കൂടിയാണു വ്യക്തമാകുന്നത്.

കത്തനാര്‍ എന്നെ സംബന്ധിച്ചിടത്തോളം വലിയ ഭാഗ്യമാണ്. ചില ചിത്രങ്ങള്‍ നാം തെരഞ്ഞെടുക്കും ചില ചിത്രങ്ങള്‍ നമ്മെയും. കത്തനാര്‍ ദൈവാനുഗ്രഹം കൊണ്ട് എന്നെ തേടിയെത്തിയതാണ്. നമ്മള്‍ കണ്ടതും അറിഞ്ഞതുമായ കത്തനാര്‍ ആണോ എന്ന ചോദ്യം എല്ലാവരിലുമുണ്ട്. അല്ല എന്നാണുത്തരം. പിന്നെ ആരാണ് കത്തനാര്‍ എന്നുള്ളതു പ്രേക്ഷകര്‍ ചിത്രം കണ്ട് തന്നെ അറിയണം,’ ജയസൂര്യ പറയുന്നു

ഇത് പൂര്‍ണമായും എഴുത്തുകാരന്റെയും സംവിധായകന്റെയും കാഴ്ചപ്പാടില്‍ നിന്നുള്ള കത്തനാരാണെന്നും ചരിത്രവും ഐതിഹ്യവും കെട്ടുകഥകളുമെല്ലാം ഇഴചേരുന്ന വ്യത്യസ്തമായ ഒരു ഭാവനാ ലോകമാണ് കത്തനാരുടേതെന്നും ജയസൂര്യ പറയുന്നു.

എത്ര പണം ചെലവായാലും നിലവാരത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച് ചെയ്യില്ലെന്ന നിലപാടെടുത്ത നിര്‍മാതാവ് ഗോകുലം ഗോപാലന് കൂടി അവകാശപ്പെട്ടതാണ് ട്രെയിലറിന് കിട്ടുന്ന കയ്യടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആട് 3യുടെ വിജയത്തിന് ശേഷം ജയസൂര്യ ഭാഗമാകുന്ന കത്തനാര്‍, അദ്ദേഹത്തിന്റെ കരിയറിലെ മറ്റൊരു നാഴികകല്ലാകുമെന്നാണ് പ്രതീക്ഷ.

Content Highlight: Jayasurya says Kathanar is a film I got with God’s blessing

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more