| Friday, 27th March 2026, 6:33 pm

എന്റെ ഒരു സിനിമ റിലീസായത് നാല് വര്‍ഷം കൂടി; അതിന്റെ പിന്നില്‍ ചില കാരണങ്ങളുണ്ട്: ജയസൂര്യ

ഐറിന്‍ മരിയ ആന്റണി

തിയേറ്ററില്‍ ഗംഭീര കുതിപ്പ് തുടരുകയാണ് മിഥുന്‍ മാനുവല്‍ തോമസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ആട് 3. ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള പാപ്പന്റെയും കൂട്ടരുടെയും വരവ് ആഘോഷിക്കുകയാണ് സിനിമാപ്രേമികള്‍. മാര്‍ച്ച് 19ന് റിലീസിനെത്തിയ ചിത്രം ഇതിനോടകം തന്നെ ബോക്‌സ് ഓഫീസില്‍ 100 കോടി പിന്നിട്ടു.

ആദ്യ ഭാഗം പരാജയപ്പെട്ട ചിത്രത്തിന്റെ രണ്ടാം ഭാഗം സൂപ്പര്‍ ഹിറ്റ് എന്ന അപൂര്‍വ നേട്ടം സ്വന്തമാക്കിയ ചിത്രമായിരുന്നു ആട്. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മിച്ച ചിത്രത്തിന്റെ ആദ്യ ഭാഗം 2015ലാണ് പുറത്തിറങ്ങിയത്. ഇപ്പോഴിതാ, ആട് 3 റിലീസായപ്പോള്‍ താന്‍ രണ്ടുതരത്തില്‍ എക്‌സൈറ്റഡായിരുന്നുവെന്ന് ജയസൂര്യ പറയുന്നു.

‘എന്റെ ഒരു സിനിമ റിലീസാകുന്നത് നാലുവര്‍ഷങ്ങള്‍ കൂടിയാണ് എന്നത് ഒരു കാര്യം. അത് ജനങ്ങള്‍ ആഗ്രഹിച്ച സിനിമയിലൂടെ വീണ്ടും വരുമ്പോള്‍ ആ നാലുവര്‍ഷത്തെ വിടവ് നികത്താന്‍ കഴിയുന്നു എന്നുള്ളതാണ് മറ്റൊരു കാര്യം. ആ വിജയ സിനിമയിലൂടെ വീണ്ടും വരാന്‍ കഴിയുന്നു എന്നത് ഒരു ചെറിയ കാര്യമല്ല, വലിയ കാര്യം തന്നെയാണ്. അതൊരു വലിയ ഭാഗ്യമായും ഞാന്‍ കാണുന്നു. അതിന്റെ പിന്നില്‍ ചില കാരണങ്ങളുണ്ട്.

വളരെ റെയറായിട്ടാണ് ഒരു സിനിമയുടെ സെക്കന്റ് പാര്‍ട്ട് സംഭവിക്കുന്നത്. പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന സിനിമ ഒന്നും രണ്ടും ഭാഗങ്ങളുണ്ടായിരുന്നു. ‘പ്രേതം’ എന്ന സിനിമയും ഒന്ന് രണ്ട് ഭാഗങ്ങളുണ്ടായിരുന്നു. ഇതേക്കുറിച്ച് പറയുമ്പോള്‍ നമ്മള്‍ മനസിലാക്കേണ്ടുന്ന ചില കാര്യങ്ങളുണ്ട്.

ഒരു സിനിമയുടെ സെക്കന്റ് പാര്‍ട്ട് ആലോചിക്കണമെങ്കില്‍ ആ സിനിമയും സിനിമയിലെ കഥാപാത്രങ്ങളെയും ജനങ്ങള്‍ ഇഷ്ടപ്പെടുന്നതുകൊണ്ട് മാത്രമാണ് നമുക്ക് സെക്കന്റ്‌റ് പാര്‍ട്ടിനെക്കുറിച്ച് ചിന്തിക്കാന്‍ കഴിയുന്നത്,’ ജയസൂര്യ പറയുന്നു.

‘ആട്’ ആദ്യം റിലീസാകുമ്പോള്‍ അതൊരു വിജയ ചിത്രമായിരുന്നില്ലെന്നും എന്നിട്ടും ആ സിനിമയ്ക്ക് ഒരു രണ്ടാം ഭാഗം വന്നു എന്നുള്ളതാണ് അത്ഭുതമെന്നും നടന്‍ പറയുന്നു. ലോകസിനിമയുടെ ചരിത്രത്തില്‍ തന്നെ ഇങ്ങനെയൊരു സംഭവം ആദ്യമായിട്ടായിരിക്കുമെന്നും ജയസൂര്യ കൂട്ടിച്ചേര്‍ത്തു.

ജയസൂര്യയുടെ കരിയറിലെ നാഴികകല്ലായി തീര്‍ന്ന ചിത്രങ്ങളിലൊന്നാണ് ആട്. ജയസൂര്യയുടെ സിനിമാജീവിതത്തിലെ ആദ്യ നൂറ് കോടി കൂടിയാണ് ആട്3യിലൂടെ സംഭവിച്ചത്.

Content Highlight: Jayasurya says he was excited for many reasons when Aadu 3 was released

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more