മിമിക്രി കലാകാരനായും ടെലിവിഷൻ അവതാരകനായും കരിയറാരംഭിച്ച് ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ചതിന് ശേഷമാണ് ജയസൂര്യ നായകനായി അരങ്ങേറ്റം കുറിച്ചത്. വിനയൻ സംവിധാനം ചെയ്ത ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ എന്ന ചിത്രത്തിലെ താരത്തിന്റെ ആദ്യ നായകവേഷം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടർന്ന് പുലിവാൽ കല്യാണം, ചതിക്കാത്ത ചന്തു, ക്ലാസ്മേറ്റ്സ്, ചോക്ലേറ്റ് തുടങ്ങിയ സിനിമകളിലൂടെ മലയാള സിനിമയിലുള്ള തന്റെ സ്ഥാനം അരക്കിട്ടുറപ്പിക്കുകയായിരുന്നു നടൻ.
വർഷത്തിൽ ഒന്നോ രണ്ടോ സിനിമകൾ മാത്രമേ താനിപ്പോൾ ചെയ്യുന്നുള്ളൂവെന്നും നല്ല സിനിമകൾ വരാത്തതുകൊണ്ടും എക്സൈറ്റ് ചെയ്യിപ്പിക്കുന്ന കഥകൾ കേൾക്കാത്തതുകൊണ്ടുമാണ് സിനിമകളുടെ എണ്ണം കുറഞ്ഞതെന്നുമാണ് ജയസൂര്യ പറയുന്നത്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ മായന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മനോരമ ഓൺലൈനുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.
‘മുന്നോട്ട് പോകുന്തോറും നമ്മളെ എക്സൈറ്റ് ചെയ്യിപ്പിക്കുന്ന സിനിമകൾ മാത്രം ചെയ്താൽ മതിയെന്നുള്ള ചിന്ത വരുമല്ലോ. ചുമ്മാ എണ്ണം കൂട്ടിയതുകൊണ്ട് മാത്രം കാര്യമില്ല. അതുകൊണ്ട് ഇപ്പോൾ എന്നെ എക്സൈറ്റ് ചെയ്യിപ്പിക്കുന്ന സിനിമകൾ മാത്രമേ ഞാൻ ചെയ്യുന്നുള്ളൂ. ഞാൻ വലിയ തിരക്കുള്ള നടനൊന്നുമല്ല. അതുകൊണ്ടായിരിക്കും ഒരുപക്ഷേ സിനിമകളുടെ എണ്ണം കുറഞ്ഞത് എന്ന് തോന്നുന്നു. സിനിമയിലേക്ക് വന്ന തുടക്കത്തിലാണ് എനിക്കങ്ങനെ ഒരുപാട് സിനിമകൾ ചെയ്യണമെന്ന് തോന്നിയിട്ടുള്ളത്.
മായൻ. Photo.Screen Grab/Youtube.com
കാരണം അന്നെനിക്ക് ഒന്നും അറിയില്ലായിരുന്നു, അന്ന് കിട്ടുന്നതൊക്കെ ചെയ്ത് ചെയ്ത് പോകാമെന്നാണ് ചിന്തിച്ചത്. എന്നാൽ ഇപ്പോൾ അതൊക്കെ മാറി. ഇപ്പോൾ വർഷത്തിൽ ഒരു സിനിമയായിരിക്കും അല്ലെങ്കിൽ രണ്ടോ മൂന്നോ ആയിരിക്കും ചെയ്യുന്നത്. പിന്നെ കത്തനാരിന് വേണ്ടിയും മൂന്നാല് വർഷം വേറെ സിനിമകളൊന്നും ചെയ്തില്ല. പക്ഷേ അത് മാത്രമല്ല ഇനി ഭാവിയിലാണെങ്കിലും ഇങ്ങനെ തന്നെയായിരിക്കും,’ നടൻ പറഞ്ഞു.
പണ്ടത്തെ പോലെ ഒരുപാട് സിനിമകൾ തുടർച്ചയായി ചെയ്യാൻ ഇപ്പോൾ കഴിയില്ലെന്നും ഇപ്പോഴുള്ള സിനിമകളുടെ ഷൂട്ടിങ്ങിന്റെ ദൈർഘ്യം വളരെ വലുതാണെന്നും താരം കൂട്ടിച്ചേർത്തു. പണ്ടായിരുന്നുവെങ്കിൽ 35 ദിവസത്തിനുള്ളിലൊക്കെ സിനിമയുടെ ഷൂട്ടിങ് തീരുമായിരുന്നുവെന്നും എന്നാൽ ഇന്നത് 100 ദിവസം വരെ പോകാറുണ്ടെന്നും ജയസൂര്യ വ്യക്തമാക്കി.
‘അതുകൊണ്ട് ഒരു വർഷം മാക്സിമം നാല് പടങ്ങൾ വരെ ഇപ്പോൾ ചെയ്യാൻ പറ്റുകയുള്ളൂ. ആ ഒരു വ്യത്യാസം ഇപ്പോൾ സിനിമയിൽ ഭയങ്കരമായിട്ടുണ്ട്. പടം ഹിറ്റാണെങ്കിലും ഫ്ലോപ്പാണെങ്കിലും എനിക്ക് ശെരിയായി തോന്നുന്ന പടം മാത്രമേ ഞാൻ ചെയ്യുകയുള്ളൂ. പിന്നെ പുരസ്കാരം കിട്ടണമെന്ന് വിചാരിച്ച് ഞാൻ ഒരു സിനിമയും ചെയ്തിട്ടില്ല. അതെല്ലാം പ്രേക്ഷകരാണ് തീരുമാനിക്കുന്നത്,’ അദ്ദേഹം പറഞ്ഞു.
Content Highlight: Jayasurya said he did fewer films not just because of Kathanar, but also due to a lack of good offers.