| Saturday, 24th October 2026, 11:02 am

ഞാന്‍ ഇപ്പോഴും ഹാപ്പിയാണ്, ഒന്നും എന്നെ അധികം ബാധിക്കാറില്ല, ഇഷ്ടപ്പെട്ട സിനിമകള്‍ പലതും ഒഴിവാക്കേണ്ടി വന്നു: ജയസൂര്യ

ആര്യ

തന്റെ കരിയറിലെ ഉയര്‍ച്ചതാഴ്ചകളെക്കുറിച്ച് അധികം ആശങ്കപ്പെടാറില്ലെന്നും എപ്പോഴും സന്തോഷത്തോടെയിരിക്കാനാണ് ശ്രമിക്കുന്നതെന്നും നടന്‍ ജയസൂര്യ. സിനിമ വിജയിച്ചാല്‍ അടുത്തത് എന്തായിരിക്കുമെന്ന ചിന്തകളുമായി നടക്കുന്നതിനേക്കാള്‍ സ്വന്തം ജോലി ചെയ്ത് മടങ്ങാനാണ് തനിക്ക് താത്പര്യമെന്നും താരം പറയുന്നു. പുതിയ ചിത്രം ‘ടൈറ്റന്‍സി’ന്റെ ഭാഗമായി രേഖാ മേനോന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജയസൂര്യ.

‘ഞാന്‍ എപ്പോഴും ഹാപ്പിയാണ്. എന്നെ അധികമൊന്നും ബാധിക്കാറില്ല. ഞാന്‍ എന്റെ ജോലി ചെയ്യുക, തിരിച്ചുപോകുക. നമ്മള്‍ എന്തിനെക്കുറിച്ചാണ് ഓര്‍ത്ത് വിഷമിക്കേണ്ടത്? ഈ സിനിമ സക്‌സസ് ആയാല്‍ അടുത്തത് എന്താണ് എന്നൊക്കെയുള്ള കുറേ ചിന്തകളുമായി നടക്കാമെന്നേയുള്ളൂ,’ ജയസൂര്യ പറഞ്ഞു.

മൂന്നര വര്‍ഷത്തോളം സിനിമകളൊന്നും ചെയ്യാതിരുന്ന കാലത്തെക്കുറിച്ചും താരം അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. ആ സമയത്ത് നിരവധി സിനിമകള്‍ വന്നിരുന്നെങ്കിലും ‘കത്തനാര്‍’ പൂര്‍ത്തിയാക്കിയതിന് ശേഷം മതി മറ്റ് സിനിമകള്‍ എന്നായിരുന്നു തന്റെ തീരുമാനമെന്ന് ജയസൂര്യ പറയുന്നു. ആ തീരുമാനത്തിന്റെ ശരിതെറ്റുകളെക്കുറിച്ച് ഇപ്പോഴും ഉറപ്പില്ലെന്നും താരം വ്യക്തമാക്കി.

‘മൂന്നര വര്‍ഷം ഒരു പടവും ചെയ്തില്ല. ആ സമയത്തും ഒരുപാട് പടങ്ങള്‍ വന്നിരുന്നു. അതില്‍ ഇഷ്ടപ്പെടുന്ന ചില പരിപാടികളുണ്ടായിരുന്നു. പക്ഷേ എനിക്കെന്തോ കത്തനാര്‍ കഴിഞ്ഞിട്ട് മതി എന്ന് തോന്നി. അത് എന്താണെന്ന് ചോദിച്ചാല്‍ മതി എന്ന് തോന്നി. ശരിയാണോ തെറ്റാണോ ആ തീരുമാനം എന്നറിയില്ല,’ ജയസൂര്യ പറഞ്ഞു.

ഈ കാലയളവില്‍ അഭിമുഖങ്ങള്‍ പോലും നല്‍കാതിരുന്നതിനെക്കുറിച്ചും താരം വിശദീകരിച്ചു. വിശേഷങ്ങള്‍ പങ്കുവെക്കേണ്ട സമയത്ത് മാത്രം സംസാരിച്ചാല്‍ മതിയെന്നും അല്ലാതെ വെറുതെ ജനങ്ങളെ ബുദ്ധിമുട്ടിക്കേണ്ടതില്ലെന്നുമായിരുന്നു തന്റെ ചിന്തയെന്നും ജയസൂര്യ പറയുന്നു.

‘ഹോം’ എന്ന ചിത്രത്തിന് ശേഷം മറ്റൊരു സിനിമയും ചെയ്യാതെ ‘കത്തനാറി’നായി വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ച റോജിന്റെ സമര്‍പ്പണത്തെക്കുറിച്ചും ജയസൂര്യ പരാമര്‍ശിച്ചു. ആറ് വര്‍ഷത്തോളം കത്തനാറിന് വേണ്ടി അദ്ദേഹം പ്രവര്‍ത്തിച്ചെന്നും അതുമായി താരതമ്യം ചെയ്യുമ്പോള്‍ താന്‍ ചെയ്ത കാര്യം ചെറുതാണെന്നും താരം പറഞ്ഞു.

‘ഹോം ചെയ്തതിന് ശേഷം മറ്റൊന്നും ചെയ്യാതെ അവന്‍ ആറ് വര്‍ഷത്തോളം കത്തനാറിന് വേണ്ടി മാറ്റിവെച്ചു. അവന്റെ ഡെഡിക്കേഷന് മുന്നില്‍ ഞാന്‍ ചെയ്തത് ഒന്നുമല്ല,’ ജയസൂര്യ പറഞ്ഞു.

മലയാള സിനിമയില്‍ കോമഡി കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ ജയസൂര്യ പിന്നീട് വില്ലന്‍ വേഷങ്ങളിലേക്കും ഗൗരവമുള്ള കഥാപാത്രങ്ങളിലേക്കും പ്രകടനത്തിന് പ്രാധാന്യമുള്ള സിനിമകളിലേക്കുമെല്ലാം മാറിയിരുന്നു. കരിയറില്‍ വഴിത്തിരിവായ ആ തീരുമാനങ്ങളെക്കുറിച്ചും താരം അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്.

‘ഇമ്മിണി നല്ലൊരാള്‍’ എന്ന ചിത്രത്തിന് ശേഷം ഒരു വര്‍ഷത്തോളം സിനിമ ചെയ്യാതിരുന്നതും പതിവ് കഥാപാത്രങ്ങളില്‍നിന്ന് മാറിച്ചിന്തിക്കാന്‍ തുടങ്ങിയതുമെല്ലാം ആ മാറ്റത്തിന്റെ ഭാഗമായിരുന്നു.

‘ഇമ്മിണി നല്ലൊരാള്‍ എന്ന സിനിമയ്ക്ക് ശേഷം ഞാന്‍ ഒരു വര്‍ഷം സിനിമ ചെയ്തില്ല. ഒരു എക്‌സൈറ്റിങ്ങായ കാര്യം വന്നില്ല എന്ന് പറയാം. പക്ഷേ അന്ന് എന്താണ് എക്‌സൈറ്റിങ് എന്ന് അറിയില്ല. എന്ത് ചെയ്താലാണ് എക്‌സൈറ്റ്‌മെന്റ് എന്നതും അറിയില്ല. പക്ഷേ കഥ കേള്‍ക്കുമ്പോള്‍ ഇനി ചെയ്തതുപോലത്തേത് വേണ്ട എന്നൊരു പോസ് അവിടെ ഇട്ടിരുന്നു,’ ജയസൂര്യ പറഞ്ഞു.

ആ ഇടവേളയ്ക്ക് ശേഷം ചെയ്ത ‘ബസ് കണ്ടക്ടര്‍’ എന്ന ചിത്രത്തിലെ കഥാപാത്രം തന്റെ കരിയറിലെ മാറ്റത്തിന്റെ തുടക്കമായിരുന്നുവെന്നും താരം ഓര്‍ക്കുന്നു. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രത്തില്‍ ചെറിയ വില്ലന്‍ സ്വഭാവമുള്ള കഥാപാത്രമായിരുന്നു ജയസൂര്യയുടേത്.

‘അതിന് ശേഷം ഞാന്‍ ചെയ്തത് ബസ് കണ്ടക്ടറാണ്. മമ്മൂക്കയുടെ കൂടെ. ചെറിയൊരു വില്ലന്‍ ഷേഡുള്ള ക്യാരക്ടര്‍. അതിന് ശേഷമാണ് കുറച്ച് വില്ലന്‍ പരിപാടികള്‍ പിടിക്കാമെന്ന രീതിയില്‍ ‘ഇയ്യോബിന്റെ പുസ്തകം’ പോലുള്ള സിനിമകളൊക്കെ ചെയ്യുന്നത്. അതാണ് ഒരു ഹൈ എന്ന് തിരിച്ചറിഞ്ഞു. അങ്ങനെയാണ് സീരിയസ് ക്യാരക്ടറിലേക്ക് പതുക്കെ പോകുന്നത്,’ താരം വ്യക്തമാക്കി.

വില്ലന്‍ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചുതുടങ്ങിയപ്പോഴാണ് തന്റെ ഉള്ളിലെ നടനെ കൂടുതല്‍ തിരിച്ചറിയാന്‍ കഴിഞ്ഞതെന്നും അതിലൂടെ അഭിനയത്തില്‍ പുതിയൊരു സന്തോഷം കണ്ടെത്താനായെന്നും ജയസൂര്യ പറയുന്നു.

Content Highlight: Jayasurya Reveals Why He Took a Year-Long Break from Films

ആര്യ

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

Latest Stories

We use cookies to give you the best possible experience. Learn more