| Sunday, 25th October 2026, 8:30 pm

ഒരു ദിവസം അഞ്ച് സിനിമ വരെ കാണാറുണ്ടായിരുന്നു, എല്ലാ ദിവസവും സിനിമ കാണുക എന്നത് നേര്‍ച്ചയായിരുന്നു: ജയശങ്കര്‍ കാരിമുട്ടം

അശ്വിന്‍ രാജേന്ദ്രന്‍

കല്‍പന തിയേറ്റേഴ്‌സിന്റെ നാടകങ്ങളിലൂടെ അഭിനയരംഗത്ത് സജീവമായ അഭിനേതാവാണ് ജയശങ്കര്‍ കാരിമുട്ടം. 1994ല്‍ പുറത്തിറങ്ങിയ സുദിനം എന്ന ചിത്രത്തിലൂടെ ജയശങ്കര്‍ ചലച്ചിത്ര രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചുവെങ്കിലും താരം ശ്രദ്ധിക്കപ്പെടുന്നത് 2013ല്‍ പുറത്തിറങ്ങിയ ആമേന്‍ എന്ന ചിത്രത്തിലൂടെയാണ്. ലിജോ ജോസ് പ്ലെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രത്തില്‍ വിഷക്കോല്‍ കാപ്പി എന്ന കഥാപാത്രം താരത്തിന് കൂടുതല്‍ അവസരങ്ങള്‍ നേടിനല്‍കിയിരുന്നു.

ജയശങ്കര്‍ കാരിമുട്ടം പ്രധാനവേഷത്തിലെത്തി അടുത്തിടെ തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ബെത്‌ലഹേം കുടുംബ യൂണിറ്റ്. ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള ചിത്രമായി മാറിയ ബെത്‌ലഹേമില്‍ നിവിന്‍ പോളിയും മമിത ബൈജുവുമായിരുന്നു പ്രധാനവേഷത്തിലെത്തിയത്. മമിത അവതരിപ്പിച്ച ആഷ്‌ലിയുടെ അച്ഛനായ തങ്കച്ഛന്‍ എന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്.

Photo: Jayashsankar Karimuttam/ Facebook.com

ചിത്രത്തിന്റെ വിജയത്തിന് ശേഷം മാതൃഭൂമി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ താന്‍ ഒരു ദിവസം അഞ്ച് സിനിമകള്‍ വരെ കണ്ട കാലഘട്ടത്തെ കുറിച്ച് ജയശങ്കര്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്.

‘ഒരു ദിവസം തന്നെ അഞ്ച് സിനിമകള്‍ വരെ തിയേറ്ററില്‍ കണ്ട ചരിത്രം എനിക്കുണ്ട്. മോണിങ് ഷോ, നൂണ്‍ ഷോ മാറ്റിനീ, ഫസ്റ്റ് ഷോ, സെക്കന്റ് ഷോ തുടങ്ങി അഞ്ച് ഷോകള്‍ തിയേറ്ററിലുണ്ടാകും. ഒരു സിനിമ തന്നെ കണ്ട കാര്യമല്ല പറയുന്നത്. പത്തിലൊക്കെ പഠിക്കണ സമയത്ത് ഞാന്‍ കോട്ടയത്തെ ഹോസ്റ്റലില്‍ നിന്നാണ് പഠിക്കുന്നത്. ഞായറാഴ്ച രാവിലെ വീട്ടില്‍ നിന്നുമിറങ്ങും. അന്ന് മൊബെല്‍ ഒന്നും ഇല്ലാത്ത കാലമാണല്ലോ. മോണിങ് ഷോ കഴിഞ്ഞാല്‍ ഉടന്‍ തന്നെ നൂണ്‍ ഷോ ഉണ്ടാകും പിന്നെ മാറ്റിനി ഉണ്ടാകും. ഇത് കഴിഞ്ഞാല്‍ ഫസ്റ്റ് ഷോയ്ക്കും മാറ്റിനിയ്ക്കും ഇടയില്‍ ഒരു ഒഴിവ് ഉണ്ടാകും. ആ സമയത്താണ് ഭക്ഷണം കഴിക്കുന്നത്. രാവിലെ കഴിച്ചതല്ലാതെ വേറെ ഒന്നും കഴിച്ചിട്ടുണ്ടാവില്ല.

Photo: Jayashsankar Karimuttam/ Facebook.com

അങ്ങനെ കഴിക്കാനായി ഞങ്ങളെല്ലാവരും ഒരു ഹോട്ടലില്‍ കൂടും. പലരും പല തിയേറ്ററുകളില്‍ നിന്നും കണ്ടിട്ടുള്ളവരാകും. പരസ്പരം കണ്ട ചിത്രങ്ങളുടെയെല്ലാം കഥ പറയും. പിന്നെ ഇതെല്ലാം കഴിഞ്ഞ് രാവിലെ അല്ലേ ഹോസ്റ്റലില്‍ പോകാന്‍ പറ്റുള്ളൂ. അതുകൊണ്ട് ബസ് സ്റ്റാന്‍ഡില്‍ പോയി കിടന്നുറങ്ങും. അന്ന് എല്ലാ സിനിമകളും കാണുമായിരുന്നു. മോശം സിനിമയാണെങ്കിലും ഒന്നിലധികം തവണ കണ്ടിട്ടുണ്ട്,’ ജയശങ്കര്‍ പറഞ്ഞു.

Content Highlight: jayashankar karimuttam talks about his childhood days

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more