| Saturday, 26th July 2025, 10:51 am

എന്നെയും കാളിയെയും ത്രില്ലടിപ്പിച്ച തിരക്കഥ; ആ സിനിമ സന്തോഷം നല്‍കി: ജയറാം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയാളികളെ തങ്ങളുടെ അഭിനയം കൊണ്ട് വിസ്മയിപ്പിച്ച അച്ഛന്‍ – മകന്‍ കോമ്പോ ആയിരുന്നു ജയറാം – കാളിദാസ് കൂട്ടുകെട്ട്. തന്റെ അഭിനയം കൊണ്ട് കുഞ്ഞ് കാളിദാസ് അന്ന് സിനിമാപ്രേമികളെ അമ്പരപ്പിച്ചിരുന്നു.

കൊച്ചു കൊച്ചു സന്തോഷങ്ങള്‍, എന്റെ വീട് അപ്പുവിന്റേം എന്നീ ചിത്രങ്ങളില്‍ ജയറാമും കാളിദാസും ഒരുപോലെ അഭിനയിച്ച് തകര്‍ക്കുകയായിരുന്നു. പിന്നീട് പുത്തം പുതു കാലൈ എന്ന തമിഴ് ആന്തോളജിയിലും ഇരുവരും ഒന്നിച്ചു.

അതില്‍ ഇളമൈ ഇദോ ഇദോ എന്ന സെഗ്മെന്റിലായിരുന്നു ജയറാമിന്റെ ചെറുപ്പം കാളിദാസ് ചെയ്തിരുന്നത്. ഇപ്പോള്‍ നാലാമത്തെ തവണയും ഒരു സിനിമക്കായി ഒന്നിക്കുകയാണ് അച്ഛനും മകനും. ജൂഡ് ആന്തണി ജോസഫും അരവിന്ദ് രാജേന്ദ്രനും ചേര്‍ന്ന് രചന നിര്‍വഹിക്കുന്ന ആശകള്‍ ആയിരം എന്ന സിനിമയാണ് ഇത്. ജി. പ്രജിത്താണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

ജയറാമും കാളിദാസും അധികം മലയാള സിനിമകളുടെ ഭാഗമാകാത്ത സമയത്താണ് ആശകള്‍ ആയിരം എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്.  കാളിദാസിന് മലയാളത്തിലേക്ക് ഓഫറുകള്‍ വരുന്നുണ്ടായിരുന്നുവെന്നും എന്നാല്‍ അവന് ഹെല്‍ത്തിയായ ഓഫറുകള്‍ വരുന്നില്ലായിരുന്നുവെന്നും പറയുകയാണ് ജയറാം.

അവനും തന്നെ പോലെ നല്ലൊരു ഓഫര്‍ വന്നാല്‍ മാത്രം മലയാള സിനിമ ചെയ്യാമെന്ന് പറഞ്ഞ് നില്‍ക്കുകയായിരുന്നെന്നും നടന്‍ പറയുന്നു. 24 ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കാളി ഇപ്പോള്‍ ചെയ്യുന്നത് തെലുങ്കിലെ വലിയ സിനിമയാണ്. ബിഗ് ബജറ്റ് ചിത്രമാണ്. മഹാകാളി എന്നാണ് സിനിമയുടെ പേര്. അതില്‍ നായകനായിട്ടാണ് അവന്‍ അഭിനയിക്കുന്നത്. അതിന്റെ ഇടയിലാണ് ആശകള്‍ ആയിരം എന്ന സിനിമ വരുന്നത്.

അതോടെ ഞങ്ങള്‍ രണ്ടുപേരും ഒരുപോലെ ത്രില്ലടിച്ചാണ് ഇരിക്കുന്നത്. ഞങ്ങളെ ഒരുപോലെ ത്രില്ലടിപ്പിച്ച തിരക്കഥയാണ് ഇത്. ഇങ്ങനെയൊരു സിനിമ വന്നതില്‍ ഒരുപാട് സന്തോഷം തോന്നുന്നു,’ ജയറാം പറയുന്നു.


Content Highlight: Jayaram Talks About Kalidas Jayaram

We use cookies to give you the best possible experience. Learn more