| Monday, 9th February 2026, 6:16 pm

രണ്ടുതവണ കേരള സര്‍ക്കാരിന്റെ അവാര്‍ഡ് കിട്ടിയ കര്‍ഷകനാണ് ഞാന്‍, എന്നെ കുറിച്ച് പലര്‍ക്കും അതൊന്നും അറയില്ല: ജയറാം

ഐറിന്‍ മരിയ ആന്റണി

മലയാളികള്‍ക്ക് പ്രത്യേകിച്ച് കുടുംബ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജയറാം. പത്മരാജന്‍ സംവിധാനം ചെയ്ത അപരന്‍ എന്ന സിനിമയിലൂടെ തന്റെ കരിയര്‍ ആരംഭിച്ച ജയറാം പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചു. സത്യന്‍ അന്തിക്കാട്, സിബി മലയില്‍ തുടങ്ങിയ മലയാളത്തിലെ പ്രമുഖ സംവിധായകരുടെ കൂടെയെല്ലാം അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

അഭിനേതാവെന്നതിനുപരി ഒരു ചെണ്ടക്കാരന്‍ കൂടിയാണ് ജയറാം. ഇപ്പോള്‍ ആശകള്‍ ആയിരം സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ സിനിമയ്ക്ക് പുറത്തുള്ള ജീവിതം വളരെ ആസ്വദിക്കുന്നയാളാണ് താനെന്ന് ജയറാം പറയുന്നു.

‘എന്റെ പ്രൊഫഷന്‍ സിനിമയില്‍ അഭിനയിക്കുകയെന്നതാണ്. എന്നാല്‍ സിനിമയില്‍ അഭിനയിക്കുന്നതില്‍ മാത്രം ഒതുങ്ങി പോകാതെ എന്റേതായ ഇഷ്ടങ്ങള്‍ എന്നും കൊണ്ട് നടക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. അതെന്റെ ഒരു ഭാഗ്യമായാണ് ഞാന്‍ കണക്കാക്കുകയാണ്. പിന്നെ അധികം ആര്‍ക്കും അറിയാത്ത കുറെ കാര്യങ്ങളുണ്ട്. രണ്ടുതവണ കേരള സര്‍ക്കാരിന്റെ അവാര്‍ഡ് കിട്ടിയ ഒരു കര്‍ഷകനാണ് ഞാന്‍.

കേരളത്തില്‍ തരക്കേടില്ലാതെ പോകുന്ന ഒരു ക്ഷീര കര്‍ഷകനാണ് ഞാന്‍. 2022ല്‍ മികച്ച കര്‍ഷകനുള്ള അവാര്‍ഡ് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ കയ്യില്‍ നിന്ന് ഞാന്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. ഒരു പ്രശ്‌നങ്ങളുമില്ലാതെ ഇങ്ങനെയുള്ള കൊച്ചു കൊച്ചു സന്തോഷങ്ങള്‍ ജീവിതത്തിന്റെ ഒരു ഭാഗമായി ഞാന്‍ കൊണ്ടുപോകാറുണ്ട്,’ ജയറാം പറയുന്നു.

പല കാര്യങ്ങളിലായി താന്‍ ജീവിതത്തില്‍ എന്‍ഗേജ്ഡാണെന്നും അതുകൊണ്ട് തന്നെ സിനിമയിലെ വിജയ പരാജയങ്ങള്‍ ഒരുപരിധിവരെ തന്നെ വലിയ രീതിയില്‍ ബാധിക്കാറില്ലന്നും ജയറാം പറഞ്ഞു.

നീണ്ട 22 വര്‍ഷങ്ങള്‍ക്ക് ശേഷം ജയറാമും മകന്‍ കാളിദാസ് ജയറാമും ഒന്നിച്ച ചിത്രമാണ് ആശകള്‍ ആയിരം. ഒരു വടക്കന്‍ സെല്‍ഫി, സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജി. പ്രജിത്താണ് ആശകള്‍ ആയിരം സംവിധാനം ചെയ്തത്. അഖില്‍ രാജേന്ദ്രനും ജൂഡ് ആന്തണി ജോസഫും ചേര്‍ന്ന് തിരക്കഥയൊരുക്കിയ ചിത്രത്തില്‍ ആശ ശരത്ത്, ഷറഫുദ്ദീന്‍, ഇഷാനി കൃഷ്ണ എന്നിവരും പ്രധാനവേഷങ്ങളിലെത്തിയിരുന്നു.

Content Highlight:  Jayaram talks about his life outside of cinema

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more