മലയാള സിനിമാ പ്രേമികള്‍ക്ക് എന്നും പ്രിയപ്പെട്ട താരദമ്പതികളാണ് പാര്‍വ്വതിയും ജയറാമും. വിവാഹശേഷം പാര്‍വ്വതി സിനിമാ അഭിനയത്തില്‍ നിന്നും വിട്ടുനിന്നിരുന്നെങ്കിലും ഇരുവരും ഒന്നിച്ചെത്തിയ ചിത്രങ്ങളെല്ലാം മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ടതാണ്. 1990 ല്‍ പുറത്തിറങ്ങിയ, ശുഭയാത്ര, പാവക്കൂത്ത്, രാധാ മാധവം തുടങ്ങിയ ചിത്രങ്ങള്‍ ഈ ലിസ്റ്റില്‍ പെടുന്നു.
ശുഭയാത്ര. Photo: Malayalam full movies
ഇരുവരും വിവാഹശേഷം ഹണിമൂണിനായി ലക്ഷദ്വീപിലെ ബങ്കാരം ദ്വീപിലേക്ക് യാത്ര ചെയ്ത അനുഭവത്തെക്കുറിച്ച കഴിഞ്ഞ ദിവസം ജയറാം നല്‍കിയ ഒരഭിമുഖത്തില്‍ സംസാരിച്ചിരുന്നു. ജയറാമും മകന്‍ കാളിദാസ് ജയറാമും ഒന്നിച്ചഭിനയിക്കുന്ന പുതിയ ചിത്രം ആശകള്‍ ആയിരം എന്ന ചിത്രവുമായി ബന്ധപ്പെട്ട് പേര്‍ളി മാണിയുടെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് താരം ഓര്‍മ പങ്കുവെച്ചത്.
‘ഞങ്ങള്‍ രണ്ടുപേരും സിനിമയില്‍ അഭിനയിക്കുന്നവരായത് കൊണ്ട് കല്യാണം കഴിഞ്ഞ് കുറച്ച് പ്രൈവസിയില്‍ എവിടെ പോകും എന്ന് ആലോചിച്ചിരുന്നു. അങ്ങനെയാണ് ഇന്നസെന്റ് ചേട്ടന്‍ ലക്ഷദ്വീപിലെ ഒരു ഐലന്‍ഡായ ബങ്കാരം ദ്വീപിനെക്കുറിച്ച് പറയുന്നത്. ലക്ഷദ്വീപില്‍ ഫ്‌ളൈറ്റ് ഇറങ്ങി കഴിഞ്ഞാല്‍ അവിടെ നിന്ന് രണ്ട് മൂന്ന് മണിക്കൂര്‍ മിനി ഷിപ്പ് എടുത്ത് പോയാലാണ് ഈ സ്ഥലത്തേക്ക് എത്തുക.
അവിടെ ചെന്ന് വിട്ടുകഴിഞ്ഞാല്‍ സണ്‍റൈസും സണ്‍സെറ്റും മാത്രമേയുള്ളൂ ഫോണോ, ക്ലോക്കോ മറ്റ് ഒന്നുമില്ല. അറുപതോളം പേരുള്ളതില്‍ ഞങ്ങള്‍ രണ്ട് പേര്‍ മാത്രമാണ് ഇന്ത്യക്കാരായിട്ടുള്ളത്. പിന്നെ ഞങ്ങള്‍ കലക്കിയില്ലേ, തിരിച്ചറിയാന്‍ ആരുമില്ല, പിന്നെ എന്ത് ചുരിദാര്‍, എന്ത് ഡ്രെസ്സ്. ഞാനൊക്കെ വെറും ഇത്രയുമുള്ള ഷോര്‍ട്‌സ് ഇട്ടിട്ടാണ് അതിലെ നടന്നത്.
പക്ഷേ എന്താ പ്രശ്‌നം പറ്റിയതെന്ന് വെച്ചാല്‍ അവിടെയുള്ള 32 ദ്വീപിലും മലയാളികളാണ് താമസിക്കുന്നത്. ജയറാമും പാര്‍വ്വതിയും വന്നിട്ടുണ്ടെന്ന് പറഞ്ഞ് ഒരുപാട് പേര്‍ തോണിയെല്ലാം തുഴഞ്ഞ് വന്നു. ഒരു ദിവസം കതക് തുറന്നപ്പോള്‍ ജയറാമേട്ടാ എന്ന് വിളിച്ചുകൊണ്ട് കുറെ പേരെയാണ് കണ്ടത്. അന്ന് കതകടച്ച് അകത്ത് കയറിയതാണ് പിന്നെ പോകാന്‍ നേരമാണ് ഇറങ്ങിയത്,’ ജയറാം തമാശയോടെ പറയുന്നു.
ജയറാമും മകന്‍ കാളിദാസും. Photo: screen grab/ pearle Maaney/ youtube.com
കൊച്ചു കൊച്ചു സന്തോഷങ്ങള്‍, എന്റെ വീട് അപ്പൂന്റെയും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം 23 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ജയറാമും കാളിദാസും ആശകള്‍ ആയിരത്തില്‍ ഒന്നിച്ചെത്തുന്നത്. കഴിഞ്ഞയാഴ്ച തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.
Content Highlight: Jayaram talks about his honeymoon trip to Lakshadweep with parvathy