മലയാളികളുടെ പ്രിയതാരമായ ജയറാം തന്റെ സിനിമാജീവിതത്തിന്റെ തുടക്കകാല അനുഭവങ്ങൾ പങ്കുവെച്ച് വീണ്ടും ശ്രദ്ധ നേടുകയാണ്. മിമിക്രി വേദികളിൽ നിന്ന് സിനിമയിലേക്കെത്തി മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച താരം, തന്റെ ആദ്യ ശമ്പളത്തെയും ആദ്യമായി സ്വന്തമായി വാങ്ങിയ വാഹനത്തെയും കുറിച്ചാണ് ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുന്നത്. ജയറാമിന്റെ ഈ വാക്കുകൾ സോഷ്യൽ മീഡിയയിലും സിനിമാപ്രേമികൾക്കിടയിലും വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.
1988ൽ പുറത്തിറങ്ങിയ അപരൻ എന്ന പത്മരാജൻ ചിത്രത്തിലൂടെയാണ് ജയറാം സിനിമയിലെത്തിയത്. പിന്നീട് കുടുംബപ്രേക്ഷകരുടെ ഇഷ്ടനായകനായി മാറിയ താരം, ഹാസ്യവും വികാരവും ഒരുപോലെ കൈകാര്യം ചെയ്യുന്ന അഭിനയം കൊണ്ടാണ് ശ്രദ്ധിക്കപ്പെട്ടത്.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും താരം സജീവ സാന്നിധ്യമാണ്. അടുത്തിടെ അങ്ങ് വൈകുണ്ഠപുരത്ത്, പൊന്നിയിൻ സെൽവൻ, ഗെയിം ചെയ്ഞ്ചർ തുടങ്ങിയ ചിത്രങ്ങളിലൂടെ അന്യഭാഷാ പ്രേക്ഷകരുടെയും ശ്രദ്ധ നേടിയിരുന്നു.
തന്റെ ആദ്യകാല ജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോൾ മിമിക്രി ട്രൂപ്പിലുണ്ടായിരുന്ന കാലത്തെ അനുഭവങ്ങളാണ് ജയറാം പങ്കുവെച്ചത്. ‘എന്റെ ആദ്യ ശമ്പളം 100 രൂപയായിരുന്നു. മിമിക്രി ട്രൂപ്പിൽ ഉണ്ടായിരുന്ന സമയത്താണ് ആ ശമ്പളം കിട്ടിയത്. അതിന് പുറമെ 10 രൂപ വണ്ടിക്കൂലിയായും തരുമായിരുന്നു,’ എന്നാണ് താരം പറഞ്ഞത്. ചെറിയ തുകയായിരുന്നെങ്കിലും അതിന് വലിയ വിലയുണ്ടായിരുന്നുവെന്നും ആ കാലഘട്ടം ഇന്നും മറക്കാനാകാത്ത ഓർമ്മയാണെന്നും ജയറാം സൂചിപ്പിച്ചു.
സിനിമയിൽ വലിയ ഉയരങ്ങളിലെത്തിയിട്ടും ബാല്യകാല സുഹൃത്തുക്കളുമായുള്ള ബന്ധം ഇന്നും അതേപടി തുടരുന്നുണ്ടെന്നും ജയറാം വ്യക്തമാക്കി. കുട്ടിക്കാലത്ത് ലഭിച്ച സൗഹൃദങ്ങളാണ് ജീവിതത്തിൽ ഏറ്റവും സത്യസന്ധമായ ബന്ധങ്ങളായി തുടരുന്നതെന്നും താരം കൂട്ടിച്ചേർത്തു.
Content Highlight: Jayaram talks about his first salary