| Saturday, 23rd May 2026, 9:03 am

എന്റെ മാതൃഭാഷ തമിഴാണ്, അമ്മ കുംഭകോണത്ത് നിന്നും അച്ഛന്‍ പാലക്കാട് നിന്നുമാണ്: ജയറാം

അശ്വിന്‍ രാജേന്ദ്രന്‍

മിമിക്രിയിലൂടെ അഭിനയരരംഗത്തേക്ക് കടന്നുവന്ന് 1988ല്‍ പത്മരാജന്‍ സംവിധാനം ചെയ്ത അപരന്‍ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടനാണ് ജയറാം. തൊണ്ണൂറുകളുടെ അവസാനത്തില്‍ പുറത്തിറങ്ങിയ ജനപ്രിയ ചിത്രങ്ങളിലൂടെ മലയാളത്തിലെ മുന്‍ നിര സൂപ്പര്‍ താരങ്ങളുടെ കൂട്ടത്തിലേക്ക് രംഗപ്രേവേശം ചെയ്ത ജയറാം സമീപകാലത്ത് പുറത്തിറങ്ങിയ വമ്പന്‍ അന്യഭാഷ പ്രൊജക്ടുകളുടെയും ഭാഗമായിരുന്നു.

ജയറാം. Photo: Deccan Herald

ജയറാമും മകന്‍ കാളിദാസ് ജയറാമും പ്രധാനവേഷത്തിലെത്തിയ ആശകള്‍ ആയിരമായിരുന്നു താരത്തിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ മലയാള ചിത്രം. ഇപ്പോഴിതാ മലയാളികളുടെ ഇഷ്ടജോഡിയായ ഉര്‍വശിയും ജയറാമും പ്രധാനവേഷത്തിലെത്തുന്ന തമിഴ് ചിത്രം പരിമള ആന്‍ഡ് കോയ്ക്ക് ആയിട്ടുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രവുമായി ബന്ധപ്പെട്ട് തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് തമിഴ്‌നാടുമായുള്ള ബന്ധത്തെ കുറിച്ച് ജയറാം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. താങ്കള്‍ ബേസിക്കലി മലയാളി ആണോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.

‘ബേസിക്കലി മലയാളി ആണോ എന്ന് ചോദിച്ചാല്‍ എന്റെ മാതൃഭാഷ തമിഴാണ്. അമ്മയുടെ സ്ഥലം കുംഭകോണമാണ്. അപ്പയുടെ സ്ഥലം പാലക്കാടാണ്. അന്ന് പാലക്കാടും തമിഴ്‌നാടിന്റെ ഭാഗമായിരുന്നു. പക്ഷേ ഞാന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം കേരളത്തിലായിരുന്നു. കൊച്ചിയിലാണ് ജനിച്ചതും വളര്‍ന്നതും പഠിച്ചതുമെല്ലാം. വീട്ടില്‍ അമ്മയ്‌ക്കൊപ്പമെല്ലാം സംസാരിക്കുന്നത് തമിഴാണ്. രണ്ട് ഭാഷയും കംഫര്‍ട്ടബിളാണ്.

പരിമള ആന്‍ഡ് കോ. Photo: District

കേരളത്തില്‍ തിരുവനന്തപുരത്തും കൊച്ചിഭാഗത്തും മലയാളം സംസാരിക്കുന്ന രീതിയില്‍ വ്യത്യാസമുണ്ട്. തിരുവന്തപുരം ഭാഗത്ത് കുറച്ച് കൂടെ ലെങ്ങ്തിയായിട്ടാണ് സംസാരിക്കുക. എന്നാല്‍ തൃശ്ശൂര്‍, എറണാകുളം, പാലക്കാട് ഭാഗങ്ങളില്‍ ഇത് വ്യത്യസ്തമാണ്. പറയുന്ന ടോണില്‍ മാത്രമാണ് വ്യത്യാസം വരുന്നത്,’ജയറാം പറഞ്ഞു.

തലൈവന്‍ തലൈവി എന്ന സൂപ്പര്‍ഹിറ്റിന് ശേഷം പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പരിമള ആന്‍ഡ് കോ. ജയറാമും ഉര്‍വശിയും തമ്മിലുള്ള കോമ്പോ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. സഞ്ജന നടരാജന്‍, യോഗി ബാബു, മിഷ്‌കിന്‍ തുടങ്ങിയവര്‍ അണിനിരക്കുന്ന ചിത്രം മെയ് 28ന് തിയേറ്ററുകളിലെത്തും.

Content Highlight: Jayaram talks about his connection with Malayalam and Tamil languages

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more