| Friday, 6th February 2026, 10:21 am

വീട്ടില്‍ വെള്ളമടിച്ച് ഒരുമിച്ചാണോ വരാറെന്ന് ചോദിച്ചു, ഒന്നിച്ചല്ല വേറെ വേറെ സമയത്താണ് വരാറെന്ന് ജയറാം; ആശകള്‍ ആയിരം തിയേറ്ററുകളില്‍

അശ്വിന്‍ രാജേന്ദ്രന്‍

മലയാളികളുടെ എക്കാലത്തെയും ഫേവറിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ട നടനാണ് ജയറാം. പത്മരാജന്‍ ചിത്രം അപരനിലൂടെ അരങ്ങേറ്റം കുറിച്ച് മലയാളത്തിലെ മുന്‍നിര നായകനടന്മാരിലൊരാളായ താരം എണ്ണിയാലൊടുങ്ങാത്ത കഥാപാത്രങ്ങളാണ് സിനിമാ പ്രേമികള്‍ക്ക് സമ്മാനിച്ചത്. ജയറാമിന്റെ മകനായ കാളിദാസ് ജയറാമുമായി അച്ഛന്‍-മകന്‍ കോമ്പിനേഷനിലെത്തിയ കൊച്ചു കൊച്ചു സന്തോഷങ്ങള്‍, എന്റെ വീട് അപ്പുവിന്റെയും തുടങ്ങിയ ചിത്രങ്ങള്‍ ഇന്നും റിപ്പീറ്റ് വാല്യൂവുള്ള സിനിമകളാണ്.

ആശകള്‍ ആയിരം. Photo: RFT FILMS

വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിച്ചെത്തുന്ന ആശകള്‍ ആയിരമാണ് ജയറാമിന്റെതായി പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രം. കാളിദാസിന്റെയും ജയറാമിന്റയും കഥാപാത്രങ്ങള്‍ മദ്യപിച്ചെത്തുന്ന രംഗങ്ങള്‍ ഉള്‍പ്പെട്ട ചിത്രത്തിന്റെ ടീസറിന് വലിയ സ്വീകരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. ഇന്ന്(വെള്ളി) തിയേറ്ററുകളിലെത്തുന്ന ചിത്രവുമായി ബന്ധപ്പെട്ട് ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ കാളിദാസിനൊപ്പം വീണ്ടും സിനിമ ചെയ്യാനുണ്ടായ സാഹചര്യത്തെക്കുറിച്ചും ചിത്രത്തിന്റെ വിശേഷങ്ങളെക്കുറിച്ചും ജയറാം പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്.

താനും കാളിദാസും ഒന്നിച്ചഭിനയിക്കാന്‍ വേണ്ടി ഒരുപാട് പേര്‍ ഇതിന് മുമ്പ് കഥയുമായി വന്നിരുന്നു എന്നും കഥകള്‍ ഇഷ്ടപ്പെടാത്തതു കൊണ്ട് കാളിദാസ് തന്നെ പലതും ഒഴിവാക്കി വിടുകയായിരുന്നുവെന്നും ജയറാം പറയുന്നു. സത്യന്‍ അന്തിക്കാടും ശ്രീനിവാസനും, രഘുനാഥ് പാലേരിയും എഴുതിയ ചിത്രങ്ങള്‍ പോലെ ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹവുമായി ജൂഡ് ആന്തണി ജോസ് എത്തിയപ്പോഴാണ് ആശകള്‍ ആയിരത്തിലേക്ക് എത്തിയത്.

ആശകള്‍ ആയിരത്തെ കുറിച്ച് അവകാശവാദങ്ങള്‍ ഉന്നയിക്കുന്നില്ലെന്നും തന്റെ പഴയ ചിത്രങ്ങള്‍ പോലെ തന്നെ ഒരു കുടുംബത്തിനുള്ളില്‍ നടക്കുന്ന ചെറിയ ചിത്രമാണിതെന്നും താരം പറയുന്നു. ചിത്രത്തിന്റെ ടീസര്‍ കണ്ട് ഒരുപാട് പേര്‍ ഇതുപോലെ ഒരുമിച്ച് മദ്യപിച്ചാണോ വീട്ടില്‍ ചെല്ലാറുള്ളതെന്ന് ചോദിച്ചെന്നും മദ്യപിച്ച് ഒരുമിച്ചല്ല വേറെ വേറെ സമയത്താണ് വീട്ടില്‍ ചെല്ലാറുള്ളതെന്നുമാണ് തമാശയോടെ മറുപടി നല്‍കിയതെന്നും താരം പറയുന്നു.

ആശകള്‍ ആയിരം. Photo: rftfilms

ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം കാളിദാസും ജയറാമും ഒന്നിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജി. പ്രജിത്ത് ആണ്. നിവന്‍ പോളിയുടെ ഹിറ്റ് ചിത്രമായ ഒരു വടക്കന്‍ സെല്‍ഫിയുടെ സംവിധായകനാണ് പ്രജിത്ത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്തണിയും ചേര്‍ന്നാണ്. ജൂഡ് തന്നെയാണ് ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടറും. ആശാ ശരത്, ഷറഫുദ്ദീന്‍, രമേശേ് പിശാരടി, കുഞ്ചന്‍, ഇഷാനി കൃഷ്ണ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു.

Content Highlight: Jayaram talks about his combination with Kalidas Jayaram in his new film Aashakal aayiram

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more