1988ല്‍ പുറത്തിറങ്ങിയ പത്മരാജന്‍ ചിത്രം അപരനിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച അഭിനേതാവാണ് ജയറാം. തൊണ്ണൂറുകളില്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം സൃഷ്ടിച്ചെടുത്ത താരം തമിഴ് തെലുങ്ക് തുടങ്ങി അന്യഭാഷ ചിത്രങ്ങളിലും സജീവ സാന്നിധ്യമാണ്. പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട അങ് വൈകുണ്ഠപുരത്ത്, കാന്താര ചാപ്റ്റര്‍ 2, ഗെയിം ചെയിഞ്ചര്‍, പൊന്നിയന്‍ സെല്‍വന്‍ തുടങ്ങിയ ചിത്രങ്ങളിലെല്ലാം താരം പ്രധാനവേഷങ്ങളിലെത്തിയിരുന്നു.
തമിഴിലെ ലെജന്‍ഡറി സംവിധായകന്‍ മണിരത്‌നം രണ്ട് ഭാഗങ്ങളിലായി അണിയിച്ചൊരുക്കിയ ചിത്രമായിരുന്നു പൊന്നിയന്‍ സെല്‍വന്‍. മണിരത്‌നത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുക്കിയ ചിത്രത്തില്‍ വിക്രം, കാര്‍ത്തി, ജയംരവി, ഐശ്വര്യ റായി, തുടങ്ങി വമ്പന്‍ താരനിരയായിരുന്നു അണിനിരന്നത്. ചിത്രത്തില്‍ ആല്‍വാര്‍ക്കടിയന്‍ നമ്പി എന്ന കഥാപാത്രത്തെയായിരുന്നു ജയറാം അവതരിപ്പിച്ചത്. ചിത്രത്തിനായി ശരീരഭാരം വര്‍ധിപ്പിച്ച് ലുക്കില്‍ മാറ്റം വരുത്തിയായിരുന്നു താരം ചിത്രത്തില്‍ വേഷമിട്ടത്.
പൊന്നിയന്‍ സെല്‍വന്‍. Photo: X.com
ചിത്രത്തിന് വേണ്ടി നടത്തിയ തയ്യാറെടുപ്പുകളെ കുറിച്ച് ജയറാം പറഞ്ഞ രസകരമായ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. താരത്തിന്റെ സ്വതസിദ്ധമായ ശൈലിയിലാണ് മണിരത്‌നത്തെ കുറിച്ചും ചിത്രത്തിലെ വിശേഷങ്ങളെ കുറിച്ചും ജയറാം പങ്കുവെച്ചത്.
‘തായ്‌ലാന്‍ഡില്‍ ഷൂട്ട് നടക്കുമ്പോള്‍ ജയം രവി, കാര്‍ത്തി, കിഷോര്‍ തുടങ്ങിയവരെല്ലാവരും തൊട്ടടുത്ത റൂമുകളിലായിരുന്നു. ഇവരെല്ലാവരും ആ സമയത്ത് കഠിനമായ ട്രെയ്‌നിങ് നടത്തുമായിരുന്നു കാരണം ആ കഥാപാത്രങ്ങള്‍ക്ക് നല്ല ബോഡി വേണം. എല്ലാവരും വൈകീട്ടാവുമ്പോള്‍ ജിമ്മിലായിരിക്കും. അവര്‍ക്ക് വേണ്ടി പ്രത്യേകം പ്രോട്ടീന്‍ പൗഡറെല്ലാം എത്തിച്ച് നല്‍കിയിരുന്നു.
എന്നാല്‍ എന്റെ റൂമിന്റെ അടുത്ത് നിന്ന് മാത്രം വൈകുന്നേരമായാല്‍ കിലും കിലും എന്നൊരു ശബ്ദം കേള്‍ക്കും. എനിക്ക് വേണ്ടി മണി സാര്‍ കൊടുത്തുവിടുന്ന ചാങ് എന്ന് പേരുള്ള ബിയറാണത്. എനിക്ക് വയര്‍ വെക്കാന്‍ വേണ്ടിയാണ് അത്രയും ബിയറെല്ലാം കൊടുത്തുവിടുന്നത്. അത് കുടിച്ച് പിറ്റേന്ന് എന്റ മുഖമൊന്നും കാണാന്‍ പറ്റില്ല. അവരെല്ലാവരും നന്നായി കഷ്ടപ്പെടുമ്പോള്‍ ബിയര്‍ പൊട്ടിച്ച് കുടിക്കുകയായിരുന്നു എന്റെ ജോലി.
പൊന്നിയന്‍ സെല്‍വന്‍. Photo: X.com
വയറ് വരാന്‍ എളുപ്പമായിരുന്നു എന്നാല്‍ അത് പോകാനാണ് ഏററവും കൂടുതല്‍ ബുദ്ധിമുട്ടിയത്. ഏകദേശം ഒരു വര്‍ഷം കഷ്ടപ്പെട്ടിട്ടാണ് പഴയ രൂപത്തിലേക്ക് മാറിയത്,’ ജയറാം പറഞ്ഞു.
Content Highlight: Jayaram talks about his character in Ponniyan selvan movie