| Sunday, 25th January 2026, 10:50 am

'എൻ്റെ വീട് അപ്പുവിന്റെയും’ രണ്ടാം പകുതി ഞാൻ കണ്ടിട്ടില്ല; അത്തരം സിനിമകൾ കാണാൻ ബുദ്ധിമുട്ടാണ്: ജയറാം

നന്ദന എം.സി

മലയാള സിനിമയിൽ അച്ഛൻ–മകൻ ബന്ധത്തെ ഏറ്റവും ഹൃദയസ്പർശിയായി അവതരിപ്പിച്ച ചിത്രങ്ങളിലൊന്നാണ് എൻ്റെ വീട് അപ്പുവിന്റെയും. ആ സിനിമയ്ക്ക് ശേഷം 22 വർഷങ്ങൾക്കിപ്പുറം ജയറാമും കാളിദാസ് ജയറാമും വീണ്ടും അച്ഛനും മകനുമായെത്തുന്ന ചിത്രം ‘ആശകൾ ആയിര’മാണിപ്പോൾ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്നത്.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും കൃഷ്ണമൂർത്തിയും ചേർന്ന് നിർമിക്കുന്ന ചിത്രം, ഒരു വടക്കൻ സെൽഫിയിലൂടെ ശ്രദ്ധേയനായ ജി. പ്രജിത്താണ് സംവിധാനം ചെയ്യുന്നത്. ജയറാമും കാളിദാസും അച്ഛനും മകനുമായാണ് ചിത്രത്തിലെത്തുന്നത്.

ആശകൾ ആയിരം, Photo: IMDb

ഈ അവസരത്തിൽ എൻ്റെ വീട് അപ്പുവിന്റെയും എന്ന ചിത്രത്തെക്കുറിച്ച് ജയറാം പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധേയമാകുന്നത്.

‘ ഞാൻ ഇതിനുമുമ്പ് ഇതെവിടെയും പറഞ്ഞിട്ടില്ല. എൻ്റെ വീട് അപ്പുവിൻ്റെയും സിനിമയുടെ രണ്ടാം പകുതി ഞാൻ കണ്ടിട്ടില്ല. സിബി മലയിലിൻ്റെ തന്നെ ‘ആകാശദൂത്’ എനി ക്കു കണ്ടിരിക്കാൻ പറ്റില്ല. മദ്രാസിൽ ‘എന്റെ വീട് അപ്പുവിന്റെയും’ പോസ്‌റ്റ് പ്രൊഡക്ഷൻ നടക്കുന്ന സമയത്ത് രണ്ടാം പകുതി ആയപ്പോഴേക്കു ഞാൻ ഇറങ്ങി പോയി, അതു കണ്ണൻ അഭിനയിച്ചതുകൊണ്ടു മാത്രമല്ല. എനിക്കത്തരം സിനിമകൾ കാണാൻ ബുദ്ധിമുട്ടാണ്,’ ജയറാം പറഞ്ഞു.

എൻ്റെ വീട് അപ്പുവിന്റെയും, Photo: IMDb

എൻ്റെ വീട് അപ്പുവിന്റെയും ചിത്രത്തിൽ കാളിദാസ് തന്നെ അഭിനയിക്കണമെന്ന് സംവിധായകൻ സിബി മലയിൽ നിർബന്ധിച്ചതായും താരം പറഞ്ഞു.

കൂടാതെ കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രവും യാദൃശ്ചികമായി സംഭവിച്ചതാണെന്നും, അതിൽ അഭിനയിക്കേണ്ട കുട്ടിക്ക് അസുഖം വന്നതിനെ തുടർന്ന് പകരം ആളെ കണ്ടെത്താനാകാതെ കാളിദാസ് ആ വേഷം ചെയ്യുകയായിരുന്നുവെന്നും ജയറാം കൂട്ടിച്ചേർത്തു.

‘ആശകൾ ആയിരം’ ചിത്രത്തിൽ ജയറാമിനും കാളിദാസിനുമൊപ്പം ആശാ ശരത്, ഷറഫുദ്ദീൻ, ഇഷാനി കൃഷ്ണ, ആനന്ദ് മന്മഥൻ, അഖിൽ എൻ.ആർ.ഡി, രമേഷ് പിഷാരടി, ദിലീപ് മേനോൻ, കുഞ്ചൻ, ഷാജു ശ്രീധർ, റാഫി, സുരേഷ് കുമാർ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

Content Highlight: Jayaram talk about the movie Ente Veedu Appuvinteyum

 
നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more