| Sunday, 31st May 2026, 12:42 pm

കമൽ സാറിനൊപ്പം അഭിനയിക്കുമ്പോൾ എന്റെ ഡയലോ​ഗ് മറന്നു പോകും, കുട്ടിക്കാലം മുതലേ ഇവരെയൊക്കെ സ്ക്രീനിൽ കാണുന്നതല്ലേ: ജയറാം

നന്ദന എം.സി

മലയാള സിനിമയിലെ കുടുംബപ്രേക്ഷകരുടെ പ്രിയതാരങ്ങളിലൊരാളാണ് ജയറാം. സംവിധായകൻ പദ്മരാജൻ കൈപിടിച്ചുകൊണ്ടുവന്ന ജയറാം, വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുക്കുകയായിരുന്നു.

ഫീൽ ഗുഡ് സിനിമകളിലൂടെയും ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെയും സ്വന്തം ഇടം കണ്ടെത്തിയ താരം, മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്.

വർഷങ്ങൾക്ക് ശേഷം തമിഴിൽ വീണ്ടും നായകവേഷത്തിൽ എത്തുന്ന ജയറാമിന്റെ പുതിയ ചിത്രം പരിമള ആൻഡ് കോ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രസ് മീറ്റിൽ സംസാരിക്കവെയാണ് ഇന്ത്യൻ സിനിമയിലെ ഇതിഹാസ താരങ്ങളായ കമൽ ഹാസൻ, തിലകൻ എന്നിവർക്കൊപ്പമുള്ള അഭിനയാനുഭവങ്ങൾ ജയറാം പങ്കുവെച്ചത്.

കമൽ ഹാസനൊപ്പം നിരവധി സിനിമകളിൽ അഭിനയിക്കാൻ അവസരം ലഭിച്ചിട്ടുണ്ടെന്നും, അദ്ദേഹത്തിന്റെ അഭിനയ മികവ് നേരിൽ കാണുമ്പോൾ പലപ്പോഴും സ്വന്തം ഡയലോഗുകൾ പോലും മറന്നുപോയിട്ടുണ്ടെന്നും ജയറാം പറഞ്ഞു.

‘കമൽ സാറിനൊപ്പം ഞാൻ ഒരുപാട് സിനിമകൾ ചെയ്തിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം അഭിനയിക്കുമ്പോൾ പല ഷോട്ടുകളിലും എന്റെ ഡയലോഗ് മറന്നുപോയിട്ടുണ്ട്. കുട്ടിക്കാലം മുതൽ നമ്മൾ സ്ക്രീനിൽ കണ്ടുവളർന്ന ഒരാളല്ലേ അദ്ദേഹം. അപ്പോൾ അദ്ദേഹത്തെ നോക്കിയിരുന്ന് അതിശയിച്ചുപോകും. ചിലപ്പോൾ അഭിനയിക്കുകയാണെന്ന കാര്യം പോലും മറന്നുപോകുന്ന നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്,’ ജയറാം പറഞ്ഞു.

മലയാള സിനിമയിലെ അഭിനയ പ്രതിഭയായ തിലകനൊപ്പമുള്ള അനുഭവവും താരം ഓർമിച്ചു. വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിൽ തിലകനൊപ്പം അഭിനയിക്കുമ്പോഴും സമാനമായ അവസ്ഥയായിരുന്നു ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.

‘തിലകൻ ചേട്ടനൊപ്പം അഭിനയിക്കുമ്പോൾ പലപ്പോഴും എന്റെ ഡയലോഗ് മറന്നുപോകുമായിരുന്നു. ചേട്ടാ, സോറി, ഒരു പ്രാവശ്യം കൂടി എടുക്കാം എന്ന് പറയേണ്ടി വന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ മുഖവും പ്രകടനവും നോക്കിയിരിക്കുമ്പോൾ ഞാൻ പറയേണ്ട ഡയലോഗ് തന്നെ മറന്നുപോകും. അത്രയും ബ്രില്യന്റായ കലാകാരന്മാരാണ് അവർ,’ ജയറാം വ്യക്തമാക്കി.

ഇന്ത്യൻ സിനിമയിലെ ഇതിഹാസ താരങ്ങൾക്കൊപ്പമുള്ള പ്രവർത്തനാനുഭവം തന്റെ കരിയറിലെ ഏറ്റവും വലിയ ഭാഗ്യങ്ങളിലൊന്നാണെന്നും താരം കൂട്ടിച്ചേർത്തു. ‘അവരുടെയൊക്കെ കൂടെ അഭിനയിക്കാൻ കഴിഞ്ഞതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷങ്ങളിൽ ഒന്ന്. ഓരോ അനുഭവവും ഇന്നും ഞാൻ ആസ്വദിക്കാറുണ്ട്,’ അദ്ദേഹം പറഞ്ഞു.

അതേസമയം, ജയറാമിനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന പരിമള ആൻഡ് കോ ജൂൺ 5-ന് ആഗോള റിലീസായി തിയേറ്ററുകളിലെത്തും. സംവിധായകൻ പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ചിത്രം നിർമിച്ചിരിക്കുന്നത് ജി.കെ.എം തമിഴ് കുമാരനും പാണ്ഡിരാജും ചേർന്നാണ്. കേരളത്തിലെ വിതരണാവകാശം ഏറ്റെടുത്തിരിക്കുന്നത് ശ്രീ ഗോകുലം മൂവീസ് ആണ്. തമിഴിൽ വീണ്ടും നായകനായി എത്തുന്ന ജയറാമിന്റെ ചിത്രത്തിനായി ആരാധകരും സിനിമാപ്രേമികളും വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

Content Highlight: Jayaram talk about Kamal haasn

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more