പദ്മരാജന്‍ മലയാളികള്‍ക്ക് സമ്മാനിച്ച നടനാണ് ജയറാം. മമ്മൂട്ടിയും മോഹന്‍ലാലും സൂപ്പര്‍താരങ്ങളായി തിളങ്ങി നില്‍ക്കുന്ന സമയത്ത് ഫീല്‍ ഗുഡ് സിനിമകളുമായി ജയറാം കളംനിറഞ്ഞു. 2010ന് ശേഷം തുടര്‍പരാജയങ്ങള്‍ നേരിട്ട ജയറാം മലയാളത്തില്‍ നിന്ന് ഇടവേളയെടുത്തിരുന്നു. അന്യഭാഷകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്ത താരം ഇപ്പോള്‍ തിരിച്ചുവരവിന്റെ പാതയിലാണ്.
പാണ്ഡിരാജ് സംവിധാനം ചെയ്ത പരിമള ആന്‍ഡ് കോയിലൂടെ തമിഴില്‍ വീണ്ടും നായകവേഷത്തിലെത്തിയിരിക്കുകയാണ് താരം. കോമഡി എന്റര്‍ടൈനറായൊരുങ്ങിയ ചിത്രം മികച്ച പ്രതികരണമാണ് സ്വന്തമാക്കുന്നത്. ഉര്‍വശിയാണ് ചിത്രത്തിലെ നായിക. വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് പരിമള ആന്‍ഡ് കോ.
കരിയറില്‍ തങ്ങള്‍ ഒന്നിച്ച് നിരവധി സിനിമകള്‍ ചെയ്തിട്ടുണ്ടെന്നും ഓരോ സിനിമയും മികച്ച അനുഭവമായിരുന്നെന്നും പറയുകയാണ് ജയറാം. വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിച്ചത് സന്തോഷം നല്‍കിയെന്ന് അദ്ദേഹം പറഞ്ഞു. 40 വര്‍ഷമായിട്ടുള്ള സൗഹൃദമാണ് ഉര്‍വശിയുമായി ഉള്ളതെന്ന് ജയറാം കൂട്ടിച്ചേര്‍ത്തു. ട്രൂലി റാമിനോട് സംസാരിക്കുകയായിരുന്നു താരം.
’38-40 വര്‍ഷത്തോളമായി ഞങ്ങള്‍ സുഹൃത്തുക്കളായിട്ട്. ഞങ്ങള്‍ രണ്ടുപേരും ആദ്യമായി ഒന്നിച്ചത് പൊന്മുട്ടയിടുന്ന താറാവിലൂടെയായിരുന്നു. ആ സിനിമയുടെ സെറ്റില്‍ ഏറ്റവുമൊടുവില്‍ ജോയിന്‍ ചെയ്തത് ഞാനാണ്. അതുവരെ ഉര്‍വശി എന്ന പേര് കേട്ടിട്ടുണ്ടെന്നല്ലാതെ നേരിട്ട് കണ്ടിട്ടില്ല. ഒരുപാട് ആര്‍ട്ടിസ്റ്റുകളുള്ള സിനിമയായിരുന്നു അത്.
സെറ്റിലെത്തിയപ്പോള്‍ ഞാന്‍ ഉര്‍വശിയെ അന്വേഷിച്ചു. ഷൂട്ടിന്റെ ഇടക്ക് ബ്രേക്ക് കിട്ടിയപ്പോള്‍ ഉര്‍വശി ഉറങ്ങാനൊരു സ്ഥലം അന്വേഷിക്കുകയായിരുന്നു. എവിടെയും സ്ഥലം കിട്ടാത്തപ്പോള്‍ ഒരു കട്ടിലിന്റെ അടിയില്‍ കിടന്നു. ഞാന്‍ അവിടെ ചെന്ന് വിളിച്ചപ്പോള്‍ കട്ടിലിനടിയില്‍ നിന്ന് തല പുറത്തേക്കിട്ട് നോക്കി. ഞങ്ങള്‍ രണ്ടും ആദ്യമായി കണ്ടത് അങ്ങനെയായിരുന്നു,’ ജയറാം പറയുന്നു.
തലൈവന്‍ തലൈവി എന്ന സൂപ്പര്‍ഹിറ്റിന് ശേഷം പാണ്ഡിരാജ് അണിയിച്ചൊരുക്കിയ ചിത്രമാണ് പരിമള ആന്‍ഡ് കോ. ഉര്‍വശിക്കും ജയറാമിനും പുറമെ യോഗി ബാബു, മിഷ്‌കിന്‍, സാന്‍ഡി, സിങ്കം പുലി, സഞ്ജന നടരാജ്, അനന്തിക തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ ട്രെയ്‌ലറിന് വന്‍ വരവേല്പായിരുന്നു ലഭിച്ചത്.
Content Highlight: Jayaram shares the memories of first meeting with Urvashi
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ