| Thursday, 5th February 2026, 9:46 pm

അല്ലു അര്‍ജുന്റ മുഖത്ത് ഡയലോഗ് ഒട്ടിച്ചാണ് ആ സീന്‍ എടുത്തത്; തെലുങ്ക് എളുപ്പമല്ല: ജയറാം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് പ്രിയങ്കരനായ നടനാണ് ജയറാം. 1988 ല്‍ പുറത്തിറങ്ങിയ പത്മരാജന്‍ ചിത്രം അപരനിലൂടെ കരിയര്‍ ആരംഭിച്ച ജയറാം കഴിഞ്ഞ നാല് പതിറ്റാണ്ടോളമായി മലയാള സിനിമയിലും മറ്റ് സൗത്ത് ഇന്ത്യന്‍ ചിത്രങ്ങളിലും സ്ഥിരസാന്നിധ്യമാണ്.

കന്നഡ തെലുങ്ക്, തമിഴ് തുടങ്ങിയ ഭാഷകളില്‍ ജയറാം അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ ക്ലബ് എഫ്.എമ്മുമായുള്ള അഭിമുഖത്തില്‍ തെലുങ്ക് ഭാഷ തനിക്ക് കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടായിരുന്നുവെന്ന് ജയറാം പറയുന്നു. അല്ലു അര്‍ജുനൊപ്പം ചെയ്ത അല വൈകുണ്ഠപുരമ്‌ലൂ സിനിമയുടെ ഓര്‍മകളും അദ്ദേഹം പങ്കുവെച്ചു.

‘ഡയലോഗുകള്‍ കാണാതെ പഠിച്ച് ഒരുപാട് തെലുങ്ക് സിനിമകള്‍ ചെയ്തിരുന്നു. ഭാഗുമതി എന്നൊരു തെലുങ്ക് സിനിമ ചെയ്തപ്പോള്‍ ഒരുവിധം അഡ്ജസ്റ്റ് ചെയ്ത് പറഞ്ഞു. അല്ലു അര്‍ജുന്റെ കൂടെ അല വൈകുണ്ഡപുരം ചെയ്തപ്പോള്‍ ചില ഡയലോഗുകളൊന്നും ഓര്‍ക്കാന്‍ കഴിയില്ലായിരുന്നു. എത്ര പഠിച്ചാലും തലയില്‍ കേറില്ല.

എനിക്ക് പറയാന്‍ പറ്റുന്നില്ലെന്ന് ഞാന്‍ പിന്നെ അല്ലുവിനോട് തന്നെ പറഞ്ഞു. എന്നിട്ടും എനിക്ക് ഡയലോഗ് തെറ്റി പോകുകയായിരുന്നു. ഏറ്റവുമൊടുവില്‍ ആ പാവത്തിന്റെ നെറ്റിയിലും നെഞ്ചിലുമൊക്കെ എഴുതി ഒട്ടിച്ചിട്ടാണ് ഞാന്‍ ആ ഡയലോഗ് പറഞ്ഞത്. എനിക്ക് ഒറ്റ വാക്ക് കിട്ടിയാല്‍ മതിയായിരുന്നു പക്ഷേ ആ വാക്ക് തലയില്‍ കേറുന്നില്ല. അപ്പോള്‍ ഞാന്‍ ഒട്ടിച്ചോട്ടെയന്ന് അല്ലുവിനോട് ചോദിച്ചു,’ ജയറാം പറയുന്നു.

ഭസ്മം പോലെ അല്ലുവിന്റെ നെറ്റിയില്‍ ഒട്ടിച്ചാണ് പിന്നീട് താന്‍ ആ ഡയലോഗ് പറഞ്ഞതെന്നും അനങ്ങിയാല്‍ അത് കാണുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോളറില്‍ പിടിച്ചുകൊണ്ട് പറയുന്ന ഒരു ഡയലോഗായിരുന്നു അതെന്നും നടന്‍ പറഞ്ഞു. അടുത്ത് ദിവസം അല്ലു അര്‍ജുന്‍ ഒരു പേപ്പര്‍ മുഖത്ത് ഒട്ടിച്ച് വന്നുവെന്നും എന്ത് വേണമെങ്കിലും എഴുതിക്കോളൂവെന്ന് തന്നോട് പറഞ്ഞുവെന്നും ജയറാം കൂട്ടിച്ചേര്‍ത്തു.

ത്രിവിക്രം ശ്രീനിവാസ് രചനയും സംവിധാനവും നിര്‍വഹിച്ച് 2020ല്‍ പുറത്തിറങ്ങിയ ചിത്രമാണ് അല വൈകുണ്ഠപുരമുലൂ. ചിത്രത്തില്‍ അല്ലു അര്‍ജുന്‍, പൂജ ഹെഗ്ഡെ, തബു, സുശാന്ത്, നിവേധ പെതുരാജ്, മുരളി ശര്‍മ്മ, സച്ചിന്‍ ഖേദേക്കര്‍, സമുദ്രക്കനി, നവദീപ്, തുടങ്ങിയവര്‍ പ്രധാനവേഷങ്ങളിലെത്തിയിരുന്നു.

അതേസമയം ജയറാമും കാളിദാസ് ജയറാമും പ്രധാനവേഷങ്ങളിലെത്തുന്ന ആശകള്‍ ആയിരം (നാളെ)ഫെബ്രുവരി ആറിന് തിയേറ്ററുകളിലെത്തും. ഒരു വടക്കന്‍ സെല്‍ഫി, സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആശ ശരത്ത്, ഇഷാനി കൃഷ്ണ, ഷറഫുദ്ദീന്‍ തുടങ്ങിയവര്‍ പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.

Content Highlight: Jayaram shares his experience working with Allu Arju in a film

We use cookies to give you the best possible experience. Learn more