മലയാളി കുടുംബപ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരമാണ് ജയറാം. മികച്ച അഭിനയശൈലി കൊണ്ടും അതിലുപരി മിമിക്രിയിലൂടെയുള്ള അനുകരണപാടവം കൊണ്ടുമാണ് താരം പ്രേക്ഷകഹൃദയങ്ങളിൽ ഇടംനേടിയത്. സ്വന്തം ജീവിതത്തിലെ സന്തോഷവും സങ്കടവും നിറഞ്ഞ നിമിഷങ്ങൾ വേദികളിൽ രസകരമായി അവതരിപ്പിച്ച് കാണികളെ കയ്യിലെടുക്കുക എന്നത് അദ്ദേഹത്തിൻ്റെ രീതിയാണ്.
ഇപ്പോൾ ജയറാം തന്റെ മകൻ കാളിദാസിന് ദേശീയ പുരസ്കാരം ലഭിച്ച ചടങ്ങിൽ നടന്ന രസകരമായ ഒരു സംഭവം പങ്കുവെക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. സിബി മലയിൽ സംവിധാനം ചെയ്ത്
2003 ൽ പുറത്തിറങ്ങിയ’എന്റെ വീട് അപ്പുവിന്റെയും’ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിനായിരുന്നു കാളിദാസിന് അന്ന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് ലഭിച്ചത്.
കാളിദാസ് ജയറാം.Photo:The Times of India
അന്നത്തെ രാഷ്ട്രപതിയായിരുന്ന ഡോ. എ.പി.ജെ അബ്ദുൽകലാം, വലുതാകുമ്പോൾ ആരാകണം എന്ന് ചോദിച്ചപ്പോൾ എനിക്ക് അസ്ട്രോണമി പഠിക്കണം, സ്പേസിൽ പോകണം എന്ന് കാളിദാസ് പറഞ്ഞതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. ജയറാമിന്റെ ഏറ്റവും പുതിയ ചിത്രമായ ‘പരിമള ആൻഡ് കോ’ യുടെ പ്രമോഷൻ വേദിയിൽ സംസാരിക്കുകയായിരുന്നു ജയറാം.
‘അവൻ നാഷണൽ അവാർഡ് വാങ്ങാൻ പോയപ്പോഴത്തെ കഥയാണിത്. അവാർഡ് ദാന ചടങ്ങിന് തലേദിവസം അവിടെ കൃത്യമായി റിഹേഴ്സൽ ഒക്കെ ഉണ്ടായിരുന്നു; സ്റ്റേജിലേക്ക് എങ്ങനെ വരണം, എങ്ങനെ പ്രസിഡന്റിന്റെ കയ്യിൽ നിന്ന് അവാർഡ് വാങ്ങണം എന്നൊക്കെ അധികൃതർ കാളിദാസിന് വ്യക്തമായി പറഞ്ഞു കൊടുത്തിരുന്നു.
കാളിദാസ് ജയറാം.Photo:ManoramaNews
അടുത്ത ദിവസം അവാർഡ് വാങ്ങാൻ പോയപ്പോൾ, ഫോട്ടോയിൽ കാണുന്നതുപോലെ ഇതുവരെയില്ലാത്ത ഒരു കോട്ടൊക്കെ ധരിച്ചാണ് അവൻ നിന്നത്. എന്നാൽ ആ കോട്ടിനുള്ളിൽ അവൻ ആരുമറിയാതെ ഒരു കുസൃതി ഒപ്പുവെച്ചിട്ടുണ്ടായിരുന്നു. ആരോടോ ചോദിച്ച് സംഘടിപ്പിച്ച ഒരു ചെറിയ ഓട്ടോഗ്രാഫ് ബുക്കും പേനയും അവൻ ആ കോട്ടിനുള്ളിൽ ഒളിപ്പിച്ചു വെച്ചു. കോട്ടിന്റെ രണ്ട് ബട്ടണുകളും തുറന്നാൽ മാത്രമേ അത് പുറത്തെടുക്കാൻ പറ്റൂ. അതൊക്കെ ഉള്ളിൽ കൃത്യമായി സെറ്റ് ചെയ്‌തിട്ടാണ് കക്ഷി സ്റ്റേജിലേക്ക് കയറിയത്.
സ്റ്റേജിലെത്തി രാഷ്ട്രപതിയുടെ കയ്യിൽ നിന്നും സർട്ടിഫിക്കറ്റ് വാങ്ങിയ ഉടൻ അവൻ ചെയ്തത് എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന ഒന്നായിരുന്നു. തോക്കുമേന്തി തൊട്ടടുത്ത് നിന്നിരുന്ന ആ ഏഴടി പൊക്കമുള്ള സുരക്ഷാ ഉദ്യോഗസ്ഥന്റെ അടുത്ത് ചെന്നിട്ട് കാളിദാസ് പറഞ്ഞു: ‘ഒരു നിമിഷം ചേട്ടാ, ഇതൊന്ന് അങ്ങോട്ട് പിടിച്ചേ!’ എന്ന്!
കാളിദാസ് ജയറാം.Photo:TamilNews
തൊട്ടടുത്ത് ഗണ്ണുമായി നിൽക്കുന്ന ആ ഓഫീസറെക്കൊണ്ട് തന്റെ അവാർഡ് സർട്ടിഫിക്കറ്റ് പിടിപ്പിച്ചിട്ട്, അവൻ കോട്ടിന്റെ ബട്ടണുകളൊക്കെ തുറന്ന് ഈ ഓട്ടോഗ്രാഫ് ബുക്ക് പുറത്തെടുത്തു. ഇത് കണ്ട് ഡോ. എ.പി.ജെ. അബ്ദുൾ കലാം സർ അത്ഭുതത്തോടെ നോക്കുകയാണ്. അപ്പോൾ അവൻ പറഞ്ഞു: ‘സർ വൺ സെക്കൻഡ്, വൺ സെക്കൻഡ്… ഒരു ഓട്ടോഗ്രാഫ്!’ ആ കൊച്ചു മിടുക്കന്റെ കുസൃതി കണ്ടതും കലാം സർ ചിരിക്കാൻ തുടങ്ങി.
പിന്നീട് ഏതാണ്ട് മൂന്ന് മിനിറ്റോളം അവർ അവിടെനിന്ന് സംസാരിച്ചു. ‘നിനക്ക് ഭാവിയിൽ ആരാകണം?’ എന്ന് കലാം സർ ചോദിച്ചപ്പോൾ, അവൻ ചുമ്മാ അങ്ങ് തട്ടിവിട്ടു; ‘എനിക്ക് അസ്ട്രോണമി പഠിക്കണം, സ്പേസിൽ പോകണം’ എന്ന്. ശരിക്കും അതവന്റെ വലിയ ആഗ്രഹമൊന്നുമല്ലായിരുന്നു, അന്ന് അവിടെവെച്ച് ചുമ്മാ പറഞ്ഞതാണ്. എങ്കിലും കലാം സാർ ഒപ്പിട്ടു നൽകിയ ആ ഓട്ടോഗ്രാഫ് ഇപ്പോഴും ഞങ്ങളുടെ വീട്ടിലുണ്ട്. അതൊരു വലിയ അച്ചീവ്‌മെന്റ് തന്നെയാണ്!’ ജയറാം പറഞ്ഞു.
Content Highlight: Jayaram Shares a Funny Memory of Kalidas with Dr. A.P.J. Abdul Kalam